സമരത്തിനൊരുങ്ങി തീരദേശ ജനകീയ സമിതി
തൈക്കടപ്പുറത്ത് വീണ്ടും മണലൂറ്റ് സജീവം

നീലേശ്വരം
തീരദേശ മേഖലയിൽ തേജസ്വിനിപ്പുഴയിൽ ഇരുളിന്റെ മറവിൽ അനധികൃതമായി മണലൂറ്റ് വീണ്ടും സജീവം. തൈക്കടപ്പുറത്താണ് മണലൂറ്റ് തകൃതിയായി നടക്കുന്നത്. തീരദേശ ജനകീയ സമിതി ശക്തമായ പ്രതിരോധ സമരം നടത്തുകയും പൊലീസ് ഇടപെടുകയുംചെയ്തതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ 6 മാസത്തോളമായി നിലച്ച മണൽകൊള്ളയാണ് വീണ്ടും സജീവമായത്. പ്രകൃതിക്ഷോഭംമൂലം നാട് വിറങ്ങലിച്ച് നിൽക്കുകയാണ്. കടൽക്ഷോഭത്താൽ കരയിടിഞ്ഞ് തീരദേശവാസികൾ വീടുകൾ മാറി താമസിക്കേണ്ടിവരുന്ന സാഹചര്യത്തിൽ മനുഷ്യനിർമിത പ്രകൃതിക്ഷോഭം വിളിച്ച് വരുത്തുന്ന അനധികൃത മണലൂറ്റിനെതിരെ പ്രതിഷേധം ശക്തമാണ്. തീരദേശ മേഖലയായ തൈക്കടപ്പുറത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന മണൽ മാഫിയക്കെതിരെ തീരദേശ ജനകീയ സമിതി പ്രക്ഷോഭ സമരം ശക്തമാക്കാൻ തീരുമാനിച്ചു. എല്ലാ വിഭാഗം ആളുകളും മണലൂറ്റ് പ്രതിരോധ സമരത്തിൽ പങ്കെടുക്കണമെന്നും തീരദേശ ജനകീയ സമര സമിതി അറിയിച്ചു. ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവർക്ക് പരാതി നൽകാനും തീരുമാനിച്ചു.










0 comments