തെഹ്റാനിൽ തീമഴ; നിഷ്ഠുര ആക്രമണം അഴിച്ചുവിട്ട് ഇസ്രയേൽ

ടെൽ അവീവ്/തെഹ്‌റാൻ: യുദ്ധക്കൊതിയോടെയുള്ള കടന്നാക്രമണത്തിന് ശക്തമായ തിരിച്ചടിയേറ്റതോടെ ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ നിഷ്ഠുര ആക്രമണം അഴിച്ചുവിട്ട് ഇസ്രയേൽ. ജനവാസകേന്ദ്രങ്ങളിലേക്കും കുട്ടികളുടെ ആശുപത്രിയിലേക്കും ബോംബിട്ട ഇസ്രയേൽ ഇറാന്റെ ഔദ്യോഗിക ദൃശ്യമാധ്യമസ്ഥാപനവും തകർത്തു. വനിതാ അവതാരകയുടെ തത്സമയ സംപ്രേഷണത്തിനിടെ ഉഗ്രസ്ഫോടനം ഉണ്ടാകുന്ന ദൃശ്യം പുറത്തുവന്നു. നിങ്ങൾ ഇപ്പോൾ കേൾക്കുന്നത് സത്യത്തെ ആക്രമിക്കുന്ന കടന്നുകയറ്റക്കാരന്റെ ശബ്ദമാണെന്ന് അവതാരക സഹർ ഇമാമി പറയുമ്പോഴാണ് ബോംബ് പതിച്ചത്.
ചാനലിന്റെ ബഹുനിലകെട്ടിടം കത്തുന്നത് പുറത്തുനിന്ന് സാമൂഹമാധ്യമത്തിലൂടെ ലൈവായി മാധ്യമപ്രവർത്തകൻ റിപ്പോർട്ട് ചെയ്യുന്ന ദൃശ്യവും പുറത്തുവന്നു. കെട്ടിടത്തിനുള്ളിൽ എന്റെ എത്ര സഹപ്രവർത്തകർ കുടുങ്ങിയെന്ന് അറിയില്ലെന്ന് റിപ്പോർട്ടർ യൂനസ് ഷദ്ലൗ പറയുന്നു.
ഇറാൻ സെെനിക വാഹനവ്യൂഹത്തെയും ഇസ്രയേൽ ആക്രമിച്ചു. ഗൊലാൻ കുന്നുകളിൽ ഇറാന്റെ യുദ്ധവിമാനം വെടിവച്ചിട്ടതായി ഇസ്രയേൽ അവകാശപ്പെട്ടു.
അതേസമയം, ടെൽ അവീവിനെയും ഹൈഫയേയും ലക്ഷ്യമാക്കി ഇറാൻ മിസൈലാക്രമണം ശക്തമാക്കി. ഹൈഫയിലെ എണ്ണശുദ്ധീകരണശാല തകർത്തു. ടെൽ അവീവിലെ യുഎസ് എംബസിക്ക് സമീപത്തും ഇറാന്റെ മിസൈൽ പതിച്ചു. ടെൽഅവീവിലെ സൈനിക മേഖലയിൽനിന്ന് സാധാരണക്കാർ ഒഴിഞ്ഞുപോകണമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. അഭയകേന്ദ്രങ്ങളിലേക്ക് നീങ്ങാൻ പൗരരോട് ഇസ്രയേൽ നിർദേശിച്ചു. ആഭ്യന്തര അടിയന്തരാവസ്ഥ ഈ മാസം 30 വരെ നീട്ടി. ഇറാൻ പരമോന്നത നേതാവ് ആയത്തൊളള അലി ഖമനേയിയെ വധിച്ചാൽ യുദ്ധം അവസാനിപ്പിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു.
ഇറാന്റെ ആണവകേന്ദ്രങ്ങൾ പൂർണമായി തകർക്കുമെന്ന് നെതന്യാഹു ഭീഷണിമുഴക്കിയതിന് പിന്നാലെയാണ് തെഹ്റാനിൽ തീമഴയുണ്ടായത്. 3.34 ലക്ഷംപേർ അധിവസിക്കുന്ന തെഹ്റാനിലെ ഡിസ്ട്രിക്ട് മൂന്നിൽനിന്നും കൂട്ടപലായനമുണ്ടായി. യുഎസ് നാവിക സേനയുടെ ഏറ്റവും വലിയ വിമാനവാഹിനി കപ്പൽ പശ്‌ചിമേഷ്യ ലക്ഷ്യമാക്കി നീങ്ങി. സംഘർഷം ലഘൂകരിക്കാൻ ഇറാൻ ഉടൻ ചർച്ചയ്ക്ക് തയാറാകണമെന്ന് ട്രംപ് ഭീഷണി മുഴക്കി. സംഘർഷം അവസാനിപ്പിക്കാൻ ആത്മാർഥമായി ആഗ്രഹിക്കുന്നെങ്കിൽ ട്രംപ്, നെതന്യാഹുവിനെ ടെലഫോണിൽ വിളിച്ചാൽ മാത്രംമതിയെന്ന് ഇറാൻ വിദേശമന്ത്രി അബ്ബാസ് അറാഗ്ചി പ്രതികരിച്ചു.
ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനിടെ ഇസ്രയേൽ ആക്രമണമുണ്ടായി. തെഹ്‌റാനിൽ നിന്ന് 140 കിലോമീറ്റർ തെക്കുള്ള ഖോം നഗരത്തിലേക്കാണ് വിദ്യാർഥികളെ ഇന്ത്യൻ എംബസി മാറ്റുന്നത്. വിദ്യാർഥികളുമായി പോയ ബസ് പാതിവഴിയിൽ കുടുങ്ങി.
ഇറാനിൽ 224 പേർ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രയേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 24 ആയി.
ഇറാൻ വ്യോമപരിധിയിലെ പ്രതിരോധ സംവിധാനങ്ങൾ തകർത്തെന്നും പടിഞ്ഞാറൻ മേഖല മുതൽ തെഹ്‌റാൻവരെയുള്ള വ്യോമപരിധി പൂർണമായും തങ്ങളുടെ നിയന്ത്രണത്തിലാണെന്നും ഇസ്രയേൽ അവകാശപ്പെട്ടു.
ഇറാന്റെ സൈനിക രഹസ്യാന്വേഷണ വിഭാഗത്തിന്റെ മേധാവിയെയും ഉപമേധാവിയെയും വധിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു. നെതന്യാഹുവിന്റെ സിസേറയിലെ കുടുംബ വസതിക്ക് നേരെയും മിസൈലാക്രമണം നടന്നു. നെതന്യാഹുവോ കുടുംബാംഗങ്ങളോ വസതിയിലുണ്ടായിരുന്നില്ല. ഇരു രാജ്യങ്ങളിലുമുള്ള ഊർജനിലയങ്ങൾ ആക്രമിക്കപ്പെട്ടു.








0 comments