ad
Deshabhimani

'ഞാൻ പറയുന്നത് ഇസ്രയേൽ കേൾക്കും'; ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ലബനനിൽ ഇസ്രയേൽ വ്യോമാക്രമണം, 5 മരണം

Lebanon_Israel
വെബ് ഡെസ്ക്

Published on Jun 20, 2026, 02:24 PM | 1 min read

വാഷിംഗ്ടൺ/ബെയ്റൂട്ട്: ഇസ്രയേൽ സൈനിക നടപടികൾ പൂർണ്ണമായും തന്റെ നിയന്ത്രണത്തിലാണെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദത്തിന് തൊട്ടുപിന്നാലെ, ലബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ഇരുവിഭാഗവും തമ്മിൽ താല്‍കാലിക വെടിനിർത്തൽ കരാറിലെത്തി ഒരു ദിവസം തികയും മുൻപാണ് കരാർ ലംഘിച്ച് ഇസ്രയേൽ ദക്ഷിണ ലബനനിൽ വ്യാപകമായ ആക്രമണം നടത്തിയത്.


ലബനനിലെ ആക്രമണങ്ങൾ തടയാൻ അമേരിക്കയ്ക്ക് സാധിക്കുമോ എന്ന ചോദ്യത്തിന്, "ഇസ്രയേലിന് എന്നോട് വലിയ ബഹുമാനമാണെന്നും അവർ ഞാൻ പറയുന്നത് പോലെ ചെയ്യുമെന്നും" ട്രംപ് കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി നല്ല ബന്ധമാണുള്ളതെന്നും എന്നാൽ അദ്ദേഹത്തെ 'നിയന്ത്രിച്ചു നിർത്തേണ്ടതുണ്ടെന്നും' ട്രംപ് കൂട്ടിച്ചേർത്തു. താൻ ഇടപെട്ടില്ലായിരുന്നെങ്കിൽ ഇസ്രായേൽ എന്ന രാജ്യം തന്നെ ഇല്ലാതാകുമായിരുന്നെന്നും യുഎസ് പ്രസിഡന്റ് അവകാശപ്പെട്ടു.


എന്നാൽ ഈ പ്രസ്താവന വന്ന് മണിക്കൂറുകൾക്കകം തന്നെ ട്രംപിന്റെ വാദങ്ങളെ തള്ളുന്ന രീതിയിലാണ് ഇസ്രയേൽ ലബനനിൽ ആക്രമണം അഴിച്ചുവിട്ടത്. ദക്ഷിണ ലബനനിലെ പത്തിലധികം കേന്ദ്രങ്ങളിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തിയതായി ലബനൻ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കൂടാതെ നബതിയ നഗരത്തിലും പരിസര പ്രദേശങ്ങളിലും ശക്തമായ ഷെല്ലാക്രമണവും നടത്തിയിട്ടുണ്ട്. വെടിനിർത്തൽ കരാർ നിലവിൽ വന്നിട്ടും മേഖലയിൽ യുദ്ധസമാനമായ അന്തരീക്ഷം തുടരുന്നത് വലിയ ആശങ്കയ്ക്കാണ് വഴിവെക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home