കരാർ ലംഘിച്ച് ഗാസയെ ആക്രമിച്ചത് 44 ദിവസത്തിനിടെ 497 തവണ , കൊല്ലപ്പെട്ടത് 342 പേർ
print edition വെടിനിർത്തൽ കരാറിന് പുല്ലുവില ; കൂട്ടക്കുരുതി തുടർന്ന് ഇസ്രയേൽ

ഗാസ സിറ്റിയിലെ അൽഷിഫ ആശുപത്രിക്കുനേരെയുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ വിലാപം
ഗാസ സിറ്റി
അമേരിക്കയുടെ മധ്യസ്ഥതയിൽ തയ്യാറാക്കിയ വെടിനിർത്തൽ കരാർ നിലനിൽക്കുന്പോഴും ഗാസയിൽ കൂട്ടക്കുരുതി തുടർന്ന് ഇസ്രയേൽ. ഏറ്റവും ഒടുവിൽ ശനിയാഴ്‌ച ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 24 പേർ കൊല്ലപ്പെട്ടു. വെടിനിർത്തൽ കരാർ നിലവിൽവന്ന് 44 ദിവസത്തിനിടെ 497 തവണയാണ് ഇസ്രയേൽ കരാർ ലംഘിച്ച് ഗാസയെ ആക്രമിച്ചത്. വെടിനിർത്തൽ കരാർ കാറ്റിൽപ്പറത്തിയുള്ള ആക്രമണങ്ങളിൽ 342 പേരാണ് കൊല്ലപ്പെട്ടത്. സ്‌ത്രീകളും കുട്ടികളും പ്രായമായവരുമാണ് കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും.
ഇതിനിടെ ലബനനിലെ തെക്കൻ ബെയ്‌റൂട്ടിൽ ഇസ്രയേൽ സേന നടത്തിയ വ്യോമാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 21 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഹിസ്‌ബുള്ള നേതാവിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രയേൽ അവകാശപ്പെട്ടു.
അമേരിക്ക മുൻകൈയെടുത്ത് തയ്യാറാക്കിയ ഗാസ സമാധാന കരാർ കഴിഞ്ഞ ഒക്‌ടോബർ പത്തിനാണ് വന്നത്. ഇസ്രയേലും ഹമാസും കരാറിൽ ഒപ്പുവച്ചിരുന്നു. ഈജിപ്തിന്റെയും ഖത്തറിന്റെയും മറ്റ് അറബ് രാജ്യങ്ങളുടെയും പിന്തുണയും കരാറിനുണ്ടായിരുന്നു. ബന്ദികളെ മോചിപ്പിക്കുക, ഗാസയിൽ ദീർഘകാലമായി തുടരുന്ന സംഘർഷം അവസാനിപ്പിക്കുക, ഗാസയിൽനിന്നുള്ള ഇസ്രയേൽ സേനയുടെ പിൻമാറ്റം, ഗാസയിലെ മനുഷ്യർക്ക് അടിയന്തര സഹായങ്ങളെത്തിക്കുക, ഗാസ പുനർനിർമാണത്തിന് പിന്തുണ നൽകുക തുടങ്ങിയവയായിരുന്നു കരാറിന്റെ പ്രധാന ലക്ഷ്യങ്ങൾ. എന്നാൽ ഏതാനും ബന്ദികളെ പരസ്‌പരം കൈമാറിയതല്ലാതെ കരാറിലെ മറ്റ് വ്യവസ്ഥകൾ നഗ്നമായി ലംഘിക്കപ്പെട്ടു. ഇസ്രയേൽ ആക്രമണം തുടർന്നു. സഹായവുമായി എത്തിയ ട്രക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. പുനരധിവാസ പ്രവർത്തനങ്ങൾ ഒന്നും നടന്നില്ല. ഇതിന് പിന്നാലെയാണ് തുടർച്ചയായ ആക്രമണവും.
ഹമാസ് അംഗം ഇസ്രയേൽ സൈനികരെ ആക്രമിച്ചതിനാലാണ് കഴിഞ്ഞ ദിവസം ആക്രമിച്ചതെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചത്. പ്രത്യാക്രമണത്തിൽ അഞ്ച് ഹമാസ് അംഗങ്ങളെ വധിച്ചതായും അറിയിച്ചു.
എന്നാൽ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ ആരോപിക്കുന്ന ഹമാസ് അംഗത്തിന്റെ വിവരങ്ങൾ പുറത്തുവിടണമെന്ന് ഹമാസ് ആവശ്യപ്പെട്ടു. കരാർ ലംഘിച്ചുള്ള ആക്രമണങ്ങളിൽ മധ്യസ്ഥ രാജ്യങ്ങൾ ഇടപെടണമെന്നും ഹമാസ് ആവശ്യപ്പെട്ടു. തുടർചർച്ചകൾക്കായി ഹമാസ് നേതാക്കൾ ഇൗജിപ്‌തിലെ കെയ്‌റോയിൽ എത്തിയതായി റിപ്പോർട്ടുണ്ട്.










0 comments