ad
Deshabhimani

സേവനത്തോടൊപ്പം പഠനവും; സർക്കാർ ഡോക്ടർമാർക്ക് നീറ്റ്-എസ്എസ് കട്ട്-ഓഫിൽ ഇളവ് നൽകണമെന്ന് സുപ്രീംകോടതി

Supreme Court of India
വെബ് ഡെസ്ക്

Published on Jun 24, 2026, 08:01 PM | 1 min read

ന്യൂഡൽഹി: ജനങ്ങളെ സേവിക്കുന്നതിനൊപ്പം പഠനം കൂടി തുടരുന്ന സർക്കാർ ഡോക്ടർമാരുടെ അവസ്ഥ പരിഗണിച്ച്, നീറ്റ്-എസ്എസ് (NEET-SS) പ്രവേശന പരീക്ഷയിൽ അവർക്ക് കട്ട്-ഓഫ് അഥവാ യോഗ്യതാ ശതമാനം കുറച്ചു നൽകണമെന്ന് സുപ്രീംകോടതി.


ജസ്റ്റിസുമാരായ ബിവി നാഗരത്ന, ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഇത്തരമൊരു സുപ്രധാന നിരീക്ഷണം നടത്തിയത്. സർക്കാർ ഡോക്ടർമാർ നേടുന്ന അധിക യോഗ്യതകൾ അവരുടെ വ്യക്തിപരമായ ലാഭത്തിനല്ല, മറിച്ച് പൊതുജനാരോഗ്യ സംവിധാനത്തിന്റെ ഉന്നമനത്തിനാണ് ഉപകരിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.


സർക്കാർ ഡോക്ടർമാർക്ക് സൂപ്പർ സ്പെഷ്യാലിറ്റി കോഴ്സുകളിലേക്കുള്ള പ്രവേശനം കൂടുതൽ എളുപ്പമാക്കേണ്ടതുണ്ട്. വീട്ടിലിരുന്ന് പഠിക്കാൻ സൗകര്യമുള്ളവരല്ല അവർ; ജോലി ചെയ്തുകൊണ്ട് പഠിക്കുന്നവരാണ്. പൊതുജനാരോഗ്യ സംവിധാനത്തിന്റെ അവിഭാജ്യ ഘടകമാണ് ഈ ഡോക്ടർമാർ.


അങ്ങനെയുള്ളവർക്ക് കട്ട്-ഓഫ് ശതമാനം കുറച്ചു നൽകേണ്ടത് അത്യാവശ്യമാണെന്ന് കോടതി പറഞ്ഞു. തമിഴ്നാട് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഈ നിരീക്ഷണം.


തമിഴ്നാട്ടിൽ സർക്കാർ ഡോക്ടർമാർക്കായി നീക്കിവെച്ചിരുന്ന 152 സൂപ്പർ സ്പെഷ്യാലിറ്റി സീറ്റുകൾ 'ഓൾ ഇന്ത്യ ക്വാട്ട'യിലേക്ക് മാറ്റിയ നടപടിയെ ചോദ്യം ചെയ്തായിരുന്നു ഹർജി. തമിഴ്നാട്ടിൽ മാത്രം സർക്കാർ ഡോക്ടർമാർക്കായി നീക്കിവെച്ച 219 സീറ്റുകളിൽ 152 എണ്ണവും ഒഴിഞ്ഞുകിടക്കുകയാണ്.


കട്ട്-ഓഫ് ശതമാനം കുറയ്ക്കുകയാണെങ്കിൽ, നിലവിൽ വെയിറ്റിംഗ് ലിസ്റ്റിലുള്ള 111-ഓളം ഡോക്ടർമാർക്ക് പ്രവേശനം ലഭിക്കാൻ സാധ്യതയുണ്ടെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തുടനീളം 1,800-ഓളം സൂപ്പർ സ്പെഷ്യാലിറ്റി സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ, സർക്കാർ ഡോക്ടർമാർക്ക് പ്രവേശനം നിഷേധിക്കുന്നത് പൊതുജനാരോഗ്യത്തിന് തിരിച്ചടിയാണെന്നും കോടതി വിലയിരുത്തി.


സർക്കാർ ഡോക്ടർമാർ വിരമിക്കുന്നത് വരെ പൊതുസേവനത്തിൽ തുടരാൻ ബാധ്യസ്ഥരാണെന്നും, ഉൾപ്രദേശങ്ങളിൽ വരെ രാപ്പകൽ ജോലി ചെയ്യുന്ന അവർക്ക് ഈ ആനുകൂല്യം ലഭിക്കാൻ അർഹതയുണ്ടെന്നും അസോസിയേഷന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വാദിച്ചു.


വിഷയത്തിൽ കേന്ദ്ര സർക്കാർ, നാഷണൽ മെഡിക്കൽ കൗൺസിൽ, മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റി തുടങ്ങിയവരോട് കോടതി വിശദീകരണം തേടിയിട്ടുണ്ട്. ജൂലൈ 15-ന് ഹർജി വീണ്ടും പരിഗണിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home