ad
Deshabhimani

ലെബനനിൽ ആക്രമണം അവസാനിപ്പിക്കാതെ ഇസ്രയേൽ; തെക്കൻ ലെബനൻ വളഞ്ഞതായി സേന

israel strike on lebanon

ഇസ്രയേല്‍ ആക്രമണത്തിനു പിന്നാലെ ബെയ്റൂട്ടില്‍ ആകാശത്ത് കറുത്ത പുക നിറഞ്ഞപ്പോള്‍. photo credit: AFP/Dylan Collins

വെബ് ഡെസ്ക്

Published on Apr 13, 2026, 07:03 PM | 1 min read

ജറുസലേം : ഇറാനുമായുള്ള സംഘർഷത്തിനു പിന്നാലെ ലൈബനനിൽ ആരംഭിച്ച ആക്രമണം അവസാനിപ്പിക്കാതെ ഇസ്രയേൽ. തെക്കൻ ലെബനനിലെ സൈനിക പ്രവർത്തനങ്ങൾ നീട്ടിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു. ഹിസ്ബുള്ളയുടെ സൈനിക അടിസ്ഥാന സൗകര്യങ്ങളുണ്ടെന്ന് പറയപ്പെടുന്ന പ്രദേശം വളഞ്ഞതായും തന്ത്രപ്രധാനമായ തെക്കൻ ലെബനൻ പട്ടണമായ ബിന്റ് ജ്ബെയിലും പരിസര പ്രദേശങ്ങളിലും സൈനിക നടപടികൾ ആരംഭിച്ചതായും ഇസ്രയേൽ സൈന്യം പറയുന്നു. ഹിസ്ബുള്ള അം​ഗങ്ങളെ വധിച്ചതായും ഇസ്രയേൽ അവകാശപ്പെട്ടു. എന്നാൽ വിഷയത്തിൽ ഹിസ്ബുള്ള ഇതുവരെ പ്രതികരിച്ചിട്ടില്ല.


ബിന്റ് ജ്ബെയ്‌ലിലുള്ള സ്‌കൂൾ, ആശുപത്രി എന്നിവയ്ക്ക് സമീപമാണ് ഇസ്രായേൽ സൈന്യം നിലയുറപ്പിച്ചിരിക്കുന്നത്. ഇസ്രായേലിനെയും ലെബനനെയും വേർതിരിക്കുന്ന ഐക്യരാഷ്ട്രസഭ നിർദ്ദേശിച്ച ബ്ലൂ ലൈനിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന പട്ടണമാണ് ബിന്റ് ജ്ബെയിൽ.


തിങ്കളാഴ്ച ടയറിലെ ലെബനീസ് റെഡ് ക്രോസിന്റെ ഓഫീസുകൾക്ക് നേരെ ഡ്രോൺ ആക്രമണം ഉണ്ടായതായി ലെബനീസ് ദേശീയ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. തെക്കൻ തീരദേശ നഗരത്തിൽ നടന്ന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും റെഡ് ക്രോസ് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.


ഇറാന് പിന്തുണയുമായി ഹിസ്ബുള്ള രം​ഗത്തെത്തിയതിനുപിന്നാലെയാണ് ലെബനനിൽ ഇസ്രയേൽ കര- വ്യോമാക്രമണങ്ങൾ ആരംഭിച്ചത്. ആറാഴ്ചയായി തുടരുന്ന ആക്രമണങ്ങളിൽ ഇതുവരെ രണ്ടായിരത്തിലധികം പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ 248 സ്ത്രീകളും 165 കുട്ടികളും 85 ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. ഏകദേശം 6,436 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഹിസ്ബുള്ളയുടെ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് ഇസ്രയേൽ അവകാശപ്പെടുമ്പോഴും സാധാരണക്കാർ താമസിക്കുന്ന മേഖലകളിലാണ് ബോംബിങ്‌ തുടരുന്നത്. തെക്കൻ ലെബനനിലെ കരസേനാനീക്കത്തിന് പിന്തുണ നൽകാനായി വ്യോമസേന വ്യാപക ആക്രമണമാണ് നടത്തുന്നത്. പത്തുലക്ഷം പേരാണ് ആക്രമണത്തെത്തുടർന്ന് ലെബനനിൽ നിന്ന് പലായനം ചെയ്തത്.


നിലവിൽ ഇറാനിൽ താൽക്കാലിക വെടിനിർത്തൽ നിലവിലുണ്ടെങ്കിലും, ഈ കരാർ ലെബനന് ബാധകമല്ലെന്നാണ് അമേരിക്കയുടെയും ഇസ്രായേലിന്റെയും നിലപാട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home