ad
Deshabhimani

print edition ചോരക്കൊതി തീരാതെ ഇസ്രയേൽ

srael's Bloodlust

ഗാസ സിറ്റിയിലെ അല്‍ ഷിഫ ആശുപത്രി ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട രണ്ടു മക്കളുടെ മൃതദേഹവുമായി വിലപിക്കുന്ന 
യുവാവിനെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന ബന്ധു| PHOTO AFP

വെബ് ഡെസ്ക്

Published on Oct 30, 2025, 12:01 AM | 1 min read

ഗാസ സിറ്റി: അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ സാന്നിധ്യത്തിൽ തയ്യാറാക്കിയ വെടിനിർത്തൽ കരാർ നഗ്നമായി ലംഘിച്ച്‌ പലസ്‌തീൻകാരെ കൊന്നൊടുക്കുന്പോഴും ഇനിയും ആക്രമണം നടത്തുമെന്ന്‌ ഭീഷണിമുഴക്കി ഇസ്രയേൽ. വെടിനിർത്തൽ വീണ്ടും പ്രാബല്യത്തിൽ വന്നിട്ടുണ്ടെന്നും വേണ്ടിവന്നാൽ ഇനിയും ആക്രമിക്കുമെന്നാണ്‌ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിന്റെ ഭീഷണി. 104 പേരെ കൊലപ്പെടുത്തിയശേഷമാണ്‌ വെടിനിർത്തൽ വീണ്ടും പ്രാബല്യത്തിലായെന്ന ഇസ്രയേൽ പ്രഖ്യാപനം. കഴിഞ്ഞ ഒക്‌ടോബർ പത്തിലെ വെടിനിർത്തൽ കരാറിനുശേഷം ഗാസയിൽ 211 പേരെയാണ്‌ ഇസ്രയേൽ കൊലപ്പെടുത്തിയത്‌. വെടിനിർത്തൽ കരാർ നിലനിൽക്കുന്നതിനിടെയുള്ള ആക്രമണമായിരുന്നിട്ടും ഇസ്രയേലിനെ പിന്തുണച്ച്‌ യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ രംഗത്തെത്തി.


വെടിനിർത്തൽ നിലവിൽ വന്നെങ്കിലും അതിർത്തി കടന്ന്‌ സഹായ ട്രക്കുകളെ ഇസ്രയേൽ കടത്തിവിടാത്തതിനാൽ ഗാസയിലേക്ക്‌ അവശ്യവസ്‌തുക്കൾ എത്തുന്നില്ല. മരുന്നും ഭക്ഷ്യവസ്‌തുക്കളും ഉൾപ്പെടെയുള്ളവയ്‌ക്ക്‌ കടുത്ത ക്ഷാമം അനുഭവിക്കുകയാണ്‌. അതിർത്തി തുറന്ന്‌ കൂടുതൽ സഹായമെത്തിക്കണമെന്ന്‌ ഐക്യരാഷ്‌ട്ര സംഘടന ഉൾപ്പെടെ വിവിധ അന്താരാഷ്‌ട്ര ഏജൻസികൾ നിരന്തരം ആവശ്യപ്പെട്ടിട്ടും ചുരുക്കം ട്രക്കുകൾ മാത്രമാണ്‌ കടത്തിവിടുന്നത്‌. തെക്കൻ മേഖലകളിൽനിന്ന്‌ പലായനം ചെയ്‌തവർ വടക്കൻ ഗാസയിലേക്ക്‌ മടങ്ങിയെത്തി ജീവിതം കരുപ്പിടിപ്പിക്കാൻ ശ്രമിക്കുന്പോഴാണ്‌ ഇസ്രയേൽ സൈന്യത്തിന്റെ ശക്തമായ ആക്രമണം.


​ഇസ്രയേൽ സൈനികരിൽ ആത്മഹത്യാപ്രവണത കൂടി


ഇസ്രയേൽ പ്രതിരോധ സേനയിലെ സൈനികർക്കിടയിൽ ആത്മഹത്യാപ്രവണത വർധിച്ചതായി റിപ്പോർട്ട്. 2024 ജനുവരി മുതൽ 2025 ജൂലൈ വരെയുള്ള കാലയളവിൽ 279 ഐഡിഎഫ് സൈനികർ ജീവനൊടുക്കാൻ ശ്രമിച്ചെന്ന്‌ ഇസ്രയേൽ പാർലമെന്റിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഇടതുപക്ഷ പാർടിയായ ഹദാഷ് പാർലമെന്റംഗം ഓഫിർ കാസിഫിന്റെ അഭ്യർഥന പ്രകാരമാണ് റിപ്പോർട്ട് പാർലമെന്റിൽ വച്ചത്. ഐഡിഎഫ് മെഡിക്കൽ കോർപ്‌സിന്റെ മാനസികാരോഗ്യകേന്ദ്രം നൽകിയ വിവരങ്ങളുടെയും പാർലമെന്റ് കമ്മിറ്റി ചർച്ചകളുടെയും അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്.


റിസർവായി നിരവധിപേരെ പലസ്‌തീനിലേക്ക്‌ അയച്ചത്‌ വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു. പലസ്‌തീനിലെ ആക്രമണങ്ങൾ തുടരുന്നതിൽ ഇസ്രയേൽ സൈനികരുടെ മാതാപിതാക്കളും പ്രതിഷേധം അറിയിച്ചിരുന്നു.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home