അമേരിക്ക കടന്ന് പോകുന്നത് ഇരുണ്ട കാലഘട്ടത്തിലൂടെയെന്ന് ജോ ബൈഡൻ

വാഷിങ്ടൺ: അമേരിക്ക കടന്ന് പോകുന്നത് ഇരുണ്ട കാലഘട്ടത്തിലൂടെയാണെന്ന് മുൻ പ്രസിഡന്റ് ജോ ബൈഡൻ. പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്വതന്ത്രമായ ആശയ പ്രകാശന അവകാശങ്ങളെയും ഭരണാധികാര പരിധികളെയും വെല്ലുവിളിക്കയാണെന്ന് വിമർശിച്ചു. ഈ സാഹചര്യത്തിൽ അമേരിക്കക്കാരോട് പ്രതീക്ഷയോടെ തുടരാനും നിരാശരാകാതിരിക്കാനും ആഹ്വാനം ചെയ്തു.
“സ്ഥാപിതമായതുമുതൽ അമേരിക്ക ലോകചരിത്രത്തിലെ ഏറ്റവും ശക്തമായ ആശയത്തിന്റേതായ ഒരു ദീപസ്തംഭമായി നിലകൊണ്ടു,” “ആ ആശയം ഏതു സൈന്യത്തേക്കാളും ശക്തമാണ്. നാം ഏതു ഏകാധിപതികളെക്കാളും ശക്തരാണ്.” എന്നുമായിരുന്നു ട്രംപിനെ ഉദ്ദേശിച്ചുള്ള വാക്കുകൾ.
എഡ്വേഡ് എം. കെനഡി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ലൈഫ്‌ടൈം അച്ചീവ്മെന്റ് അവാർഡ് ഏറ്റുവാങ്ങിയതിന് ശേഷം സംസാരിക്കയായിരുന്നു 82-കാരനായ ബൈഡൻ, പ്രോസ്റ്റേറ്റ് കാൻസറിനുള്ള റേഡിയേഷൻ ചികിത്സ പൂർത്തിയാക്കിയതിന് ശേഷം ആദ്യമായാണ് പൊതുവേദിയിൽ എത്തുന്നത്.
“അമേരിക്കയുടെ അടിസ്ഥാനം പരിമിത അധികാരമുള്ള ഒരു പ്രസിഡന്റി, പ്രവർത്തനക്ഷമമായ കോൺഗ്രസ്, സ്വതന്ത്രമായ നീതിന്യായവ്യവസ്ഥ — ഇതെല്ലാമാണ്.” ഇപ്പോൾ ഫെഡറൽ സർക്കാർ ചരിത്രത്തിലെ രണ്ടാമത്തെ ദൈർഘ്യമേറിയ ഷട്ട്ഡൗൺ നേരിടുന്നു. എന്നാൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അതിനെ സർക്കാരിനെ നിയന്ത്രിക്കാനുള്ള മാർഗമായി ഉപയോഗിക്കുകയാണ്.
"ഈ രാജ്യത്തെ അതിന്റെ ഏറ്റവും ഉയർന്ന ആദർശങ്ങളുടെ തലത്തിൽ എത്തിക്കാൻ നിങ്ങളിൽ പലരും പോരാടിയിട്ടുണ്ട്," ബൈഡൻ പറഞ്ഞു. "1960 കളിലെ പ്രക്ഷുബ്ധമായ ദിവസങ്ങൾക്ക് ശേഷം, പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾ ഇത്രയധികം ആക്രമണത്തിനിരയായ സാഹചര്യം ഉണ്ടായിട്ടില്ല. ഒരു രാഷ്ട്രമെന്ന നിലയിൽ നമ്മുടെ നിലനിൽപ്പിന് ഇത്രയധികം പോരാട്ടം അനിവാര്യമായിട്ടില്ല."
“സുഹൃത്തുക്കളേ, ഇതിൽ മധുരം പൂശാനാകില്ല. ഇവ ഇരുണ്ട ദിനങ്ങളാണ് “എങ്കിലും, നാം എപ്പോഴും ചെയ്തതുപോലെ — ശക്തരും ബുദ്ധിമതികളും നീതിക്ക് വേണ്ടി നിലകൊള്ളുന്നവരുമായി നിലനിന്നു കൊണ്ട് വീണ്ടും നമ്മുടെ വഴി കണ്ടെത്തും,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭരണകൂടത്തിന്റെ സമ്മർദ്ദങ്ങളെ എതിർത്ത് നിൽക്കുന്നവരെ ബൈഡൻ അഭിനന്ദിച്ചു. സർക്കാരിൽ നിന്ന് പ്രതിഷേധിച്ച് രാജിവെക്കുന്ന ഉദ്യോഗസ്ഥരെയും, ട്രംപ് ലക്ഷ്യമാക്കിയ സർവകലാശാലകളെയും ഹാസ്യകലാകാരന്മാരെയും അദ്ദേഹം പരാമർശിച്ചു.
“അമേരിക്ക ഒരു കെട്ടുകഥയല്ല,” ബൈഡൻ പറഞ്ഞു. “250 വർഷമായി നാം എപ്പോഴും അപകടത്തിന്റെയും സാധ്യതയുടെയും ഇടയിൽ നീണ്ട പോരാട്ടമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.”“വീണ്ടും ഉയിർത്തെഴുന്നേൽക്കുക,” എന്ന വാക്കുകളോടെയാണ് അദ്ദേഹത്തിന്റെ പ്രസംഗം അവസാനിച്ചത്.
ഡെമോക്രാറ്റിക് നേതാവായ ബൈഡൻ, വൈറ്റ് ഹൗസിൽ ഒരു കാലയളവ് പൂർത്തിയാക്കി ജനുവരിയിലാണ് സ്ഥാനമൊഴിഞ്ഞത്. ട്രംപുമായുള്ള വിവാദപരമായ ടെലിവിഷൻ സംവാദത്തിന് ശേഷം നിശ്ശബ്ദനായി. അദ്ദേഹത്തിന്റെ പ്രായം, ആരോഗ്യം, മാനസികാവസ്ഥ തുടങ്ങിയ ആശങ്കകളെ തുടർന്ന് അടുത്ത തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറി. പകരം വൈസ് പ്രസിഡന്റ് കമല ഹാരിസ് സ്ഥാനാർത്ഥിയായി മത്സരിച്ചുവെങ്കിലും കഴിഞ്ഞ നവംബറിൽ ട്രംപിനോട് പരാജയപ്പെട്ടു.
കഴിഞ്ഞ മേയിൽ ബൈഡന്റെ ഓഫീസ് അദ്ദേഹത്തിന് പ്രോസ്റ്റേറ്റ് കാൻസർ സ്ഥിരീകരിച്ചതായും മാരകാവസ്ഥയിൽ എത്തിയതായും അറിയിച്ചു.










0 comments