ജപ്പാനിൽ ഭൂചലനത്തിന് പിന്നാലെ 80 സെന്റീമീറ്റർ ഉയരത്തിൽ തിരമാലകള്‍

പ്രതീകാത്മക ചിത്രം
ടോക്യോ: ജപ്പാനിൽ അതിശക്തമായ ഭൂചലനത്തിന് പിന്നാലെ സുനാമിത്തിര. വൻ ഭൂചലനത്തിന് പിന്നാലെ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ഉയരത്തിലുള്ള തിരമാലകൾ രൂപപ്പെട്ടു. ഭൂചലനത്തിന് 40 മിനിറ്റുകൾക്ക് ശേഷം കുജി തുറമുഖത്ത് 80 സെന്റീമീറ്റർ ഉയരത്തിൽ തിരമാലകൾ ആഞ്ഞടിച്ചു. തുടർന്ന് രാജ്യത്ത് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മറ്റൊരു തുറമുഖത്ത് 40 സെന്റീമീറ്റർ ഉയരത്തിലും തിരമാലകൾ രൂപപ്പെട്ടതായി മെട്രോളജിക്കൽ ഏജൻസി അറിയിച്ചു.
പ്രാദേശിക സമയം വൈകുന്നേരം 4.53 ന് വടക്കൻ ഇവാട്ടെ പ്രിഫെക്ചറിന് സമീപം പസഫിക് സമുദ്രത്തിൽ 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. പ്രഭവകേന്ദ്രത്തിൽ നിന്ന് നൂറുകണക്കിന് കിലോമീറ്റർ അകലെയുള്ള ടോക്യോയിലെ വൻകിട കെട്ടിടങ്ങൾ പോലും കുലുങ്ങത്തക്ക വിധം ശക്തമായിരുന്നു പ്രകമ്പനമെന്നാണ് റിപ്പോർട്ടുകൾ. 7.4 തീവ്രതയുള്ള ഭൂചലനമാണുണ്ടായത്.
ഭൂചലനത്തെ തുടർന്ന് ടോക്യോയ്ക്കും അമോറിക്കുമിടയിൽ ബുള്ളറ്റ് ട്രെയിൻ സർവീസ് നിർത്തിവച്ചു. അടച്ചിട്ടിരുന്ന നൊഗാവ ആണവ നിലയത്തിലും അധികൃതർ പരിശോധന നടത്തി.ഭൂചലനം റിപ്പോർട്ട് ചെയ്ത ഉടനെ തന്നെ അധികൃതർ സുനാമിയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പും നൽകിയിരുന്നു. ജനങ്ങളോട് ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശം നൽകിയിരുന്നു.









0 comments