ഈദ് ഷോപ്പിംഗിന് പോയ കുടുംബത്തിന് നേരെ വെടിവെപ്പ്;വെസ്റ്റ് ബാങ്കിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു

തമ്മൂൻ(വെസ്റ്റ് ബാങ്ക്): വടക്കൻ വെസ്റ്റ് ബാങ്കിലെ തമ്മൂൻ ഗ്രാമത്തിൽ ഇസ്രായേൽ സൈന്യം നടത്തിയ വെടിവെപ്പിൽ രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ നാല് പേര്‍ കൊല്ലപ്പെട്ടു. ഈദ് ആഘോഷത്തിന്മുന്നോടിയായി പുതിയ വസ്ത്രങ്ങൾ വാങ്ങാൻ പുറപ്പെട്ട കുടുംബത്തിന് നേരെയാണ് ശനിയാഴ്ച രാത്രി വൈകി ആക്രമണമുണ്ടായതെന്ന് പലസ്തീൻ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
പലസ്തീൻ സ്വദേശികൾ അലി ഓഡെ,വേദ് ഓഡെ എന്നിവരും അവരുടെ രണ്ട് മക്കളുമാണ് കൊല്ലപ്പെട്ടത്.ഇവരുടെ എല്ലാം ശിരസിലാണ് വെടിയേറ്റതെന്ന് പലസ്തീൻ റെഡ് ക്രസന്റ് അറിയിച്ചു. കുടുംബത്തിനൊപ്പം ഉണ്ടായിരുന്ന മറ്റ് രണ്ട് കുട്ടികൾ ചികിത്സയിലാണ്.
തങ്ങളുടെ നേർക്ക് വാഹനം വേഗത്തിൽ ഓടിച്ചു കയറ്റാൻ ശ്രമിച്ചപ്പോഴാണ് വെടിവെച്ചതെന്നാണ് ഇസ്രായേൽ സൈന്യത്തിന്റെ ന്യായീകരണം. "ഭീകരപ്രവർത്തനങ്ങളിൽ"ഏർപ്പെട്ടവരെ പിന്തുടരുകയായിരുന്നു തങ്ങളെന്നും അവർ അവകാശപ്പെട്ടു. എല്ലാവരെയും തലയ്ക്ക് വെടിവെച്ചാണ് കൊലപ്പെടുത്തിയിട്ടുള്ളത്.
ചികിത്സ കിട്ടുന്നതും തടഞ്ഞു
ഫെബ്രുവരി 28-ന് ഇസ്രായേലും അമേരിക്കയും ഇറാനെതിരെ ആക്രമണം ആരംഭിച്ചതിന് പിന്നാലെ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നൂറുകണക്കിന് ഗേറ്റുകളും ചെക്ക്‌പോസ്റ്റുകളും അടച്ചതോടെ ആംബുലൻസുകൾക്കും അടിയന്തര സേവനങ്ങൾക്കും പോലും വഴിതടസ്സപ്പെടുന്നതായി റെഡ് ക്രസന്റ് വ്യക്തമാക്കി. കുടുംബത്തിന് നേരെ ആക്രമണം നടന്ന സ്ഥലത്തേക്ക് ആംബുലൻസുകൾ എത്തുന്നത് പോലും സൈന്യം തടഞ്ഞു.
യുദ്ധം ആരംഭിച്ച ശേഷം വെസ്റ്റ് ബാങ്കിലെ പലസ്തീൻ ഗ്രാമങ്ങളിൽ ഇസ്രായേൽ കുടിയേറ്റക്കാർ(settlers)നടത്തിയ109അക്രമ സംഭവങ്ങൾ'യേഷ് ദിൻ'എന്ന മനുഷ്യാവകാശ സംഘടന രേഖപ്പെടുത്തിയിട്ടുണ്ട്. 2026-ന്റെ തുടക്കം മുതൽ ഇതുവരെ വെസ്റ്റ് ബാങ്കിൽ18പലസ്തീനികൾ കൊല്ലപ്പെട്ടു.ഇതിൽ എട്ടുപേർ കൊല്ലപ്പെട്ടത് ഇസ്രായേൽ കുടിയേറ്റക്കാരുടെ വെടിയേറ്റാണ്.
വംശഹത്യ വെസ്റ്റ് ബാങ്കിലേക്കും
ഗാസയിലെ വംശഹത്യയുടെ ആഘാതം വെസ്റ്റ് ബാങ്കിലേക്കും വ്യാപിക്കുന്നതായി ഐക്യരാഷ്ട്രസഭയുടെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇസ്രായേൽ സൈന്യത്തിന്റെ നടപടികൾ പലസ്തീൻ ജനതയെ അവരുടെ മണ്ണിൽ നിന്ന് വംശീയമായി ഉന്മൂലനം ചെയ്യുന്നതിനും ആട്ടിയോടിക്കുന്നതിനും(Ethnic Cleansing)ലക്ഷ്യമിട്ടുള്ളതാണെന്ന് ഹ്യൂമൻ റൈറ്റ്‌സ് വാച്ച്(HRW)ഉൾപ്പെടെയുള്ള സംഘടനകൾ തങ്ങളുടെ റിപ്പോർട്ടുകളിൽ ചൂണ്ടിക്കാട്ടുന്നു.










0 comments