പന്ത്രണ്ട് വയസ്സിൽ താഴെയുള്ള കുട്ടിയുടെ ദയാവധം നടപ്പാക്കി നെതർലൻഡ്സ്; 2024 ലെ നിയമഭേദഗതിക്ക് ശേഷം ആദ്യം

പ്രതീകാത്മക ചിത്രം | image: news.com
ആംസ്റ്റർഡാം: നിയമഭേദഗതി വരുത്തി രണ്ട് വർഷത്തിന് ശേഷം പന്ത്രണ്ട് വയസ്സിൽ താഴെയുള്ള കുട്ടിയുടെ ദയാവധം നടപ്പാക്കി നെതർലൻഡ്സ്. 2024ലാണ് ഒന്ന് മുതൽ പന്ത്രണ്ട് വയസുവരെയുള്ള കുട്ടികളുടെ ദയാവധം ഡച്ച് സർക്കാർ നിയമവിധേയമാക്കിയത്.
ഗുരുതരമായ രോഗം ബാധിച്ച് അസഹനീയമായ വേദനയിൽ കഴിഞ്ഞിരുന്ന കുട്ടിയുടെ മരണം ആരോഗ്യമന്ത്രി സോഫി ഹർമൻസ് പാർലമെന്റിൽ സ്ഥിരീകരിച്ചു. ദയാവധം, ഗർഭഛിദ്രം തുടങ്ങിയ കേസുകൾ പരിശോധിക്കുന്ന സ്വതന്ത്ര സമിതിയുടെ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുന്നതിനിടെയാണ് ഇക്കാര്യം അറിയിച്ചത്.
രക്ഷപ്പെടാൻ ഒരു മാർഗവുമില്ലാതെ ചികിത്സയിൽ കഴിയുന്ന കുട്ടികൾക്ക് അന്തസോടെ മരിക്കാൻ അർഹതയുണ്ടെന്ന വാദത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നിയമഭേദഗതി. കാൻസർ, ഹൃദയസംബന്ധമായ അസുഖങ്ങൾ, മാനസിക വൈകല്യങ്ങൾ തുടങ്ങിയ അസുഖങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക് ഇത് ബാധകമാണ്. അതേസമയം, ജീവിതം മടുത്തു എന്ന കാരണത്താൽ ഒരാൾക്ക് ദയാവധത്തിന് അനുമതി നൽകാൻ കഴിയില്ലെന്നും ഡച്ച് സർക്കാർ വ്യക്തമാക്കിയിരുന്നു.
12 വയസ്സിൽ താഴെയുള്ള കുട്ടികളുടെ കാര്യത്തിൽ മാതാപിതാക്കളുടെ സമ്മതം നിർബന്ധമാണ്. കഠിനമായ രോഗപീഡകൾ അനുഭവിക്കുന്ന ഏതാണ്ട് അഞ്ച് മുതൽ പത്ത് വരെ കുട്ടികൾക്ക് മാത്രമേ ഈ നിയമം ബാധകമാകൂ എന്ന് നിയമം ഭേദമാക്കുന്ന സമയത്ത് മന്ത്രിമാർ നിർദേശിച്ചിരുന്നു. ഒരു വയസിൽ താഴെയുള്ള കുഞ്ഞുങ്ങൾക്കും 12 വയസ്സിന് മുകളിലുള്ള കുട്ടികൾക്കും ദയാവധം നേരത്തെ തന്നെ നിയമവിധേയമായിരുന്നു. എന്നാൽ ഈ രണ്ട് പ്രായപരിധികൾക്കിടയിലുള്ള കുട്ടികൾക്ക് പാലിയേറ്റീവ് സെഡേഷൻ വഴിയോ സ്വാഭാവികമായോ മാത്രമേ മരണം അനുവദിച്ചിരുന്നുള്ളൂ.










0 comments