ad
Deshabhimani

ചാറ്റ്ജിപിടിയുടെ സഹായത്തോടെ 46,000 അനിമെ അക്കൗണ്ടുകൾ റദ്ദാക്കി; 15 വയസ്സുകാരൻ അറസ്റ്റിൽ

cyber attack
വെബ് ഡെസ്ക്

Published on Jul 08, 2026, 08:31 PM | 2 min read

ടോക്യോ: ചാറ്റ് ജിപിടിയുടെ സഹായത്തോടെ അനിമെ സ്ട്രീമിങ് പ്ലാറ്റ്‌ഫോമിലെ 46,000ലേറെ അക്കൗണ്ടുകൾ റദ്ദാക്കിയ 15 വയസ്സുകാരൻ അറസ്റ്റിൽ. ചാറ്റ് ജിപിടിയുടെ സഹായത്തോടെ സോഫ്റ്റ്‌വെയർ പ്രോഗ്രാം നിർമ്മിച്ചാണ്, ബന്ദായ് നാംകോ ഫിലിംവർക്സിന്റെ 'ബന്ദായ് ചാനൽ' എന്ന ആനിമേഷൻ സ്ട്രീമിങ് പ്ലാറ്റ്‌ഫോമിന് നേരെ സൈബർ ആക്രമണം നടത്തിയത്. ഇതേത്തുടർന്ന് 46,000-ത്തിലധികം ഉപഭോക്താക്കളുടെ അക്കൗണ്ടുകൾ റദ്ദാക്കപ്പെട്ടു.


2025 നവംബറിലാണ് സംഭവം. പ്ലാറ്റ്‌ഫോമിലെ സുരക്ഷാ പിഴവ് കണ്ടെത്തിയ പ്രതി, ഉപഭോക്താക്കളുടെ വിവരങ്ങളിലേക്ക് അനധികൃതമായി പ്രവേശിക്കുകയായിരുന്നു. തുടർന്ന് അക്കൗണ്ടുകൾ റദ്ദാക്കാനുള്ള കമാൻഡുകൾ സർവറിലേക്ക് അയച്ചു. 46,812 അക്കൗണ്ടുകളാണ് ഇത്തരത്തിൽ ഇല്ലാതാക്കിയത്. പിടിക്കപ്പെടാതിരിക്കാൻ മുപ്പതോളം തവണ ഐപി അഡ്രസ് മാറ്റിയാണ് പ്രതി സൈബർ ആക്രമണം തുടർന്നത്. പിൻവലിക്കൽ പ്രക്രിയ വേഗത്തിലാക്കാൻ മറ്റൊരു പ്രോഗ്രാമിങ് ഭാഷയിലേക്ക് മാറ്റുന്നതിനാണ് താൻ ചാറ്റ് ജിപിടിയുടെ സഹായം തേടിയതെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു.


ഇതേത്തുടർന്ന് കമ്പനിയുടെ സേവനങ്ങൾ തടസ്സപ്പെടുകയും ചില സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കേണ്ടി വരികയും ചെയ്തു.


‘അക്കൗണ്ട് പിൻവലിക്കുന്നതിനുള്ള സോഴ്‌സ് കോഡ് ഞാൻ തന്നെയാണ് തയ്യാറാക്കിയത്. പ്രോസസിങ് സമയം കൂടുതലായതിനാൽ ചാറ്റ്ജിപിടിയോട് ചോദിച്ച് മറ്റൊരു പ്രോഗ്രാമിങ് ഭാഷയിൽ പൂർത്തിയാക്കി,’ എന്ന് ചോദ്യം ചെയ്യലിൽ വിദ്യാർഥി പറഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു.


നവംബർ നാലിന് പ്രതി ബന്ദായ് ചാനലിന്റെ സെർവറുകളിലേക്ക് വ്യാജ കമാൻഡുകൾ അയച്ചതായാണ് പൊലീസ് പറയുന്നത്. നവംബർ ആറുമുതൽ സേവനങ്ങളിൽ തടസ്സം അനുഭവപ്പെട്ട കമ്പനി, സിസ്റ്റം അറ്റകുറ്റപ്പണികൾക്ക് ശേഷം ഡിസംബറിലാണ് പൂർണ സേവനം പുനഃസ്ഥാപിച്ചത്. തുടർന്ന് ബന്ദായ് നാംകോ ഫിലിംവർക്ക്സ് പൊലീസിൽ പരാതി നൽകി.


കമ്പനി പ്രവേശനം തടഞ്ഞശേഷവും പ്രതി ഏകദേശം 30 തവണ ഐപി വിലാസം മാറ്റി വീണ്ടും കമാൻഡുകൾ അയച്ചു. ആക്രമണത്തിന് പിന്നിൽ കമ്പനിയോടുള്ള വ്യക്തിപരമായ വൈരാഗ്യമില്ലെന്നും, എളുപ്പത്തിൽ പ്രവേശിക്കാൻ കഴിയുന്ന അക്കൗണ്ടുകളായതിനാലാണ് പ്ലാറ്റ്‌ഫോമിനെ ലക്ഷ്യമിട്ടതെന്നുമാണ് വിദ്യാർഥിയുടെ മൊഴി.


പ്രാഥമിക സ്കൂൾ കാലം മുതൽ തന്നെ കമ്പ്യൂട്ടർ ഉപയോഗിച്ചുതുടങ്ങിയെന്നും പ്രോഗ്രാമിങ് സ്വയം പഠിച്ചതാണെന്നും വിദ്യാർഥി പറഞ്ഞു. മറ്റ് കമ്പ്യൂട്ടർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ഇയാളെ ഈ വർഷം ജൂണിലും അറസ്റ്റ് ചെയ്തിരുന്നതായും പൊലീസ് വ്യക്തമാക്കി.


സംഭവത്തിന് പിന്നാലെ ബാധിതരായ ഉപഭോക്താക്കളെ കമ്പനി വ്യക്തിപരമായി അറിയിച്ചു. ഫിഷിങ്, വ്യാജ ഇമെയിൽ തുടങ്ങിയവയിൽ ജാഗ്രത പാലിക്കാനും നിർദേശിച്ചു. അക്കൗണ്ടുകൾ റദ്ദായ ഉപഭോക്താക്കളോട് വീണ്ടും രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ടതോടൊപ്പം സേവന തടസ്സകാലത്തെ സബ്‌സ്‌ക്രിപ്ഷൻ തുക തിരികെ നൽകുമെന്നും കമ്പനി അറിയിച്ചു.


ചോർന്ന വിവരങ്ങൾ ഓൺലൈനിൽ പ്രസിദ്ധീകരിക്കപ്പെട്ടതായോ ദുരുപയോഗം ചെയ്തതായോ തെളിവില്ലെന്നാണ് ബന്ദായ് നാംകോ ഫിലിംവർക്ക്സിന്റെ നിലപാട്. സംഭവം ഗൗരവമായി കാണുന്നതായും ഇത്തരമൊരു സാഹചര്യം ആവർത്തിക്കാതിരിക്കാൻ പരിശോധനകൾ ശക്തമാക്കുമെന്നും കമ്പനി വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home