അമേരിക്ക ഘനജലം വാങ്ങിച്ച പ്ലാന്റ്
ഇറാനിലെ അരാക് ഘനജല റിയാക്ടറിൽ ഇസ്രയേൽ മിസൈൽ ആക്രണമം

ഇറാനിലെ അരാക് ഘനജല റിയാക്ടറിൽ ഇസ്രായേൽ ആക്രമണം നടത്തിയതായി ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ വ്യാഴാഴ്ച അറിയിച്ചു. അരാക് ഹെവി വാട്ടർ റിയാക്ടർ ടെഹ്‌റാനിൽ നിന്ന് 250 കിലോമീറ്റർ തെക്ക് പടിഞ്ഞാറാണ്.
ആണവ റിയാക്ടറുകളെ തണുപ്പിക്കാനാണ് ഘനജലം ഉപയോഗിക്കുന്നത്. ഉപോൽപ്പന്നമായി പ്ലൂട്ടോണിയം വേർതിരിച്ചെടുക്കുകയും ചെയ്യുന്നു. വ്യാഴാഴ്ച ആക്രമണ മുന്നറിയിപ്പ് നൽകിയ ശേഷമാണ് സ്ഫോടനങ്ങൾ. ആളുകളോട് നേരത്തെ തന്നെ പരിസരത്ത് നിന്ന് ഒഴിഞ്ഞു പോകാൻ ഇറാൻ സേന നിർദ്ദേശം നൽകിയിരുന്നു.
പ്രവർത്തന രഹിതമായ പ്ലാന്റ് ആയതിനാൽ ആണവ വികിരണ ഭീഷണിയില്ലെന്നാണ് റിപ്പോർട്.
1990 കളിൽ ആണവ വിതരണ രാജ്യങ്ങൾ പ്ലൂട്ടോണിയത്തിനായുള്ള ഇറാന്റെ അഭ്യർഥന തള്ളിയതിനെ തുടർന്ന് 2003 ലാണ് രഹസ്യമായി ഘനജല ഗവേഷണ റിയാക്ടർ വികസിപ്പിക്കാൻ തുടങ്ങിയത്.
2015 ൽ ലോക രാജ്യങ്ങളുടെ അഭ്യർഥന മാനിച്ച് ഇറാൻ ആണവ കരാർ ഒപ്പു വെച്ചു. 2016 ഓടെ പ്ലാന്റ് നിർത്തി വെച്ചു. 2019 ൽ, ഇറാൻ ഹെവി വാട്ടർ റിയാക്ടറിന്റെ ദ്വിതീയ സർക്യൂട്ട് ആരംഭിച്ചു, 2015 ലെ ആണവ കരാർ ലംഘിക്കാതെ വ്യവസ്ഥകൾ പ്രകാരമായിരുന്നു ഇത്. മെയ് 14 ന് ഐഎഇഎ ഇൻസ്പെക്ടർമാർ അറക് സന്ദർശിച്ചിരുന്നു. എന്നാൽ പൂർണ്ണമായ പരിശോധന സാധ്യമായില്ല എന്നായിരുന്നു പ്രതികരണം.
അമേരിക്ക ഘനജലം വാങ്ങിച്ച പ്ലാന്റ്
ഇറാനിയൻ ആണവ കേന്ദ്രങ്ങൾ ആക്രമിക്കരുതെന്ന് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (IAEA), ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ ഏജൻസി എന്നിവയുൾപ്പെടെ നിരവധി അന്താരാഷ്ട്ര ഏജൻസികൾ ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നു.
"പ്ലൂട്ടോണിയം ഉൽപാദനത്തിനായി ഉദ്ദേശിച്ച ഘടകത്തെയാണ് ആക്രമണം ലക്ഷ്യമിട്ടത്, റിയാക്ടർ പുനഃസ്ഥാപിക്കുന്നതും ആണവായുധ വികസനത്തിനായി ഉപയോഗിക്കുന്നതും തടയുന്നതിനാണ് ആക്രമണം," ഇസ്രായേൽ അവകാശപ്പെട്ടു.
2015-ലെ കരാറുമായി ബന്ധപ്പെട്ട ചർച്ചകളുടെ ഭാഗമായി കരാറിന്റെ നിബന്ധനകൾ പാലിക്കുന്നതിനായി ഇറാൻ തങ്ങളുടെ ഘനജലം പടിഞ്ഞാറൻ രാജ്യങ്ങൾക്ക് വിൽക്കാൻ സമ്മതിച്ചിരുന്നു. ഇത് പ്രകാരം അമേരിക്കഏകദേശം 32 ടൺ ഘനജലം 8 മില്യൺ ഡോളറിന് ഇറാനിൽ നിന്നും വാങ്ങി. ആണവ നിർവ്യാപനത്തിനായി പ്രവർത്തിക്കുന്നവരിൽ നിന്ന് കടുത്ത വിമർശനം ക്ഷണിച്ചുവരുത്തിയ ഒരു വിഷയമായിരുന്നു അത്.
ഇതര ആണവ കേന്ദ്രങ്ങളിലും ആക്രമണം
ബുഷെർ, ഇസ്ഫഹാൻ, നടൻസ് എന്നിവിടങ്ങളിലെ ആണവ കേന്ദ്രങ്ങൾ ഇസ്രായേൽ സൈന്യം ആക്രമിച്ചതായും കൂടുതൽ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നതായും ഇറാന്റെ സൈനിക വക്താവിനെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട് ചെയ്തു. ഗൾഫ് തീരത്ത് സ്ഥിതി ചെയ്യുന്ന ഇറാന്റെ ഏക പ്രവർത്തിക്കുന്ന ആണവ നിലയമാണ് ബുഷെർ.
263 സാധാരണക്കാർ ഉൾപ്പെടെ 639 പേർ ഇറാനിൽ കൊല്ലപ്പെട്ടതായും 1,300 ൽ അധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട് ചെയ്യപ്പെടുന്നു. പ്രതികാരമായി, ഇറാൻ ഏകദേശം 400 മിസൈലുകളും നൂറുകണക്കിന് ഡ്രോണുകളും പ്രയോഗിച്ച് ഇസ്രായേലിന് മറുപടി നൽകി. ഇതിൽ കുറഞ്ഞത് 24 പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
0 comments