​ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം: 23 പേര്‍ കൊല്ലപ്പെട്ടു; മരിച്ചവരിൽ മൂന്ന് മാധ്യമപ്രവർത്തകരും

gaza attack124

PHOTO CREDIT: X

വെബ് ഡെസ്ക്

Published on Jun 05, 2025, 05:31 PM | 1 min read

​ഗാസ സിറ്റി: ഗാസയിൽ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം. മൂന്ന് മാധ്യമപ്രവർത്തകർ ഉൾപ്പെടെ 20ലേറെയാളുകൾ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പലസ്തീൻ ടുഡേയ്ക്ക് വേണ്ടി ജോലി ചെയ്തിരുന്ന ഇസ്മായിൽ ബദ, സുലൈമാൻ ഹാജ എന്നിവരും കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമമായ അൽ ജസീറ റിപ്പോർട്ട് ചെയ്തു. ​


ഗാസ സിറ്റിയിലെ അൽ അഹ്‌ലി ബാപ്റ്റിസ്റ്റ് ആശുപത്രിക്ക് നേരെയാണ് ഇസ്രയേലി ഡ്രോൺ ആക്രമണം ഉണ്ടായത്. മൂന്ന് മാധ്യമപ്രവർത്തകർ സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു. ആക്രമണത്തിൽ ഗുരുതരമായ പരിക്കേറ്റ മറ്റൊരു പത്രപ്രവർത്തകൻ ആശുപത്രിക്കുള്ളിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായതായും അൽ ജസീറ റിപ്പോർട്ട് ചെയ്തു.


വ്യാഴാഴ്ച നടന്ന ഇസ്രായേലി വ്യോമാക്രമണത്തിൽ 23 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ തെക്കൻ ഗാസയിലെ അൽ-മവാസിയിൽ ആറ് പേർ ഉൾപ്പെടുന്നതായാണ് വിവരം. ഗാസ സിറ്റിയുടെ തെക്കൻ ഭാഗത്ത് നടന്ന ആക്രമണത്തിൽ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. 2023 ൽ ​ഗാസയിൽ യുദ്ധം ആരംഭിച്ചതിന് ശേഷം ഇത് എട്ടാം തവണയാണ് ആശുപത്രി ആക്രമിക്കുന്നത്.


2023 ഒക്ടോബർ 7 മുതൽ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 54,677 ആയി ഉയർന്നതായും 125,530 പേർക്ക് പരിക്കേറ്റതായും ഗാസ ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കുറഞ്ഞത് 70 പേർ കൊല്ലപ്പെട്ടുവെന്നും 189 പേർക്ക് പരിക്കേറ്റ് ഗാസയിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചുവെന്നും മന്ത്രാലയം പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home