ad
Deshabhimani

അയോധ്യ സംഭാവന തട്ടിപ്പ്: ലക്ഷക്കണക്കിന് രൂപയുടെ വെള്ളി കാണാതായ സംഭവം; ഭക്തരുടെ മൊഴിയെടുക്കാൻ എസ്‌ഐടി

Ayodhya.jpg
വെബ് ഡെസ്ക്

Published on Jun 24, 2026, 06:53 PM | 1 min read

അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലേക്ക് ഭക്തർ നൽകിയ കോടിക്കണക്കിന് രൂപയുടെ സംഭാവനകളിൽ തട്ടിപ്പ് നടന്നെന്ന പരാതിയിൽ പ്രത്യേക അന്വേഷണ സംഘം നടപടികൾ വേഗത്തിലാക്കുന്നു. ക്ഷേത്രത്തിലേക്ക് വൻതോതിൽ സ്വർണ്ണവും വെള്ളിയും പണവും സംഭാവന നൽകിയ പ്രമുഖരുടെ മൊഴി എസ്‌ഐടി ഉടൻ രേഖപ്പെടുത്തും.


ഏഴ് കോടിയോളം രൂപയുടെ സംഭാവനകൾ മോഷണം പോയതായാണ് വിവരം. ക്ഷേത്രത്തിലെ മുൻ ജീവനക്കാരനായ മഹിപാൽ സിങ്, ഭണ്ഡാര ചുമതലയുള്ളവർ സംഘം ചേർന്ന് കൊള്ള നടത്തുകയാണെന്ന് ആരോപിച്ച് വീഡിയോ പുറത്തുവിട്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.


ക്ഷേത്രത്തിലേക്ക് നൽകിയ 60 കിലോയോളം വെള്ളിക്കട്ടികൾ കാണാതായെന്ന പരാതിയിൽ ഇന്ത്യൻ ബുള്യൻ ആന്റ് ജൂവലേഴ്‌സ് അസോസിയേഷൻ നോർത്ത് ഇന്ത്യ തലവൻ അനുരാഗ് രസ്‌തോഗിയുടെ മൊഴിയാണ് എസ്‌ഐടി ആദ്യം രേഖപ്പെടുത്തുക.


2020 ഓഗസ്റ്റിലെ ഭൂമി പൂജയ്ക്ക് മുന്നോടിയായി അസോസിയേഷൻ സമർപ്പിച്ച 39.26 കിലോ വെള്ളിയും കുടുംബവകയായി നൽകിയ 3 കിലോയുടെ വെള്ളിവിളക്കും ഭൂമി പൂജയിലോ പ്രാൺ പ്രതിഷ്ഠാ ചടങ്ങിലോ കണ്ടിരുന്നില്ലെന്ന് ഇദ്ദേഹം വെളിപ്പെടുത്തിയിരുന്നു.


മുംബൈ സ്വദേശിയായ പ്രമുഖ വ്യവസായി അനിൽ വിശ്വകർമ്മയുടെ മൊഴിയും എസ്‌ഐടി രേഖപ്പെടുത്തും. 2025-ൽ ക്ഷേത്രത്തിലേക്ക് മൂന്ന് കിലോ തൂക്കമുള്ള വെള്ളി മാലയും വെള്ളി പാദുകങ്ങളും വഴിപാടായി സമർപ്പിച്ചെങ്കിലും ഇദ്ദേഹത്തിന് ട്രസ്റ്റ് ഭാരവാഹികൾ രസീത് നൽകിയിരുന്നില്ല.


രാമക്ഷേത്ര നിർമ്മാണ ഫണ്ടിലെയും സംഭാവനകളിലെയും വൻ അഴിമതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു. അഭിഭാഷകരായ അജയ് കുമാർ റായ്, ദിനേശ് കുമാർ യാദവ് എന്നിവരാണ് ഹർജി നൽകിയത്. വിഷയത്തിൽ സുപ്രീംകോടതി അടിയന്തരമായി ഇടപെട്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിടണമെന്നാണ് ഹർജിയിലെ ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home