തെലങ്കാനയിലെ സർക്കാർ ആശുപത്രിയിൽ അനാസ്ഥ; ചികിത്സ കിട്ടാതെ യുവതി പ്രസവിച്ചു, കുഞ്ഞിന് തലയ്ക്ക് പരിക്ക്

Photo Credit:India Today
ഹൈദരാബാദ്: തെലങ്കാനയിലെ സർക്കാർ മാതൃ-ശിശു ആരോഗ്യ കേന്ദ്രത്തിൽ ചികിത്സാ സഹായം വൈകിയതിനെ തുടർന്ന് യുവതിക്ക് ബെഡിന് സമീപം വെച്ച് പ്രസവം. കൊത്തഗുഡം സർക്കാർ മാതൃ-ശിശു ആരോഗ്യ കേന്ദ്രത്തിൽ ബുധനാഴ്ചയാണ് സംഭവം നടന്നത്. ആദ്യ പ്രസവത്തിനായി എത്തിയ ഭവാനി എന്ന യുവതിയാണ് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയ്‌ക്ക് ഇരയായത്.
കഠിനമായ പ്രസവവേദന അനുഭവപ്പെട്ടിട്ടും ഡോക്ടർമാരോ നഴ്‌സിംഗ് ജീവനക്കാരോ കൃത്യസമയത്ത് തിരിഞ്ഞുനോക്കിയില്ലെന്ന് യുവതിയുടെ കുടുംബാംഗങ്ങളും ദൃക്‌സാക്ഷികളും ആരോപിക്കുന്നു. വേദന അസഹ്യമായതോടെ യുവതി ബെഡിന് സമീപം നിൽക്കവെ പ്രസവിക്കുകയായിരുന്നു.
പ്രസവത്തിനിടെ കുഞ്ഞ് നിലത്തുവീഴുകയും തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തതായും ബന്ധുക്കൾ പറയുന്നു. പ്രസവശേഷം യുവതിക്ക് അമിതമായി രക്തസ്രാവം ഉണ്ടായെങ്കിലും നഴ്സുമാർ ഏറെ വൈകിയാണ് സ്ഥലത്തെത്തിയതെന്നും അവർ ആരോപിച്ചു. ഈ സംഭവം വാർഡിലുണ്ടായിരുന്ന മറ്റ് ഗർഭിണികൾക്കിടയിലും വലിയ പരിഭ്രാന്തി സൃഷ്ടിച്ചു.
സംഭവം അറിഞ്ഞതോടെ യുവതിയുടെ ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് പോലീസെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. ആശുപത്രി അധികൃതർ കൃത്യമായി നിരീക്ഷണം നടത്തിയില്ലെന്നും ഉത്തരവാദികളായ ജീവനക്കാർക്കെതിരെ നടപടിയെടുക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.
അതേസമയം, ചികിത്സാ പിഴവ് എന്ന ആരോപണം ആശുപത്രി അധികൃതർ പൂർണ്ണമായും നിഷേധിച്ചു. പ്രസവവേദന ആരംഭിച്ച കാര്യം യുവതി മെഡിക്കൽ സ്റ്റാഫിനെ അറിയിച്ചിരുന്നില്ലെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം. വിവരം ലഭിച്ചിരുന്നെങ്കിൽ ഉടൻ തന്നെ യുവതിയെ പ്രസവ വാർഡിലേക്ക് മാറ്റി അടിയന്തര സഹായം ലഭ്യമാക്കുമായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.
അമ്മയും കുഞ്ഞും നിലവിൽ ചികിത്സയിലാണെന്നും, കുഞ്ഞിന്റെ ആരോഗ്യനില കർശന നിരീക്ഷണത്തിലാണെന്നും അധികൃതർ അറിയിച്ചു. സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.











0 comments