print edition ഇസ്രയേലിന്റെ ക്രൂരത; വെസ്റ്റ്ബാങ്കിൽ കൊന്നൊടുക്കിയത് 174 കുരുന്നുകളെ

ന്യൂയോർക്ക്: അധിനിവേശ വെസ്റ്റ്ബാങ്കിലും കിഴക്കൻ ജറുസലേമിലുമായി 2024 ജനുവരി മുതൽ ഇസ്രയേലി സൈന്യം കൊന്നെടുക്കിയത് 174 പലസ്തീൻ കുട്ടികളെ. 1,500-ലധികം കുട്ടികൾക്ക് പരിക്കേറ്റു. വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ അധിനിവേശസേന ആഴ്ചയിൽ ഒന്നിലധികം കുഞ്ഞുങ്ങളെ കൊലപ്പെടുത്തുന്നുവെന്ന് ഐക്യരാഷ്‌ട്ര ഏജൻസിയായ യുനിസെഫ് വെളിപ്പെടുത്തി. ഭയന്നോടിയ കുട്ടികളെ സൈനികർ പിന്നിൽനിന്ന് വെടിവെച്ചുവീഴ്‌ത്തിയതായി യുഎൻ രക്ഷാസമിതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ യുസിസെഫ് സ്ഥിരീകരിച്ചു.
അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് 355 പലസ്തീൻ കുട്ടികളെയാണ് ഇസ്രയേലി സൈനിക തടവറകളിൽ അടച്ചിട്ടിരിക്കുന്നത്. എട്ടുവർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. 164 പേരെയും കുറ്റപത്രമോ വിചാരണയോ ഇല്ലാതെ കരിനിയമങ്ങൾ പ്രകാരമാണ് തടവിലാക്കിയത്. പലസ്തീൻ കുട്ടികളെ ക്രൂരമായി മർദ്ദിച്ചും കുത്തിപ്പരിക്കേൽപ്പിച്ചും കുരുമുളക് സ്‌പ്രേ പ്രയോഗിച്ചും സൈന്യം ക്രൂരവിനോദത്തിലേർപ്പെടുകയാണ്.
ലോകത്തെവിടെയുമുള്ള കുട്ടികളെപ്പോലെ സമാധാനത്തോടെ ജീവിക്കാനും പഠിക്കാനും ഭയമില്ലാത്ത ഭാവി സ്വപ്നംകാണാനും പലസ്തീനിലെ കുട്ടികൾക്കും അവകാശമുണ്ടെന്ന് യുനിസെഫ് ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഡയറക്ടർ ഹന്നാൻ സുലൈമാൻ പറഞ്ഞു.










0 comments