ക്രെഡിറ്റ് കാർഡ് തട്ടിപ്പിന് ഇരയായി ഹോളിവുഡ് നടൻ; ജോണി ഡെപ്പിന് നഷ്ടപ്പെട്ടത് ഏഴുകോടി രൂപ

ജോണി ഡെപ്പ് (Photo: Instagram)
ബുഡാപെസ്റ്റ്: ക്രെഡിറ്റ് കാർഡിന് തട്ടിപ്പിന് ഇരയായ ഹോളിവുഡ് നടൻ ജോണി ഡെപ്പിന് നഷ്ടപ്പെട്ടത് 6,90,000 ഡോളർ (ഏഴ് കോടി രൂപ). രണ്ട് വർഷത്തോളം തട്ടിപ്പ് ആരുടെയും ശ്രദ്ധയിൽപ്പെടാതെ തുടരുകയായിരുന്നുവെന്നാണ് വിവരം. 2024 ജനുവരി മുതൽ 2025 ഡിസംബർ വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. സംഭവത്തിൽ 27കാരനെ ഹംഗേറിയൻ സായുധ പൊലീസ് അറസ്റ്റ് ചെയ്തു.
ഈ വർഷം ആദ്യം എഫ്ബിഐയുടെ ബുഡാപെസ്റ്റ് ഓഫീസിലേക്ക് ക്രമരഹിതമായ ചില പണം പിൻവലിക്കലുകളെക്കുറിച്ച് യുഎസ് ബാങ്ക് സൂചന നൽകി. ഇതാണ് വലിയൊരു തട്ടിപ്പ് പുറത്ത് വരാൻ സഹായിച്ചത്. ഡെപ്പിന്റെ ക്രെഡിറ്റ് കാർഡിലൂടെ 308 അനധികൃത ഇടപാടുകൾ നടന്നതായി അന്വേഷണ കണ്ടെത്തി. ഏകദേശം 5,36,534 പൗണ്ട് മൂല്യമുള്ള ഇടപാടുകൾ പ്രധാനമായും ഓൺലൈൻ പർച്ചേസുകൾക്കും ഹോട്ടലിൽ മുറിയെടുക്കുന്നതിനുമായാണ് ഉപയോഗിച്ചിരിക്കുന്നത്.
അന്വേഷണത്തിനൊടുവിൽ ബുഡാപെസ്റ്റിലെ അങ്ക്യൽഫോൾഡ് ഏരിയയിലുള്ള ഒരു വാടക അപ്പാർട്ട്മെന്റിലേക്കാണ് പണമിടപാടുകൾ എത്തുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് മെയ് 6-ന് അപ്പാർട്ട്മെന്റിന് പുറത്തുവെച്ച് 27 കാരനെ പൊലീസ് പിടികൂടുകയായിരുന്നു.
ഡെപ്പിന്റെ ക്രെഡിറ്റ് കാർഡിനുള്ള ഉയർന്ന പരിധി മുതലെടുത്തായിരുന്നു തട്ടിപ്പ്. ബാങ്കിന്റെ സുരക്ഷാ സംവിധാനങ്ങളുടെ കണ്ണിൽപ്പെടാതിരിക്കാൻ ചെറിയ തുകകളുള്ള നിരവധി ഇടപാടുകളാണ് ഇയാൾ നടത്തിയത്. ഹംഗേറിയൻ ഫോൺ നമ്പർ, ഐപി അഡ്രസ്സുകൾ, ഇമെയിൽ അക്കൗണ്ടുകൾ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. പ്രതിക്ക് ജോണി ഡെപ്പിന്റെ വിവരങ്ങൾ എങ്ങനെ ലഭിച്ചു എന്ന കാര്യത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണ്.










0 comments