ad
Deshabhimani

രാത്രി രണ്ടിന് വന്ന കോൾ എടുത്തില്ല; ജീവനക്കാരന്റെ അമ്മയെ ചോദ്യം ചെയ്ത് സ്റ്റാർട്ടപ്പ് അധികൃതർ

sleeping
വെബ് ഡെസ്ക്

Published on Jul 08, 2026, 08:59 PM | 1 min read

ന്യൂഡൽഹി: ജോലി സമയം കഴിഞ്ഞ് ഉറങ്ങിയ ജീവനക്കാരൻ രാത്രി രണ്ടിന് വന്ന കോൾ എടുക്കാത്തതിനെ തുടർന്ന് അമ്മയെ ചോദ്യം ചെയ്ത സ്റ്റാർട്ടപ്പിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനം. 23,000 രൂപ മാസശമ്പളം വാങ്ങുന്ന ജീവനക്കാരനാണ് അനുഭവം റെഡ്ഡിറ്റിൽ പങ്കുവെച്ചത്.


രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറുവരെ ജോലി ചെയ്തതിന് ശേഷം താൻ ഉറങ്ങിപ്പോയെന്നും, മുൻകൂട്ടി അറിയിക്കാതിരുന്ന രാത്രി രണ്ടുമണിയ്ക്കുള്ള ഡെഡ്‌ലൈൻ കോൾ എടുക്കാനായില്ലെന്നും ജീവനക്കാരൻ കുറിച്ചു. ഫോൺ തുടർച്ചയായി മുഴങ്ങിക്കൊണ്ടിരുന്നതിനാൽ അമ്മയാണ് കോൾ എടുത്തത്.


താൻ എവിടെയാണെന്ന് ചോദിക്കുന്നതിന് പകരം, ‘ഇത് ഫുൾടൈം റോൾ ആണ്, ഇങ്ങനെ എങ്ങനെ ഉറങ്ങാനാകും’ എന്ന് മാനേജ്മെന്റ് അമ്മയോട് ചോദിച്ചതായാണ് ജീവനക്കാരന്റെ ആരോപണം. ഉറങ്ങിയത് പ്രൊഫഷണലല്ലാത്ത പെരുമാറ്റമാണെന്നും അവർ പറഞ്ഞതായി പോസ്റ്റിൽ പറയുന്നു.


പകൽ മുഴുവൻ ജോലി ചെയ്ത ഒരാളിൽ നിന്ന് രാത്രി രണ്ടുവരെ ഉണർന്നിരിക്കണമെന്ന് പ്രതീക്ഷിക്കുന്നതും, ഫോൺ എടുത്ത അമ്മയോട് ഇത്തരത്തിൽ സംസാരിക്കുന്നതും അനുചിതമാണെന്ന് ജീവനക്കാരൻ കുറിച്ചു. ഈ സംഭവം തനിക്ക് അസ്വസ്ഥതയുണ്ടാക്കിയതായും അദ്ദേഹം വ്യക്തമാക്കി.


പോസ്റ്റ് വൈറലായതോടെ സ്റ്റാർട്ടപ്പുകളിലെ തൊഴിൽ സംസ്കാരത്തിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. ജോലി സമയത്തിന് പുറത്തുള്ള അധിക ജോലി സമയത്തിന് പ്രതിഫലം നൽകാതെ ജീവനക്കാരെ സമ്മർദത്തിലാക്കുന്ന രീതിയാണിതെന്ന് പലരും വിമർശിച്ചു.


ജീവനക്കാരനോട് ജോലി വിടണമെന്ന് നിരവധി പേർ ഉപദേശിച്ചു. 23,000 രൂപ ശമ്പളം നൽകുന്നത് നിശ്ചിത ജോലി സമയത്തിനാണെന്നും അതിന് മുകളിലുള്ളത് വേതനം നൽകേണ്ട അധിക സമയമാണെന്നും ചിലർ പ്രതികരിച്ചു. ജോലി സമയത്തിന് പുറത്തുള്ള തൊഴിൽ ആവശ്യങ്ങൾക്ക് ഇരട്ട വേതനം ആവശ്യപ്പെടണമെന്നും ചിലർ അഭിപ്രായപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home