ad
Deshabhimani

ജപ്പാനിൽ കനത്ത മഞ്ഞുവീഴ്ച തുടരുന്നു; മരണം 46 ആയി, നൂറുകണക്കിന് പേർക്ക് പരിക്ക്

Japan.jpg
വെബ് ഡെസ്ക്

Published on Feb 10, 2026, 11:21 AM | 1 min read

ടോക്കിയോ: ജപ്പാനിൽ കഴിഞ്ഞ മൂന്നാഴ്ചയായി തുടരുന്ന കനത്ത മഞ്ഞുവീഴ്ചയിൽ മരിച്ചവരുടെ എണ്ണം 46 ആയി. വടക്കൻ ജപ്പാനിലും ജപ്പാൻ കടലിനോട് ചേർന്നുള്ള തീരപ്രദേശങ്ങളിലുമാണ് സ്ഥിതി അതീവ ഗുരുതരമായി തുടരുന്നത്.


മഞ്ഞുവീഴ്ചയുമായി ബന്ധപ്പെട്ട അപകടങ്ങളിൽ ഇതുവരെ 558 പേർക്ക് പരിക്കേറ്റതായും ജപ്പാൻ ദുരന്തനിവാരണ ഏജൻസി അറിയിച്ചു. ജനുവരി അവസാനം ആരംഭിച്ച മഞ്ഞുവീഴ്ച പലയിടങ്ങളിലും ജനജീവിതം പൂർണ്ണമായും സ്തംഭിപ്പിച്ചിരിക്കുകയാണ്.


വീടുകളുടെ മേൽക്കൂരയിൽ അടിഞ്ഞുകൂടിയ മഞ്ഞ് നീക്കം ചെയ്യുന്നതിനിടെ താഴെ വീണും, മഞ്ഞ് ഇടിഞ്ഞുവീണുമാണ് ഭൂരിഭാഗം മരണങ്ങളും സംഭവിച്ചിരിക്കുന്നത്. റോഡുകളിൽ മഞ്ഞ് മൂടിയതോടെ വടക്കൻ മേഖലകളിൽ വാഹന ഗതാഗതം പൂർണ്ണമായും നിലച്ചു.


പലയിടങ്ങളിലും ട്രെയിൻ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. വടക്കൻ നഗരമായ അമോറിയിൽ നാല് അടിയിലധികം (1.3 മീറ്റർ) ഉയരത്തിലാണ് മഞ്ഞ് അടിഞ്ഞുകൂടിയിരിക്കുന്നത്. നഗരങ്ങളിലെ പല കെട്ടിടങ്ങളും മഞ്ഞിനടിയിലായ അവസ്ഥയിലാണ്.


വീടുകളുടെയും കെട്ടിടങ്ങളുടെയും മേൽക്കൂരയിലെ മഞ്ഞ് നീക്കം ചെയ്യുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. വരും ദിവസങ്ങളിലും മഞ്ഞുവീഴ്ച തുടരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ വീടിന് പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.


സൈന്യത്തെയും ദുരന്തനിവാരണ സേനയെയും ഉപയോഗിച്ച് മഞ്ഞ് നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടക്കുന്നുണ്ടെങ്കിലും തുടർച്ചയായ മഞ്ഞുവീഴ്ച രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home