ad
Deshabhimani

തത്സമയ റിപ്പോർട്ടിങ്ങിനിടെ വൈറ്റ് ഹൗസിൽ വെടിയൊച്ച; ഭയന്നോടി മാധ്യമപ്രവർത്തകർ, വീഡിയോ

white house

വെടിവെപ്പുണ്ടായ സ്ഥലത്തെ ദൃശ്യങ്ങൾ

വെബ് ഡെസ്ക്

Published on May 24, 2026, 11:35 AM | 1 min read

വാഷിങ്ടൺ : അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന്റെ നോർത്ത് ലോണിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ വെടിവെപ്പിന്റെയും, തത്സമയ റിപ്പോർട്ടിങ്ങിനിടെ ഭയന്നോടുന്ന മാധ്യമപ്രവർത്തകരുടെയും ദൃശ്യങ്ങൾ പുറത്ത്.


വെടിയൊച്ച ഉയർന്ന ഉടൻ തന്നെ യുഎസ് സീക്രട്ട് സർവീസ് ഇടപെടുകയും, മാധ്യമപ്രവർത്തകരോട് പ്രസ് ബ്രീഫിങ് റൂമിലേക്ക് മാറാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ ആയുധധാരികളായ സുരക്ഷാസേന വൈറ്റ് ഹൗസ് പരിസരം വളയുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വെടിവെപ്പ് നടക്കുമ്പോൾ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിലെ ഓഫീസിലുണ്ടായിരുന്നു.





"നോർത്ത് ലോണിൽ വീഡിയോ റെക്കോർഡ് ചെയ്യുന്നതിനിടെയാണ് ഡസൻകണക്കിന് വെടിയുണ്ടകൾ പായുന്ന ശബ്ദം കേട്ടത്. ഉടൻ തന്നെ റിപ്പോർട്ടിങ് അവസാനിപ്പിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ നിർദേശം ലഭിക്കുകയായിരുന്നു"- സംഭവത്തെക്കുറിച്ച് സ്ഥലത്തുണ്ടായിരുന്ന ഒരു ന്യൂസ് റിപ്പോർട്ടർ എക്സിൽ കുറിച്ചു.


വൈറ്റ് ഹൗസിന് സമീപമുള്ള സീക്രട്ട് സർവീസ് ചെക്ക്പോയിന്റിലാണ് ആക്രമണമുണ്ടായത്. മേരിലാൻഡ് സ്വദേശി നാസിർ ബെസ്റ്റ് (21) ആണ് വെടിയുതിർത്തത്. ബാഗിൽ സൂക്ഷിച്ചിരുന്ന തോക്കടുത്ത് ഇയാൾ സെക്യൂരിറ്റി ചെക്ക്പോയിന്റിന് നേരെ വെടിയുതിർക്കുകയായിരുന്നു. സുരക്ഷാസേന തിരിച്ചു വെടിവെച്ചതിനെ തുടർന്ന് പരിക്കേറ്റ നാസിർ ബെസ്റ്റ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരണപ്പെട്ടു.





നാസിർ ബെസ്റ്റിന് കടുത്ത മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. വൈറ്റ് ഹൗസ് പരിസരത്ത് സ്ഥിരമായി അലഞ്ഞുതിരിഞ്ഞിരുന്ന ഇയാൾക്ക്, അവിടെ പ്രവേശിക്കുന്നതിന് കോടതി വിലക്കേർപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം വൈറ്റ് ഹൗസിലെ നിയന്ത്രിത മേഖലയായ കൺട്രോൾ പോസ്റ്റ് മറികടന്ന് അകത്തുകയറിയതിന് ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിരുന്നു. അന്ന് താൻ "യേശുക്രിസ്തുവിന്റെ ആധുനിക കാലത്തെ അവതാരമാണ്" എന്നായിരുന്നു ഇയാൾ പോലീസിനോട് പറഞ്ഞിരുന്നത്.


അക്രമിയുടെ ലക്ഷ്യം എന്തായിരുന്നു എന്നത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ലഭ്യമായിട്ടില്ല. സംഭവത്തെക്കുറിച്ച് യുഎസ് സുരക്ഷാ ഏജൻസികൾ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വൈറ്റ് ഹൗസ് പരിസരത്ത് നിലവിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home