ഹിസ്ബുള്ളയുമായുള്ള വെടിനിർത്തൽ കരാർ; ഇസ്രയേൽ സൈന്യം തെക്കൻ ലബനനിൽ തുടരും

photo credit: X
ജറുസലേം: ഹിസ്ബുള്ളയുമായുള്ള വെടിനിർത്തൽ കരാറിൽ വ്യവസ്ഥ ചെയ്തിട്ടുള്ള 60 ദിവസത്തെ സമയപരിധിക്കപ്പുറം സൈന്യം തെക്കൻ ലബനനിൽ തുടരുമെന്ന് ഇസ്രയേൽ. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
നവംബർ 27നാണ് ഉടമ്പടി പ്രാബല്യത്തിൽ വന്നത്. അറുപത് ദിവസത്തിനുള്ളിൽ ലിറ്റാനി നദിയുടെ തെക്ക് ഭാഗങ്ങളിൽ നിന്ന് ഹിസ്ബുള്ളയുടെ സൈന്യത്തെയും ആയുധങ്ങളും നീക്കം ചെയ്യണം, ലബനീസ് സൈന്യം മേഖലയിലേക്ക് വിന്യസിക്കുന്നതിനാൽ ഇസ്രയേൽ സൈന്യം ഇവിടെ നിന്ന് പിൻവാങ്ങണം എന്നായിരുന്നു കരാറിൽ പറഞ്ഞിരുന്നത്.
എന്നാൽ തെക്കൻ ലെബനനിൽ ഇസ്രയേൽ സൈന്യം എത്രനാൾ തുടരുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചില്ല. തെക്കൻ ലെബനനിലെ ഹിസ്ബുള്ളയുടെ ആയുധങ്ങൾ പിടിച്ചെടുക്കുകയും ഷിയ സായുധ സംഘം ഉപയോഗിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ ഇസ്രയേൽ സൈന്യം തകർക്കുകയും ചെയ്‌തതായി റിപ്പോർട്ടുകൾ പുറത്തുവന്നു.
അമേരിക്കയും ഫ്രാൻസും ചേർന്ന് നടത്തിയ വെടിനിർത്തൽ കരാർ ഇസ്രയേലും ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയും അംഗീകരിക്കുകയായിരുന്നു. വെടിനിർത്തൽ പദ്ധതി ചർച്ചചെയ്യാൻ വേണ്ടി നവംബറിൽ വൈറ്റ്ഹൗസ് പ്രതിനിധി എമസ് ഹോക്സ്റ്റൈൻ ലബനനും ഇസ്രയേലും സന്ദർശിച്ചു. എന്നാൽ വെടിനിർത്തൽ കരാർ എത്രകാലം നിലനിൽക്കുമെന്ന് ആശങ്കയുണ്ടായിരുന്നു. ഇസ്രയേൽ സൈന്യം പൂർണ്ണമായും പിൻമാറുന്നതുവരെ തെക്കൻ ലബനനിലെ അതിർത്തി മേഖലയിലെ വീടുകളിലേക്ക് ജനങ്ങൾ വരരുതെന്ന് ലബനീസ് സൈന്യം മുന്നറിയിപ്പ് നൽകിയിട്ടുണ്ടായിരുന്നു.









0 comments