ഡൽഹിയിൽ ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളുടെ കൊലപാതകം; മുൻ വീട്ടുജോലിക്കാരനെതിരെ 973 പേജുള്ള കുറ്റപത്രം

സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന ഐഐടി ബിരുദധാരിയായ പെൺകുട്ടിയെ, രാവിലെ 8 മണിയോടെ ജിമ്മിൽ നിന്ന് മടങ്ങിയെത്തിയ മാതാപിതാക്കളാണ് മരിച്ച നിലയിൽ കണ്ടെത്തിയത്| Photo Credit:India Today
ന്യൂഡൽഹി: മുതിർന്ന ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ മുൻ വീട്ടുജോലിക്കാരനായ രാഹുൽ മീണയ്‌ക്കെതിരെ ഡൽഹി പോലീസ് 973 പേജുള്ള കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു.
ഏപ്രിൽ 22-നാണ് ഐഐടി ബിരുദധാരിയായ 22-കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി കൊലപ്പെടുത്തിയത്. പെൺകുട്ടിയുടെ കുടുംബം ജിമ്മിൽ പോയ സമയത്താണ് പ്രതി രാഹുൽ മീണ വീട്ടിലെത്തിയത്.
വീടിന്റെ സ്പെയർ കീ ഉപയോഗിച്ചാണ് ഇയാൾ അകത്തുകടന്നത്. ഫെബ്രുവരിയിൽ സാമ്പത്തിക ക്രമക്കേടിനെത്തുടർന്ന് ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. തിരിച്ചെത്തിയ മാതാപിതാക്കളാണ് മകളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പണം ആവശ്യപ്പെട്ട് വീട്ടിലെത്തിയ പ്രതി, യുവതി എതിർത്തതിനെത്തുടർന്ന് മൊബൈൽ ചാർജിംഗ് കേബിൾ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് കുറ്റപത്രത്തിൽ പറയുന്നു.
കൊലപാതകത്തിന് മുൻപ് യുവതിയെ പീഡിപ്പിച്ചതായും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്. സംഭവസ്ഥലത്ത് നിന്ന് രണ്ട് ലക്ഷം മുതൽ രണ്ടര ലക്ഷം രൂപ വരെ ഇയാൾ മോഷ്ടിച്ചതായും, തുടർന്ന് വസ്ത്രം മാറി രക്ഷപ്പെട്ടതായും പോലീസ് കണ്ടെത്തി.
സംഭവസ്ഥലത്ത് നിന്ന് ലഭിച്ച വിരലടയാളങ്ങളും ഡിഎൻഎ പരിശോധനാഫലങ്ങളും പ്രതിയുടേതാണെന്ന് തെളിഞ്ഞിട്ടുണ്ട്. 82 സാക്ഷികളെ ഉൾപ്പെടുത്തിയാണ് പോലീസ് കുറ്റപത്രം തയ്യാറാക്കിയത്.
ഓൺലൈൻ ഗെയിമിംഗിലൂടെ ലക്ഷങ്ങൾ കടബാധ്യതയുള്ള പ്രതി, പണം തട്ടാനാണ് വീട്ടിലെത്തിയതെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ സംഭവദിവസം വൈകിട്ട് തന്നെ ദ്വാരകയിലെ ഹോട്ടലിൽ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു.











0 comments