ഇസ്രായേൽ പാർലമെന്റ് പിരിച്ചുവിട്ടു; ഒക്ടോബറിൽ പൊതുതെരഞ്ഞെടുപ്പ്

തെൽ അവീവ്: ഇസ്രായേൽ പാർലമെന്റായ 'ക്നെസെറ്റ്' പിരിച്ചുവിട്ടു. സഖ്യസർക്കാരിന്റെ കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുമ്പ്, നിർണായകവും വിവാദപരവുമായ നിരവധി ബില്ലുകൾ പാസാക്കിയ ശേഷമാണ് വെള്ളിയാഴ്ച പുലർച്ചെ പാർലമെന്റ് പിരിച്ചുവിട്ടത്.
വരുന്ന ഒക്ടോബർ 27-ന് രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടക്കും. അതുവരെ പാർലമെന്റ് ഇനി സമ്മേളിക്കില്ല. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള പാർലമെന്റ് പിരിഞ്ഞു.
ഹമാസ് ആക്രമണത്തെത്തുടർന്നുണ്ടായ യുദ്ധം മൂന്ന് വർഷത്തോട് അടുക്കുമ്പോഴാണ് രാജ്യം തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. അധികാരം നിലനിർത്താൻ നെതന്യാഹുവിന് ഇത്തവണ കടുത്ത പോരാട്ടം തന്നെ നേരിടേണ്ടി വരും. ലോകത്തിന് മുന്നിൽ, അധിനിവേശ അതിക്രമങ്ങളുടെ ഇതുവരെ കാണാത്ത ക്രുരതകളുടെ കറയും പേറിയാണ് നെതന്യാഹുവിന്റെ ഇറക്കം. വംശീയത കത്തിച്ച് ഭരണത്തിൽ തുടരാൻ ശ്രമിച്ചു. എന്നാൽ രാജ്യത്തെ ജനങ്ങളിൽ കൂടുതൽ വംശീയത കുത്തി നിറച്ചത് ഇപ്പോൾ അദ്ദേഹത്തിന് തന്നെ വെല്ലുവിളിയാവുന്നു. പ്രതിപക്ഷത്തെ പ്രമുഖരും ഇതേ വംശീയതയും വിദ്വേഷവും ഉപയോഗിച്ചാണ് പ്രചാരണം കൊഴുപ്പിക്കുന്നത്.
മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് നയിക്കുന്ന ടുഗെദർ പാർട്ടി, മുൻ സൈനിക മേധാവി ഗഡി ഐസൻകോട്ട് എന്നിവര്‍ നേതൃത്വം നൽകുന്ന 'യാഷർ' പാർട്ടി എന്നിവയാണ് ഇപ്പോൾ സർവേകളിൽ മുന്നേറ്റം നടത്തുന്നത്. പ്രതിപക്ഷ സഖ്യത്തിന് അനുകൂലമായി രാജ്യത്ത് വലിയ ജനവികാരം രൂപപ്പെടുന്നതായാണ് പുതിയ സർവേകൾ സൂചിപ്പിക്കുന്നത്. ബെന്യാമിൻ നെതന്യാഹു നയിക്കുന്ന ലിക്വിഡ് പാർട്ടി സര്‍വേകൾ പ്രകാരം പിന്നിലാണ്.
പ്രധാനമന്ത്രി സ്ഥാനത്തേക്ക് ബെന്യാമിൻ നെതന്യാഹുവിനേക്കാൾ കൂടുതൽ ജനപ്രീതി ഇപ്പോൾ ഗഡി ഐസൻകോട്ടിനും (41% - 44%) നഫ്താലി ബെന്നറ്റിനും (43%) ഉണ്ടെന്നാണ് സർവേകൾ സൂചിപ്പിക്കുന്നത്. അഴിമതി ആരോപണങ്ങളും ഒക്ടോബർ 7 ആക്രമണത്തിന് ശേഷമുള്ള യുദ്ധരംഗത്തെ തിരിച്ചടികളുമാണ് നെതന്യാഹുവിനെതിരെ ജനവികാരം ശക്തമാകാൻ കാരണം.
