നീരവ് മോദിക്ക് വീണ്ടും തിരിച്ചടി; ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 11.5 മില്യൺ ഡോളർ നൽകാൻ ലണ്ടൻ കോടതിയുടെ ഉത്തരവ്

ലണ്ടൻ: വജ്രവ്യാപാരിയും സാമ്പത്തിക തട്ടിപ്പ് കേസ് പ്രതിയുമായ നീരവ് മോദിക്ക് ലണ്ടൻ ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് കുടിശ്ശികയിനത്തിൽ 11.5 മില്യൺ യുഎസ് ഡോളറിലധികം (ഏകദേശം 96 കോടിയിലധികം രൂപ) നീരവ് മോദി നൽകാൻ ബാധ്യസ്ഥനാണെന്ന് ലണ്ടൻ ഹൈക്കോടതി വിധിച്ചു.
വ്യക്തിഗത വായ്പാ ഗ്യാരണ്ടിയും അതിന്റെ പലിശയും ഉൾപ്പെടെയുള്ള തുകയാണിത്. തന്റെ ഉടമസ്ഥതയിലോ പങ്കാളിത്തത്തിലോ ദുബായ് കേന്ദ്രമായി പ്രവർത്തിച്ചിരുന്ന 'ഫയർസ്റ്റാർ ഡയമണ്ട് എഫ്ഇസഡ്ഇ' എന്ന കമ്പനിയെടുത്ത വായ്പയുടെ വ്യക്തിഗത ഗ്യാരണ്ടി നിയമപരമായി നിലനിൽക്കില്ലെന്ന നീരവ് മോദിയുടെ വാദം കോടതി തള്ളി.
പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 2 ബില്യൺ ഡോളർ (ഏകദേശം 14,000 കോടി രൂപ) തട്ടിയെടുക്കുകയും കള്ളപ്പണം വെളുപ്പിക്കുകയും ചെയ്ത കേസിൽ ഇന്ത്യയിലേക്ക് നാടുകടത്തുന്നത് തടയാൻ ലണ്ടനിലെ ജയിലിൽ കിടന്ന് നിയമപോരാട്ടം നടത്തുന്നതിനിടയിലാണ് നീരവിന് പുതിയ തിരിച്ചടി നേരിട്ടിരിക്കുന്നത്.
ബാങ്ക് ഓഫ് ഇന്ത്യ നൽകിയ സിവിൽ സ്യൂട്ടിലാണ് ലണ്ടൻ ഹൈക്കോടതിയുടെ ഈ നിർണ്ണായക ഉത്തരവ്. ഇതോടെ വായ്പാ തട്ടിപ്പ് കേസിൽ നീരവ് മോദിയിൽ നിന്ന് തുക ഈടാക്കാനുള്ള ഇന്ത്യൻ ബാങ്കുകളുടെ നീക്കങ്ങൾക്ക് ലണ്ടനിൽ കൂടുതൽ നിയമസാധുത ലഭിച്ചിരിക്കുകയാണ്.








0 comments