ad
Deshabhimani

മുംബൈ ലോക്കൽ ട്രെയിൻ കൊലപാതകം; പ്രതിക്ക് വധശിക്ഷ നൽകണമെന്ന് കുടുംബം

mumbai murder
വെബ് ഡെസ്ക്

Published on Jun 24, 2026, 07:37 PM | 2 min read

മുംബൈ: മുംബൈ ലോക്കൽ ട്രെയിനിലെ ഒന്നാം ക്ലാസ് കമ്പാർട്ടുമെന്റിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് കുടുംബം. 21 വയസ്സുകാരനായ മയങ്ക് ലോഹാർ ആണ് കൊല്ലപ്പെട്ടത്. തന്റെ മകൻ ആരുമായും വഴക്കിടുന്ന സ്വഭാവക്കാരനല്ലെന്ന് മയങ്കിന്റെ അമ്മ മാധ്യമങ്ങളോട് കണ്ണീരോടെ പറഞ്ഞു.


“എന്റെ കുട്ടി ഇതുവരെ ഒന്നും കഴിച്ചിട്ടില്ല, അവന് വിശക്കുന്നുണ്ടാകും. അവനെ കൊന്നവനെ കഠിനമായി ശിക്ഷിക്കണം. എന്റെ മകൻ ആരുമായും വഴക്കിന് പോകുന്നവനല്ല. അനാവശ്യമായി വീടിന് പുറത്തുപോലും ഇറങ്ങാറില്ല. ഞാൻ ഇനി എന്ത് ചെയ്യും? എങ്ങോട്ട് പോകും?” അമ്മ പറഞ്ഞു.


ചൊവ്വാഴ്ച രാത്രി ചർച്ച്ഗേറ്റ്-നല്ലസോപാര ഫാസ്റ്റ് ലോക്കൽ ട്രെയിനിലാണ് കൊലപാതകം നടന്നത്. ട്രെയിൻ ഗോരേഗാവിനും കാൻഡിവലിക്കും ഇടയിൽ എത്തിയപ്പോഴായിരുന്നു മയങ്കും മറ്റൊരു യാത്രക്കാരനും തമ്മിൽ തർക്കമുണ്ടായത്. കനത്ത മഴയെത്തുടർന്ന് കമ്പാർട്ടുമെന്റിന്റെ വാതിൽ അടയ്ക്കുന്നതിനെച്ചൊല്ലിയായിരുന്നു വാക്കുതർക്കം.


തർക്കത്തിനിടെ പ്രതി തന്റെ ബാഗിൽ നിന്ന് വലിയ കത്തി പുറത്തെടുത്ത് മയങ്കിനെ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. കറുത്ത വസ്ത്രം ധരിച്ച പ്രതി റോഷൻ സുവർണ്ണ കുത്തിയ ശേഷം അവിടെ നിന്ന് നടന്നുപോകുന്ന ദൃശ്യങ്ങൾ ട്രെയിനിലുണ്ടായിരുന്ന മറ്റ് യാത്രക്കാർ മൊബൈലിൽ പകർത്തിയിട്ടുണ്ട്. “അവൻ അയാളെ കൊന്നു, ശരിക്കും കൊന്നുകളഞ്ഞു” എന്ന് യാത്രക്കാർ ഭയത്തോടെ പറയുന്നതും ദൃശ്യങ്ങളിൽ കേൾക്കാം.


സംഭവം മുംബൈ ലോക്കൽ ട്രെയിനുകളിലെ സുരക്ഷയെക്കുറിച്ച് വീണ്ടും വലിയ ചോദ്യങ്ങൾ ഉയർത്തിയിരിക്കുകയാണ്. “ആ സമയത്ത് പൊലീസ് എവിടെയായിരുന്നു? കൂടെയുണ്ടായിരുന്ന മറ്റ് യാത്രക്കാർ എവിടെയായിരുന്നു? എന്റെ അനിയൻ ഒരിക്കലും ട്രെയിന്റെ വാതിലിൽ തൂങ്ങിക്കിടന്ന് യാത്ര ചെയ്യുന്നവനല്ല. അവൻ ആരുമായും വഴക്കിടാറില്ലെന്ന് ഞങ്ങളുടെ ഫ്ലാറ്റിലുള്ള ആരോട് ചോദിച്ചാലും പറയും. അവന് വെറും 21 വയസ്സ് മാത്രമായിരുന്നു. വലിയൊരു ജീവിതം മുന്നിലുണ്ടായിരുന്നു. ഇന്ന് എന്റെ അനിയനാണ് മരിച്ചത്, നാളെ മറ്റൊരാളുടെ അനിയനായിരിക്കും,” മയങ്കിന്റെ മൂത്ത സഹോദരി പറഞ്ഞു.


പ്രതിക്ക് വധശിക്ഷ നൽകണമെന്ന ആവശ്യത്തിൽ കുടുംബം ഉറച്ചുനിൽക്കുകയാണ്. ഇത്തരം മാരകായുധങ്ങളുമായി ട്രെയിനുകളിൽ കയറുന്ന കുറ്റവാളികൾക്ക് ഇത് ഒരു പാഠമാകണമെന്നും, ഒന്നാം ക്ലാസ് കമ്പാർട്ടുമെന്റിലാണ് കൊലപാതകം നടന്നതെന്നതും ഗൗരവമായി കാണണമെന്നും സഹോദരി പറഞ്ഞു.


വെസ്റ്റേൺ റെയിൽവേ പൊലീസിന്റെ റിപ്പോർട്ട് അനുസരിച്ച്, വാതിൽ അടയ്ക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ മറ്റ് യാത്രക്കാർ പ്രതിയെ മർദിച്ചിരുന്നു. ഇതിൽ പ്രകോപിതനായാണ് ഇയാൾ കത്തിയെടുത്ത് മയങ്കിനെ ആക്രമിച്ചതെന്ന് ബോറിവലി റെയിൽവേ പൊലീസ് സീനിയർ ഇൻസ്പെക്ടർ ദത്ത ഖുപ്രേക്കർ പറഞ്ഞു. കുത്തിയ ശേഷം പ്രതി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home