ഉക്രെയ്ൻ ഡ്രോൺ ആക്രമണങ്ങൾക്ക് തിരിച്ചടി; പുതിയ സാങ്കേതികതയുമായി റഷ്യ

'റാം-2എക്സ്' സ്ട്രൈക്ക് ഡ്രോൺ പറക്കലിനായി സജ്ജീകരിക്കുന്ന ഉക്രെയ്ൻ സൈനികൻ | REUTERS/Valentyn Ogirenko
മോസ്കോ : ഉക്രെയ്ൻ നടത്തുന്ന മിഡ്-സ്ട്രൈക്ക് ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് സംവിധാനത്തെ പൂർണമായി തകരാറിലാക്കുന്ന ശക്തമായ ജാമിംഗ് ഉപകരണങ്ങൾ വിന്യസിച്ച് റഷ്യൻ സൈന്യം. ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന്റെ സ്റ്റാർലിങ്ക് കണക്ഷനുകളെ ആശ്രയിച്ച് ഉക്രെയ്ൻ നടത്തുന്ന വ്യോമാക്രമണങ്ങളുടെ മുനയൊടിക്കുന്നതാണ് റഷ്യയുടെ ഈ പുതിയ സാങ്കേതിക മുന്നേറ്റം.
യുദ്ധമുന്നണിയിൽ നിന്നും പത്തൊൻപത് കിലോമീറ്ററുകളോളം ഉള്ളിലുള്ള റഷ്യൻ താവളങ്ങളെയും വിതരണ ശൃംഖലകളെയും തകർക്കാൻ ഉക്രെയ്ൻ പ്രധാനമായും ഉപയോഗിക്കുന്നത് സ്റ്റാർലിങ്ക് ഇന്റർനെറ്റ് വഴി നിയന്ത്രിക്കുന്ന ഡ്രോണുകളായിരുന്നു. എന്നാൽ പ്രതിരോധം ശക്തമാക്കിക്കൊണ്ട് റഷ്യ പുതിയ തന്ത്രങ്ങൾ ആവിഷ്കരിച്ചതായി ഉക്രെയ്ൻ ഡ്രോൺ കമാൻഡർമാരും പൈലറ്റുമാരും വെളിപ്പെടുത്തി.
സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിൽ ഇന്ധനവും മറ്റ് സൈനിക സാമഗ്രികളും സംരക്ഷിക്കാൻ സാധാരണ ജനങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങളിലും പാലിന്റെ വണ്ടികളുടെ രൂപത്തിൽ ചായം പൂശിയ ട്രക്കുകളിലും ഒളിപ്പിച്ചാണ് റഷ്യ ഇപ്പോൾ വിതരണം നടത്തുന്നത്. ഇതിനുപുറമെ പാശ്ചാത്യ നിരീക്ഷണ ഡ്രോണുകളുടെ സിഗ്നലുകൾ തടയുന്ന അത്യാധുനിക ഇലക്ട്രോണിക് ജാമിംഗ് ഉപകരണങ്ങൾ റഷ്യ വൻതോതിൽ വിന്യസിച്ചിട്ടുണ്ട്.
റഷ്യ തദ്ദേശീയമായി വികസിപ്പിച്ച വോൾന കുപോൾ ഗാരന്റ് എന്ന ജാമിംഗ് സംവിധാനത്തിന് ഏകദേശം 20 ചതുരശ്ര കിലോമീറ്റർ പരിധിയിലെ സ്റ്റാർലിങ്ക് ഉപഗ്രഹ കണക്ഷനുകളെപ്പോലും പൂർണമായി ജാം ചെയ്യാൻ ശേഷിയുണ്ടെന്ന് ഉക്രെയ്ൻ പ്രതിരോധ മന്ത്രാലയം തന്നെ സമ്മതിക്കുന്നു. മുൻപ് ജാമിംഗിനെ പ്രതിരോധിക്കാൻ ശേഷിയുള്ളതാണെന്ന് പാശ്ചാത്യർ അവകാശപ്പെട്ടിരുന്ന സ്റ്റാർലിങ്ക് സംവിധാനമാണ് റഷ്യൻ സാങ്കേതികവിദ്യയ്ക്ക് മുന്നിൽ ഇപ്പോൾ നിഷ്പ്രഭമായിരിക്കുന്നത്.
റഷ്യയുടെ കനത്ത പ്രതിരോധവും ജാമറുകളും കാരണം ഡ്രോൺ നീക്കങ്ങൾ കൂടുതൽ കഠിനമായതായി ഉക്രെയ്ൻ സൈനികർ വ്യക്തമാക്കുന്നു. യുഎസ് സഖ്യത്തിന്റെ അത്യാധുനിക ആയുധങ്ങളും ഡ്രോൺ ആക്രമണങ്ങളും തുടർച്ചയായി ഉണ്ടാകുന്നുണ്ടെങ്കിലും അവയ്ക്കൊന്നും റഷ്യൻ മുന്നേറ്റത്തെ തടയാൻ കഴിഞ്ഞിട്ടില്ല.
റഷ്യൻ അധിനിവേശം ആരംഭിച്ച് നാല് വർഷം പിന്നിടുമ്പോഴും ഉക്രെയ്നിന്റെ അഞ്ചിലൊന്ന് ഭാഗവും ഇപ്പോഴും റഷ്യയുടെ നിയന്ത്രണത്തിലാണ്. റഷ്യൻ സൈന്യത്തിന്റെ ടോർ മിസൈൽ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള പ്രതിരോധ നിരയ്ക്ക് മുന്നിൽ ഉക്രെയ്നിന്റെ പല ഡ്രോൺ ആക്രമണങ്ങളും ലക്ഷ്യം കാണാതെ തകരുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.










0 comments