ഖമനേയിയെ വധിക്കുമെന്ന് പരസ്യഭീഷണി മുഴക്കി ഇസ്രയേൽ പ്രതിരോധമന്ത്രി

ടെൽ അവീവ് : ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ വധിക്കുമെന്ന് ഭീഷണി മുഴക്കി ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ്. ഖമനേയിയെ ഇനിയും നിലനിൽക്കാൻ അനുവദിക്കാനാവില്ലെന്നും ആധുനിക കാലത്തെ ഹിറ്റ്‌ലറാണ് ഖമനേയിയെന്നും കാറ്റ്സ് പറഞ്ഞു. തലസ്ഥാന നഗരമായ ടെൽ അവീവിൽ ഉൾപ്പെടെ അഞ്ചോളം സ്ഥലങ്ങളിൽ ഇറാന്റെ മിസൈലാക്രമണം നടന്നതിനുപിന്നാലെയാണ് പരസ്യ ഭീഷണി.
പശ്ചിമേഷ്യയിൽ ഇസ്രയേൽ കൊളുത്തിയ സംഘർഷത്തിന് മറുപടിയെന്നോണമാണ് ഇന്ന് ഇസ്രയേലി നഗരങ്ങളിൽ ഇറാൻ വ്യോമാക്രമണം നടത്തിയത്. ടെൽ അവീവ്, രാമത് ഗാൻ, ഹൂളൻ തുടങ്ങിയ സ്ഥലങ്ങളിൻ നാശനഷ്ടമുണ്ടായി. തെക്കൻ ഇസ്രയേൽ നഗരത്തിലെ സൊറോക മെഡിക്കൽ കോളേജ് ആശുപത്രിക്ക് വൻ നാശനഷ്ടമുണ്ടായതായും മുപ്പതിലേറെപ്പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
ഖമനേയിയെ കണ്ടെത്താനും ഇല്ലാതാക്കാനും ഇസ്രയേൽ പ്രതിരോധസേന (ഐഡിഎഫ്) കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെന്നും നിലവിൽ ഇസ്രയേലിനെകിരെ നടക്കുന്ന ആക്രമണങ്ങൾക്കെല്ലാം നേതൃത്വം നൽകുന്നത് ഖമനേയിയാണെന്നും കാറ്റ്സ് ആരോപിച്ചു. ഭീരുവായ ഇറാനിയൻ സ്വേച്ഛാധിപതിയെന്ന് ഖമനേയിയെ വിശേഷിപ്പിച്ച കാറ്റ്സ് ഇറാനിലെ ആക്രമണങ്ങളുടെ തീവ്രത വർധിപ്പിക്കാൻ പ്രധാനമന്ത്രിയും താനും സൈന്യത്തിനു നിർദേശം നൽകിയതായും കൂട്ടിച്ചേർത്തു.
മുമ്പ് ഇസ്രയേലിനു പിന്തുണ നൽകുന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഖമനേയിക്കെതിരെ ഭീഷണിയുമായി രംഗത്തെത്തിയിരുന്നു. ഖമനേയി നിരുപാധികം കീഴടങ്ങണമെന്നും ആക്രമണം വർധിപ്പിക്കുമെന്നുമായിരുന്നു ട്രംപിന്റെ ഭീഷണി. എന്നാൽ കീഴടങ്ങാനുള്ള ട്രംപിന്റെ തീട്ടൂരം ഇറാൻ തള്ളിയിരുന്നു. സൈനിക നടപടിക്കിറങ്ങിയാൽ അപരിഹാര്യമായ നാശനഷ്ടം നേരിടേണ്ടിവരുമെന്ന് ഖമനേയി അമേരിക്കക്ക് മുന്നറിയിപ്പ് നൽകി. അടിച്ചേൽപ്പിക്കുന്ന യുദ്ധമോ സമാധാനമോ ഇറാൻ അംഗീകരിക്കില്ലെന്നും അദ്ദേഹം ഔദ്യോഗിക ടെലിവിഷനിലൂടെ വ്യക്തമാക്കിയിരുന്നു.
ശബ്ദത്തേക്കാൾ അഞ്ചിരട്ടി വേഗമുള്ള ഹൈപ്പർസോണിക് മിസൈൽ ഇസ്രയേലിലേക്ക് തൊടുത്തതായും ഇറാൻ വെളിപ്പെടുത്തിയിരുന്നു. ട്രംപ് കീഴടങ്ങാൻ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ഫത്താ–1 മിസൈൽ പ്രയോഗിച്ചത്. ഇറാനുമേൽ ഇസ്രയേൽ തുടക്കമിട്ട ആക്രമണത്തെ തുടർന്നുള്ള സംഘർഷം ഒരാഴ്‌ചയിലേക്കെത്തവെ ഇരുരാജ്യങ്ങളിലും മിസൈൽവർഷം തുടരുകയാണ്. ഇറാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 600 കവിഞ്ഞു. ഇസ്രയേലിൽ 24 പേർ കൊല്ലപ്പെട്ടതായാണ് സ്ഥിരീകരിച്ച റിപ്പോർട്ട്. ഇറാനിലെ സെൻട്രിഫ്യൂജ് ഉൽപ്പാദനവും ആയുധസൗകര്യങ്ങളും ഉൾപ്പെടെ 40 സ്ഥലങ്ങൾ ബുധനാഴ്‌ച ആക്രമിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു.








0 comments