കാലാവധി പൂര്‍ത്തിയാക്കിയ ചരിത്രം
നാല് വർഷത്തെ കാലാവധി തികയ്ക്കുക എന്നത് ഇസ്രായേൽ രാഷ്ട്രീയ ചരിത്രത്തിൽ വളരെ അപൂർവ്വമാണ്. ഇതിനുമുമ്പ് 1988-ലാണ് ഒരു സർക്കാർ കാലാവധി തികച്ചത്. 2019-നും 2022-നും ഇടയിൽ അഞ്ച് തവണയാണ് ഇസ്രായേലിൽ തെരഞ്ഞെടുപ്പ് നടന്നത്. വംശീയതയും യുദ്ധോത്സുകതയും കത്തിച്ചു നിര്‍ത്തിയായിരുന്നു നെതന്യാഹുവിന്റെ ഭരണ തുടര്‍ച്ചയുടെ ചരിത്രം.
പാർലമെന്റ് പിരിച്ചുവിടുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ അൾട്രാ ഓർത്തഡോക്സ് വിഭാഗത്തിൽപ്പെട്ട യുവാക്കൾക്ക് നിർബന്ധിത സൈനിക സേവനത്തിൽ നിന്ന് ഇളവ് നൽകുന്ന രണ്ട് വിവാദ ബില്ലുകൾ പാസാക്കി. അടുത്ത സർക്കാരിൽ അൾട്രാ ഓർത്തഡോക്സ് പാർട്ടികളുടെ പിന്തുണ ഉറപ്പാക്കാനാണ് നെതന്യാഹുവിന്റെ ഈ നീക്കം.
മാധ്യമങ്ങൾക്ക് വിലങ്ങ്
മാധ്യമങ്ങൾക്ക് മേലുള്ള സർക്കാർ നിയന്ത്രണം വർദ്ധിപ്പിക്കാനും അറ്റോർണി ജനറലിന്റെ അധികാരം പരിമിതപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ജുഡീഷ്യൽ പരിഷ്കരണ ബില്ലുകൾ സർക്കാർ പാസാക്കി. നെതന്യാഹുവിന്റെ ഈ നീക്കങ്ങളെ നിലവിലെ അറ്റോർണി ജനറൽ ഗാലി ബഹാരവ് മിയാര ശക്തമായി എതിർത്തിരുന്നു. പക്ഷേ ബില്ല് എളുപ്പം പാസാക്കി. നാല് വർഷത്തെ കാലാവധി പൂർത്തിയാക്കാൻ കഴിഞ്ഞത് വലിയ നേട്ടമായി കാണുന്നുവെന്ന് ക്നെസെറ്റ് സ്പീക്കർ അമീർ ഒഹാന പറഞ്ഞു. "നമ്മൾ വിജയകരമായി നാല് വർഷത്തെ കാലാവധി പൂർത്തിയാക്കി. ഒമ്പത് ബജറ്റുകളും നൂറുകണക്കിന് ബില്ലുകളും പാസാക്കാൻ കഴിഞ്ഞു. എനിക്ക് നൽകിയ വിശ്വാസത്തിന് നന്ദി പറയുന്നു," പാർലമെന്റ് പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചുകൊണ്ട് സ്പീക്കർ പറഞ്ഞു. നെതന്യാഹുവും അദ്ദേഹത്തിന്റെ മന്ത്രിസഭയും ഒക്ടോബർ 27-ലെ തിരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ സർക്കാർ വരുന്നത് വരെ താൽക്കാലിക ഭരണവുമായി മുന്നോട്ട് പോകും.
മുന്നണി ഭരണം വരുമോ
ശരാശരി 2.4 വർഷത്തിനിടെ പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന ഇസ്രായേലിൽ, നെതന്യാഹു സർക്കാർ നാല് വർഷം പൂർത്തിയാക്കിയത് ചരിത്രപരമായ നേട്ടമാണെങ്കിലും വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് അദ്ദേഹത്തിന് കടുത്ത പരീക്ഷണമായിരിക്കും.
നിലവിലെ സർവേകൾ പ്രകാരം നെതന്യാഹുവിന്റെ സഖ്യത്തിന് ഭൂരിപക്ഷത്തിന് ആവശ്യമായ 61 സീറ്റുകൾ തികയ്ക്കാനാകില്ല (അവർക്ക് 51-52 സീറ്റുകൾ മാത്രമേ പ്രവചിക്കപ്പെടുന്നുള്ളൂ). പ്രതിപക്ഷ സഖ്യത്തിന് 68-69 സീറ്റുകൾ വരെ ലഭിക്കാൻ സാധ്യതയുണ്ടെങ്കിലും, ഭരണം പിടിക്കാൻ അവർക്ക് അറബ് പാർട്ടികളുടെ പിന്തുണ കൂടി വേണ്ടിവന്നേക്കാം. ഇത് തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യരൂപീകരണത്തെ കൂടുതൽ സങ്കീർണ്ണമാക്കും.











0 comments