ഗാസയിൽ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം: 64 പേർ കൊല്ലപ്പെട്ടു

gaza attack
വെബ് ഡെസ്ക്

Published on May 16, 2025, 03:58 PM | 1 min read

ഗാസ സിറ്റി: ഗാസയിൽ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം. 64 പേർ കൊല്ലപ്പെട്ടതായി വിവിധ ആശുപത്രികൾ സ്ഥിരീകരിച്ചു. ദേർ അൽ-ബലാഹിലും ഖാൻ യൂനിസിലും ഇന്ന് രാവിലെ വരെ നീണ്ടുനിന്ന ആക്രമണങ്ങളിലാണ് ഇവർ കൊല്ലപ്പെട്ടത്. 48 മൃതദേഹങ്ങൾ ഇന്തോനേഷ്യൻ ആശുപത്രിയിലേക്കും 16 മൃതദേഹങ്ങൾ നാസർ ആശുപത്രിയിലേക്കും കൊണ്ടുപോയതായി അധികൃതർ പറഞ്ഞു.


ഗാസയിൽ രൂക്ഷമായ ആക്രമണം ഇസ്രയേൽ തുടരുകയാണ്. മുനമ്പിലുടനീളം വ്യാഴാഴ്‌ച പുലർച്ചെ മുതൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 115 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഖാൻ യൂനിസിന്റെ തെക്കൻ നഗരത്തിൽ ഒറ്റരാത്രികൊണ്ട് കുടിയിറക്കപ്പെട്ട കുടുംബങ്ങളെ പാർപ്പിച്ച വീടുകളിലും കൂടാരങ്ങളിലും ബോംബുകൾ വർഷിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 61 പേർ ഇവിടെ കൊല്ലപ്പെട്ടു. ഇതിൽ 36 പേരും കുട്ടികളാണ്‌. നിരവധി കുടുംബങ്ങൾ പൂർണമായി തുടച്ചുനീക്കപ്പെട്ടു.


വടക്കൻ പട്ടണമായ ജബാലിയയിലും ഇസ്രയേൽ ശക്തമായ ആക്രമണം നടത്തി. ജബാലിയ അഭയാർഥിക്യാമ്പിലെ ഹെൽത്ത് ക്ലിനിക്കിലും പ്രാർഥനാഹാളിലും വ്യാഴാഴ്ച നടന്ന ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. കരയാക്രമണം വിപുലീകരിക്കുന്നതിന് മുന്നോടിയായി അടിസ്ഥാന സൗകര്യങ്ങൾ തച്ചുതകർക്കാൻ വ്യോമാക്രമണം ശക്തമാക്കാൻ ഇസ്രയേലി പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു സൈന്യത്തിന്‌ നിർദ്ദേശം നൽകിയിട്ടുണ്ട്‌.


അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പശ്ചിമേഷ്യ സന്ദർശിക്കുകയും ഹമാസും ഇസ്രയേലും തമ്മിലുള്ള പുതിയ വെടിനിർത്തൽ, ബന്ദിമോചന കരാറിനെക്കുറിച്ച്‌ പരോക്ഷചർച്ച തുടരുകയും ചെയ്യുന്നതിനിടയിലാണ് ആക്രമണം ശക്തമായി തുടരുന്നത്. ട്രംപ് ഗൾഫ് രാജ്യങ്ങളിലേക്കുള്ള സന്ദർശനം പൂർത്തിയാക്കി ഇസ്രയേൽ സന്ദർശനം ഒഴിവാക്കിയിരുന്നു. ​ഗാസയുടെ നേർക്കുള്ള ഇസ്രയേലി പ്രതിരോധം മൂന്ന് മാസം കടന്നിരിക്കുകയാണ്. ആക്രമണത്തിന് പിന്നാലെ ജബാലിയ അഭയാർഥി ക്യാമ്പിൽ നിന്നും ബെയ്ത്ത് ലാഹിയ പട്ടണത്തിൽ നിന്നും ആളുകൾ പലായനം ചെയ്തു.


2023 ഒക്ടോബർ 7 ന് തെക്കൻ ഇസ്രായേലിലേക്ക് ഹമാസ് നടത്തിയ കടന്നുകയറ്റത്തിൽ 1,200 പേർ കൊല്ലപ്പെട്ടതോടെയാണ് യുദ്ധം ആരംഭിച്ചത്. ഇസ്രായേലിന്റെ പ്രത്യാക്രമണത്തിൽ 53,000-ത്തിലധികം പലസ്തീൻകാർ കൊല്ലപ്പെട്ടു. ഇവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. മാർച്ച് 18 ന് ഇസ്രായേൽ വെടിനിർത്തൽ ലംഘിച്ചതിനുശേഷം ഏകദേശം 3,000 പേർ കൊല്ലപ്പെട്ടതായി മന്ത്രാലയം അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Home