കോറോ ഹെൽത്തിലെ പിരിച്ചുവിടൽ തൊഴിലാളിവിരുദ്ധ കേന്ദ്രനയങ്ങളുടെ ഉദാഹരണം; ജീവനക്കാരെ തിരിച്ചെടുക്കണം: ബെഫി

കൊച്ചി: കോറോ ഹെൽത്ത് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുകയും ഓഫീസ് അടച്ചുപൂട്ടുകയും ചെയ്തത് പ്രതിഷേധാർഹമാണെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി) വാർത്താക്കുറിപ്പിൽ പറഞ്ഞു. ചർച്ചയിലെ ധാരണകളിൽനിന്ന് കമ്പനി ഏകപക്ഷീയമായി പിന്മാറിയതും ജോലിക്കെത്തിയവരെ ഓഫീസിൽ പ്രവേശിപ്പിക്കാത്തതും തൊഴിൽബന്ധങ്ങളെയും ചർച്ചാപ്രക്രിയയെയും അവഹേളിക്കുന്നതാണ്.
കുത്തകകൾക്ക് അനുകൂലമായ കേന്ദ്രസർക്കാരിന്റെ നയങ്ങളുടെയും തൊഴിലാളിവിരുദ്ധ തൊഴിൽനിയമങ്ങളുടെയും ഏറ്റവും പുതിയ ഉദാഹരണമാണ് കോറോ ഹെൽത്ത് സംഭവം.
300ൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾ കൂട്ടപ്പിരിച്ചുവിടൽ നടത്തുന്നതിനോ സ്ഥാപനം അടച്ചുപൂട്ടുന്നതിനോ മുമ്പ് സർക്കാരിന്റെ മുൻകൂർ അനുമതി തേടണമെന്നാണ് പുതിയ തൊഴിൽ നിയമങ്ങൾ വ്യവസ്ഥ ചെയ്യുന്നത്. 'ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്' എന്ന പേരിൽ കേന്ദ്ര സർക്കാർ നടപ്പാക്കിയ ലേബർ കോഡുകൾക്കെതിരെ രാജ്യവ്യാപകമായി തൊഴിലാളിവർഗം നടത്തിയ സമരങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നത് ഇതേ അപകടത്തെക്കുറിച്ചാണ്. തൊഴിലുടമകൾക്ക് തൊഴിലാളികളെ എളുപ്പത്തിൽ പിരിച്ചുവിടാനും തൊഴിൽസുരക്ഷയും സംഘടനാ അവകാശങ്ങളും ദുർബലപ്പെടുത്താനുമാണ് ഈ നിയമമാറ്റങ്ങൾ വഴിയൊരുക്കുന്നത്. കോറോ ഹെൽത്തിൽ നടന്ന സംഭവം കുത്തകകൾക്ക് അനുകൂലമായ കേന്ദ്ര സർക്കാരിന്റെ നയങ്ങളുടെയും തൊഴിലാളിവിരുദ്ധ തൊഴിൽ നിയമങ്ങളുടെയും ഏറ്റവും പുതിയ ഉദാഹരണമാണ്.
കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടൽ ഉടൻ പിൻവലിച്ച് എല്ലാ ജീവനക്കാരെയും ഉപാധികളില്ലാതെ തിരിച്ചെടുക്കണം. എറണാകുളത്തും കോഴിക്കോടും പ്രവർത്തിച്ചിരുന്ന ഓഫീസുകൾ പുനഃസ്ഥാപിക്കണം. തൊഴിൽ വകുപ്പിന്റെ 'സ്റ്റാറ്റസ് ക്വോ' നിർദ്ദേശം കമ്പനി കർശനമായി പാലിക്കണം. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും കോർപ്പറേറ്റ് താൽപര്യങ്ങൾക്ക് വഴിവെക്കുന്ന തൊഴിലാളിവിരുദ്ധ നയങ്ങൾ അവസാനിപ്പിക്കുന്നതിനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നും ബെഫി സംസ്ഥാന പ്രസിഡന്റ് എൻ സനിൽ ബാബുവും ജനറൽ സെക്രട്ടറി ജെറിൻ കെ ജോണും വാർത്താക്കുറിപ്പിൽ പറഞ്ഞു.











0 comments