ad
Deshabhimani

ഹോർമുസ് പ്രതിസന്ധിക്കിടെ ജപ്പാനിലേക്ക് റഷ്യൻ എണ്ണയെത്തി

Iran Oil Tanker

പ്രതീകാത്മക എഐ ചിത്രം

വെബ് ഡെസ്ക്

Published on May 05, 2026, 02:34 PM | 1 min read

ടോക്കിയോ : പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് ഹോർമുസ് കടലിടുക്ക് അടച്ചതോടെ ആഗോള എണ്ണ വിതരണം തടസപ്പെട്ട പശ്ചാത്തലത്തിൽ റഷ്യയിൽ നിന്നുള്ള ആദ്യ എണ്ണക്കപ്പൽ ജപ്പാനിലെത്തി. സഖാലിൻ-2 പദ്ധതിയുടെ ഭാഗമായി ഉൽപ്പാദിപ്പിച്ച അസംസ്കൃത എണ്ണയുമായി എത്തിയ ടാങ്കർ തിങ്കളാഴ്ച പടിഞ്ഞാറൻ ജപ്പാനിലെ ഇമബാരി തീരത്തെത്തി.

മൊത്തവ്യാപാര എണ്ണ കമ്പനിയായ തായോ ഓയിൽ ഇക്കാര്യം വ്യക്തമാക്കിയതായി പ്രമുഖ ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


എണ്ണ ഇറക്കുമതിക്കായി 95 ശതമാനത്തോളം പശ്ചിമേഷ്യൻ രാജ്യങ്ങളെയാണ് ജപ്പാൻ ആശ്രയിക്കുന്നത്. എന്നാൽ ഫെബ്രുവരി 28ന് അമേരിക്ക - ഇസ്രയേൽ സഖ്യം ഇറാനെതിരെ യുദ്ധം ആരംഭിച്ചു. ഇതോടെ ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടി. ഇത് ജപ്പാനെ കടുത്ത ഊർജ പ്രതിസന്ധിയിലാക്കി. ഈ സാഹചര്യത്തിലാണ് റഷ്യ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിൽ നിന്ന് എണ്ണ എത്തിക്കാൻ ജപ്പാൻ തീരുമാനിച്ചത്. യുക്രൈൻ അധിനിവേശത്തെത്തുടർന്ന് റഷ്യക്കുമേൽ ഏർപ്പെടുത്തിയ ആഗോള ഉപരോധങ്ങളിൽ സഖാലിൻ മേഖലയിലെ പദ്ധതിയെ ഉൾപ്പെടുത്തിയിട്ടില്ല എന്നത് ജപ്പാന് ആശ്വാസമായി.


റഷ്യയിൽ നിന്നെത്തിയ അസംസ്‌കൃത എണ്ണ റിഫൈനറിയിലേക്ക് അയച്ച് പെട്രോൾ, നാഫ്ത തുടങ്ങിയ ഉൽപ്പന്നങ്ങളാക്കി മാറ്റും. പ്ലാസ്റ്റിക്, പെയിന്റ്, കെമിക്കൽ ഫൈബർ എന്നിവയുടെ നിർമാണത്തിന് അത്യാവശ്യമായ നാഫ്തയുടെ ലഭ്യത ഉറപ്പാക്കാൻ ജപ്പാൻ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. മിഡിൽ ഈസ്റ്റിന് പുറത്തുനിന്നുള്ള ഇറക്കുമതി വർധിപ്പിച്ചതിനാൽ ഈ വർഷാവസാനം വരെ ജപ്പാനിൽ രാസ ഉൽപ്പന്നങ്ങൾക്ക് ക്ഷാമമുണ്ടാകില്ലെന്ന് പ്രധാനമന്ത്രി സാനേ തകാച്ചി വ്യക്തമാക്കി.


എണ്ണ വിതരണ പ്രതിസന്ധി ഏഷ്യ - പസഫിക് മേഖലയിൽ വലിയ ആഘാതം സൃഷ്ടിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി സാനേ തകാച്ചി പറഞ്ഞു. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസുമായി കാൻബറയിൽ നടത്തിയ ചർച്ചക്ക് ശേഷം സംസാരിക്കുകയായിരുന്നു സാനേ തകാച്ചി. ഊർജ വിതരണം സുസ്ഥിരമാക്കാൻ ഇരുരാജ്യങ്ങളും അടിയന്തരമായി സഹകരിക്കുമെന്ന് അവർ അറിയിച്ചു. ലോകത്തിലെ അഞ്ചിലൊന്ന് എണ്ണയും കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നത് ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരാൻ കാരണമായിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home