ഉപഭോക്താക്കൾ അറിയാതെ ഫോൺ ഗ്യാലറി 'ഒളിഞ്ഞുനോക്കി'; മെറ്റയ്ക്ക് 8,325 കോടി രൂപ പിഴ ചുമത്തി ഇറ്റലി

റോം: ഉപഭോക്താക്കളുടെ അനുമതിയില്ലാതെ മൊബൈൽ ഫോണുകളിലെ ഫോട്ടോകളും വീഡിയോകളും ആക്‌സസ് ചെയ്തതിന് ഫെയ്‌സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയ്ക്ക് 88.7 കോടി ഡോളർ (80.5 കോടി യൂറോ, ₹8,325 കോടി രൂപ) പിഴ ചുമത്തി ഇറ്റലി. രാജ്യത്തെ വിവരസംരക്ഷണ അതോറിറ്റിയാണ് നടപടി സ്വീകരിച്ചത്. ഏകദേശം രണ്ടുകോടി ആൻഡ്രോയിഡ് ഉപഭോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുന്നതാണ് നിയമലംഘനമെന്ന് അധികൃതർ വ്യക്തമാക്കി. യൂറോപ്യൻ യൂണിയന്റെ ഇ-പ്രൈവസി നിയമങ്ങൾ ലംഘിച്ചതായും കണ്ടെത്തി.
2023 മുതൽ ഫെയ്‌സ്ബുക്കിൽ ലഭ്യമായ ഗ്യാലറി സജഷൻസ് ഫീച്ചറാണ് നടപടിക്ക് കാരണം. ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നതിനിടെ ഫോണിലെ ഗ്യാലറിയിൽനിന്ന് ഫോട്ടോകളും വീഡിയോകളും പോസ്റ്റ് ചെയ്യാൻ നിർദേശിക്കുന്ന സംവിധാനമാണിത്. ഉപഭോക്താക്കളുടെ പ്രത്യേക സമ്മതമില്ലാതെ ഫോട്ടോകളും വീഡിയോകളും അവയുമായി ബന്ധപ്പെട്ട വിവരങ്ങളും ആക്‌സസ് ചെയ്യാൻ ഈ സംവിധാനം ഉപയോഗിച്ചുവെന്നാണ് കണ്ടെത്തൽ. വിവിധ ആവശ്യങ്ങൾക്കുള്ള അനുമതികൾ ഒറ്റയടിക്ക് വാങ്ങുകയും ഗ്യാലറി സജഷൻസ് സംവിധാനം സ്വതവേ പ്രവർത്തനക്ഷമമാക്കുകയും ചെയ്തതാണ് നിയമലംഘനത്തിന് കാരണമായത്.
ഗ്യാലറി സജഷൻസ് സംവിധാനം സ്വതവേ പ്രവർത്തിക്കുന്നത് അവസാനിപ്പിക്കാനും ഉപഭോക്താക്കളിൽനിന്ന് പ്രത്യേക അനുമതി തേടാനും മെറ്റയ്ക്ക് 60 ദിവസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. ഫോട്ടോ ഗ്യാലറിയിൽ പ്രവേശിക്കുന്നതിന്റെ ഉദ്ദേശ്യവും സംവിധാനം പ്രവർത്തനരഹിതമാക്കാനുള്ള മാർഗവും വ്യക്തമായി അറിയിക്കണം. 2025ൽ ആരംഭിച്ച അന്വേഷണത്തിൽ മെറ്റ അധികൃതരുമായി വേണ്ടത്ര സഹകരിച്ചില്ലെന്നും ഇറ്റാലിയൻ അതോറിറ്റി ആരോപിച്ചു. നിയമലംഘനത്തിന്റെ കാലയളവും ബാധിക്കപ്പെട്ട ഉപഭോക്താക്കളുടെ എണ്ണവും പിഴ നിശ്ചയിക്കുന്നതിൽ പരിഗണിച്ചു.
അതേസമയം, നടപടി അംഗീകരിക്കാനാകില്ലെന്നും പിഴ അനുപാതരഹിതമാണെന്നും മെറ്റ പ്രതികരിച്ചു. ഉപഭോക്താക്കൾക്ക് ഫോട്ടോകളും വീഡിയോകളും എളുപ്പത്തിൽ പങ്കുവയ്ക്കാൻ സഹായിക്കുന്ന സംവിധാനമാണിതെന്നും ഫോണിൽ അനുമതി നൽകിയാൽ മാത്രമേ പ്രവർത്തിക്കൂവെന്നും കമ്പനി വ്യക്തമാക്കി. ഉപഭോക്താക്കൾക്ക് എപ്പോൾ വേണമെങ്കിലും അനുമതി പിൻവലിക്കാമെന്നും ചൂണ്ടിക്കാട്ടി. നടപടിക്കെതിരെ അപ്പീൽ നൽകാനാണ് മെറ്റയുടെ തീരുമാനം.
ഇറ്റലിയിലെ വിവരസംരക്ഷണ അതോറിറ്റി ചുമത്തിയ ഏറ്റവും വലിയ പിഴയാണിത്. മെറ്റയുടെ ആഗോള വാർഷിക വരുമാനത്തിന്റെ ഏകദേശം 0.47 ശതമാനമാണ് തുക. അതേസമയം, ഉപഭോക്താക്കളുടെ ഫോട്ടോകളും വീഡിയോകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിന് ഉപയോഗിച്ചോ എന്ന വിഷയം അന്വേഷണത്തിന്റെ പരിധിയിൽ ഉൾപ്പെട്ടിരുന്നില്ല. 2026ൽ ആരംഭിച്ച, ഫോണിലെ ഗ്യാലറി ചിത്രങ്ങൾ ക്ലൗഡിൽ പ്രോസസ് ചെയ്യുന്ന പുതിയ സംവിധാനത്തെക്കുറിച്ച് പ്രത്യേകം പരിശോധന നടത്തുമെന്നും അധികൃതർ അറിയിച്ചു.









0 comments