ദോഹയിൽ അടിയന്തര അറബ്–ഇസ്ലാമിക് ഉച്ചകോടി ചേരും
ഇനിയും ആക്രമിക്കും ; ഭീഷണി തുടർന്ന് ഇസ്രയേൽ , കൂട്ടായി മറുപടി നൽകുമെന്ന് ഖത്തർ

അനസ് യാസിന്‍
Published on Sep 12, 2025, 03:23 AM | 1 min read
മനാമ
ഖത്തറിലെ കടന്നാക്രമണത്തിനെതിരെ ലോകമെങ്ങും പ്രതിഷേധമുയരുന്നതിനിടെ ഭീഷണി തുടർന്ന് ഇസ്രയേൽ. ഹമാസ് നേതാക്കളെ പുറത്താക്കിയില്ലെങ്കിൽ ഖത്തറിനെ ഇനിയും ആക്രമിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു താക്കീതുനൽകി. ഇസ്രയേലിന് കൂട്ടായി മറുപടി നല്‍കുമെന്ന് ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനി തിരിച്ചടിച്ചു. ഖത്തർ, അല്‍ജീരിയ, പാകിസ്ഥാന്‍, സൊമാലിയ തുടങ്ങിയ രാജ്യങ്ങളുടെ അഭ്യര്‍ഥനയെത്തുടര്‍ന്ന് യുഎന്‍ രക്ഷാസമിതി അടിയന്തര യോഗം ചേരുന്നുണ്ട്. ഖത്തര്‍ പ്രധാനമന്ത്രിയും യോഗത്തില്‍ പങ്കെടുക്കും. ഞായർ, തിങ്കൾ ദിവസങ്ങളിൽ ദോഹയിൽ അടിയന്തര അറബ്–ഇസ്ലാമിക് ഉച്ചകോടി ചേരും.
ഖത്തറിൽ ബുധനാഴ്ച നടന്ന ഇസ്രയേൽ ആക്രമണത്തിൽ അഞ്ച് ഹമാസ് അംഗങ്ങളും ഒരു സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു. ഖത്തര്‍ മണ്ണില്‍ ഇനി ഒരു ആക്രമണവും ഉണ്ടാകില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രസ്താവിച്ചതിന് പിന്നാലെയാണ് നെതന്യാഹു ഭീഷണിയുമായി രംഗത്തുവന്നത്. ഹമാസിനെ പുറത്താക്കുകയോ നിയമത്തിനു മുന്നില്‍ കൊണ്ടുവരികയോ ചെയ്തില്ലെങ്കില്‍ തങ്ങള്‍ അതു ചെയ്യുമെന്ന് പറഞ്ഞ നെതന്യാഹു, ഖത്തര്‍ ഹമാസിന് താവളവും ധനസഹായവും നല്‍കുന്നതായും ആരോപിച്ചു. അമേരിക്ക അല്‍ ഖായ്‌ദയെ വേട്ടയാടിയതുപോലെ തങ്ങള്‍ ഹമാസിനെ വേട്ടയാടുമെന്നും നെതന്യാഹു പറഞ്ഞു.
അമേരിക്കയും ഇസ്രയേലും അഭ്യര്‍ഥിച്ചതുപ്രകാരം മധ്യസ്ഥശ്രമങ്ങളുടെ ചട്ടക്കൂടിനുള്ളിലാണ് ഹമാസ് ഓഫീസിന് ഇടംനൽകിയതെന്ന് ഖത്തര്‍ വിദേശ മന്ത്രാലയം വ്യക്തമാക്കി. ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കുന്ന തങ്ങള്‍ക്കുനേരെയുണ്ടായ ആക്രമണം സമാധാനശ്രമങ്ങളെ അട്ടിമറിച്ചെന്ന് ഖത്തര്‍ പ്രധാനമന്ത്രി പറഞ്ഞു. ഇസ്രയേലി ബന്ദികളെ മോചിപ്പിക്കാനുള്ള പ്രതീക്ഷകൾ നഷ്ടമായി. നെതന്യാഹുവിന്റെ നടപടികള്‍ മേഖലയെ അസ്ഥിരതയിലേക്ക് നയിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ ഇസ്രയേലിനെതിരെ ലോകമെങ്ങും പ്രതിഷേധം ഉയരുകയാണ്. ഇസ്രയേൽ ആക്രമണം ഖത്തറിന്റെ പരമാധികാരത്തെ ലംഘിച്ചതായി ഇന്ത്യ അഭിപ്രായപ്പെട്ടു.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ജോര്‍ദാന്‍ കിരീടാവകാശി, പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തുടങ്ങിയ നേതാക്കള്‍ ഖത്തറിലെത്തി പിന്തുണ അറിയിച്ചു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ദോഹയിലെത്തും. നവംബറില്‍ ദുബായില്‍ നടക്കുന്ന എയര്‍ ഷോയില്‍നിന്ന് ഇസ്രയേലി കമ്പനികളെ യുഎഇ വിലക്കിയതായി ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.









0 comments