ad
Deshabhimani

ലോകകപ്പ് ഫൈനൽ നിയന്ത്രിക്കാൻ സ്ലാവോ വിൻസിക്; വാർത്തയറിഞ്ഞ് വികാരാധീനനായി റഫറി

FIFA WC FINAL REFFERY

Photo Credit:FIFA

വെബ് ഡെസ്ക്

Published on Jul 17, 2026, 03:14 PM | 1 min read

ന്യൂയോർക്: 2026 ഫിഫ ലോകകപ്പ് ഫൈനൽ നിയന്ത്രിക്കാനുള്ള ഭാഗ്യവും ഉത്തരവാദിത്തവും സ്ലോവേനിയൻ റഫറി സ്ലാവോ വിൻസിക്കിന്. ന്യൂയോർക്കിൽ നടക്കുന്ന അർജന്റീന-സ്പെയിൻ കലാശപ്പോരാട്ടം നിയന്ത്രിക്കാൻ വിൻസിക്കിനെയാണ് ഫിഫ ഔദ്യോഗികമായി തിരഞ്ഞെടുത്തത്.


ടോമാസ് ക്ലാൻക്നിക്, ആൻഡ്രാസ് കൊവാസിക് എന്നിവർ അസിസ്റ്റന്റ് റഫറിമാരായും അദം മഖാദമെ ഫോർത്ത് ഒഫീഷ്യലായും മുഹമ്മദ് അൽഖലാഫ് റിസർവ് അസിസ്റ്റന്റ് റഫറിയായും വിൻസിക്കിനെ സഹായിക്കും.


തന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടം കൈവരിച്ച വിൻസിക്, പ്രഖ്യാപനത്തിന് പിന്നാലെ വികാരാധീനനായി പൊട്ടിക്കരഞ്ഞത് ലോകഫുട്ബോൾ ആരാധകർക്കിടയിൽ ചർച്ചയായിരുന്നു.


ഇതിന്റെ ദൃശ്യങ്ങൾ ഫിഫ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഫൈനൽ മത്സരം നിയന്ത്രിക്കാൻ വിൻസിക്കിനെ തിരഞ്ഞെടുത്ത വിവരം ഫിഫ റഫറി വിഭാഗം തലവൻ പിയർലൂയിജി കൊളിനയാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.


46 വയസ്സുകാരനായ വിൻസിക് ഇതിനകം മികച്ചൊരു കരിയർ റെക്കോർഡിന് ഉടമയാണ്. 2024-ലെ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ, 2022-ലെ യുവേഫ യൂറോപ്പ ലീഗ് ഫൈനൽ തുടങ്ങിയ നിരവധി സുപ്രധാന മത്സരങ്ങൾ അദ്ദേഹം നിയന്ത്രിച്ചിട്ടുണ്ട്. 2022 ഖത്തർ ലോകകപ്പിലൂടെയാണ് അദ്ദേഹം ലോകവേദിയിൽ ശ്രദ്ധേയനാകുന്നത്. നിലവിലെ ലോകകപ്പിൽ അദ്ദേഹത്തിന്റെ നാലാമത്തെ മത്സരമാണ് ഫൈനൽ.


അതേസമയം, അർജന്റീനയ്ക്ക് അത്ര സുഖകരമായ ഓർമ്മകളല്ല വിൻസിക്കിന്റെ നിയമനത്തിലുള്ളത്. 2022 ലോകകപ്പിൽ സൗദി അറേബ്യയോട് അർജന്റീന അപ്രതീക്ഷിതമായി തോറ്റ മത്സരം നിയന്ത്രിച്ചത് വിൻസിക്കായിരുന്നു.


ആ മത്സരത്തോടെ അർജന്റീനയുടെ 36 മത്സരങ്ങൾ നീണ്ട അപരാജിത കുതിപ്പിനും അന്ത്യമായിരുന്നു. ഫൈനലിൽ ഇത്തരം വിവാദങ്ങൾക്കിട നൽകുമോയെന്ന ആശങ്കയും ഫുട്ബോൾ ലോകത്ത് ഉയരുന്നുണ്ട്.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home