ad
Deshabhimani

print edition ഇറാൻ –യുഎസ്‌ സമാധാനനീക്കം; അട്ടിമറിച്ച്‌ ഇസ്രയേൽ

US Iran Coflicts
വെബ് ഡെസ്ക്

Published on May 25, 2026, 12:27 AM | 1 min read

വാഷിങ്‌ടൺ/ തെഹ്‌റാൻ: ഇറാൻ–യുഎസ്‌ സമാധാനക്കരാറിനുള്ള നിർണായനീക്കം അട്ടിമറിച്ച്‌ ഇസ്രയേൽ. ഏറെക്കുറെ പൂർണമായി ധാരണയായയെന്നും ഉടൻ ഉടന്പടിയുണ്ടാകുമെന്നും പ്രഖ്യാപിച്ച യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ പൊടുന്നനെ മലക്കംമറിഞ്ഞു. ചർച്ചകൾ കൃത്യമായാണ് മുന്നോട്ടുപോകുന്നതെങ്കിലും കരാറിലേക്ക് തിടുക്കംകൂട്ടി എടുത്തുചാടരുതെന്ന് യുഎസ്‌ പ്രതിനിധികൾക്ക് നിർദ്ദേശം നൽകിയതായി ട്രംപ് പറഞ്ഞു. കരാർ ഒപ്പുവയ്ക്കുന്നതുവരെ ഹോർമുസ് കടലിടുക്കിലെ യുഎസ് നാവിക ഉപരോധം തുടരും. ഇറാനുമായി കരാർ ഏറെക്കുറെ ഒപ്പുവയ്ക്കാവുന്ന ഘട്ടത്തിൽ എത്തിയിട്ടുണ്ടെന്നാണ്‌ ട്രംപ് കഴിഞ്ഞദിവസം പറഞ്ഞത്‌.


ഇറാന്റെ ആണവപദ്ധതിയും ലെബനനിലെ ആക്രമണവും സംബന്ധിച്ച തർക്കത്തിൽ ഇസ്രയേൽ കടുംപിടിത്തവുമായി ഇടപെട്ടതാണ്‌ സമാധാനനീക്കത്തിന്‌ തടസമായതെന്നാണ്‌ വെളിപ്പെടുന്നത്‌. ഇറാനുമായുള്ള ഏതു കരാറും അവരുടെ ഭാഗത്തുനിന്നുള്ള ‘ആണവഭീഷണി' പൂർണമായും ഇല്ലാതാക്കുന്നതായിരിക്കണമെന്ന് ട്രംപും താനും നടത്തിയ ചർച്ചയിൽ ധാരണയായതായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു പറഞ്ഞു. അതേസമയം, ലെബനൻ ഉൾപ്പെടെയുള്ള മേഖലകളിൽനിന്നുള്ള ഭീഷണികൾക്കെതിരെ സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെ ട്രംപ് പിന്തുണച്ചതായും നെതന്യാഹു എക്‌സിൽ കുറിച്ചു. യുദ്ധം നീണ്ടുനിന്നാൽ അമേരിക്കയുടെ സന്പദ്‌വ്യവസ്ഥക്ക്‌ വൻതിരിച്ചടിയാകുമെന്നും ഇറാൻ പ്രതികരിച്ചു.


മൂന്നുഘട്ടമായി സമാധാനപ്രക്രിയ നടപ്പാക്കാനുള്ള കരാറിന്‌ ധാരണയായെന്നാണ്‌ നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. യുദ്ധം ഔദ്യോഗികമായി അവസാനിപ്പിക്കുക, 30 ദിവസത്തിനുള്ളിൽ ഹോർമുസ് കടലിടുക്ക് പൂർണമായി തുറന്നുകൊടുത്ത്‌ സുഗമമായ നടത്തിപ്പിന്‌ വ്യവസ്ഥയുണ്ടാക്കുക, ഇറാനെതിരായ യുഎസ് ഉപരോധം നീക്കുക എന്നിവയായിരുന്നു പ്രധാന വ്യവസ്ഥകൾ. അമേരിക്കയുടെ ആവശ്യങ്ങൾ അംഗീകരിക്കണമെങ്കിൽ മരവിപ്പിച്ച വിദേശഫണ്ടുകൾ വിട്ടുനൽകണമെന്നും ലെബനനിലെ ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടു. തർക്കവിഷയമായ ഇറാന്റെ ആണവപദ്ധതിയെക്കുറിച്ച്‌ കരാർ ഒപ്പിട്ട് 30 മുതൽ 60 ദിവസത്തിനുള്ളിൽ പ്രത്യേക ചർച്ച നടത്താനും ധാരണയായിരുന്നു. ധാരണാപത്രം അംഗീകരിച്ച്‌ ഇരുരാജ്യങ്ങളും വെള്ളിയാഴ്‌ച കൂടുതൽ ചർച്ച നടത്താനിരിക്കെയാണ്‌ നിർണായക വിഷയങ്ങളിൽ ഇടപെട്ട്‌ ഇസ്രയേൽ വീണ്ടും പ്രശ്‌നം വഷളാക്കിയത്. ഇറാനെ ആക്രമിച്ചാൽ കനത്ത തിരിച്ചടി നൽകുമെന്ന് സൈനിക നേതൃത്വം മുന്നറിയിപ്പ് നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home