ഇനി ഇന്റർനെറ്റ് ബാങ്കിംഗും; കേരള ബാങ്കിന് ആർബിഐയുടെ അംഗീകാരം

തിരുവനന്തപുരം : കേരള ബാങ്കിന് ഇന്റർനെറ്റ് സേവനങ്ങൾ നടപ്പാക്കുന്നതിനുള്ള റിസർവ് ബാങ്ക് അനുമതി ലഭിച്ചു. ഇനി ഉപഭോക്താക്കൾക്ക് ബാങ്ക് സന്ദർശിക്കാതെ തന്നെ ഓൺലൈനിലൂടെ ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാകും. വ്യക്തിഗത ഉപഭോക്താക്കൾക്കും പ്രാഥമിക കാർഷിക വായ്പ സംഘങ്ങൾക്കും ഇതര സ്ഥാപനങ്ങൾക്കും കേരള ബാങ്ക് വഴി ഇന്റർനെറ്റ് ബാങ്കിംഗ് സൗകര്യം ലഭിക്കും. അംഗങ്ങളായ സംഘങ്ങൾക്ക് കേരള ബാങ്കിലുള്ള അക്കൗണ്ടിലൂടെ ആർടിജിഎസ്, എൻഇഎഫ്ടി ഉൾപ്പടെയുള്ള ഇന്റർനെറ്റ് ബാങ്കിംഗ് സേവനങ്ങൾ നടത്താൻ സാധിക്കും.
2019ൽ കേരള ബാങ്ക് രൂപീകരിച്ച് ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ കോർ ബാങ്കിംഗ് സംവിധാനം അവതരിപ്പിച്ചിരുന്നു. യുപിഐ ഉൾപ്പടെയുള്ള ദൈനംദിന ബാങ്കിംഗ് സേവനങ്ങൾക്കായി കെബി പ്രൈം, കെബി പ്രൈം പ്ലസ് എന്നീ മൊബൈൽ ബാങ്കിംഗ് ആപ്പുകളും നിലവിലുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം 9.8 കോടി ഇടപാടുകളിലൂടെ 16,041.25 കോടി രൂപയാണ് യുപിഐ വഴി വിനിമയം നടത്തിയത്. കേരള ബാങ്കിന് നിലവിൽ 1,28,967 കോടി രൂപയുടെ വിപണി മൂല്യമുണ്ട്.










0 comments