‘ഇന്ദിരാ കട്ട്’ കേരളത്തിൽ വേണ്ട; ഇരുണ്ടകാലത്തിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം

തിരുവനന്തപുരം: നീണ്ട 10 വർഷത്തെ ഇടവേളയ്ക്കുശേഷം കേരളത്തിൽ പവർകട്ട് ഏർപ്പെടുത്തിയ യുഡിഎഫ് സർക്കാരിന്റെ ജനദ്രോഹ നടപടിക്കെതിരെ യുവജന പ്രതിഷേധമിരമ്പി. കണ്ണൂർ കെഎസ്ഇബി ഓഫീസിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന സെക്രട്ടറി വി കെ സനോജ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ പവർക്കട്ടിന്റെ ദുരിതം കേരളത്തിലെ ജനങ്ങൾ അനുഭവിക്കുകയാണ്. ലോകകപ്പ് ഫുട്ബോൾ കാണാൻ ജനറേറ്റർ ഏൽപ്പിക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ പോയി. ഈ നിലയ്ക്ക് കാരണം, യുഡിഎഫിന്റെ പിടിപ്പുകേടുകൊണ്ടാണെന്നും സനോജ് പറഞ്ഞു. മാർച്ചിൽ ജില്ലാ പ്രസിഡന്റ് കെ അനുശ്രീ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സൽ, വൈസ് പ്രസിഡന്റ് എ പി അൻവീർ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി അഖിൽ, ജില്ലാ കമ്മിറ്റി അംഗം നിഖിൽ സി എന്നിവർ സംസാരിച്ചു.
യുഡിഎഫ് സർക്കാർ അധികാരമേറ്റശേഷം ആസൂത്രണത്തിൽ വൻ പാളിച്ച ഉണ്ടായതോടെയാണ് 10 വർഷത്തിനുശേഷം വ്യാപകമായ ലോഡ്‌ഷെഡ്‌ഡിങ് വേണ്ടിവന്നത്. പ്രതീക്ഷിച്ച മഴ ലഭിക്കാതെ താപനില ഉയർന്നതോടെ ഉപഭോഗം കുതിച്ചു. വായ്‌പ വാങ്ങിയ വൈദ്യുതി മടക്കി കൊടുക്കേണ്ട സമയവുമായിരുന്നു. പവർ എകസ്‌ചേഞ്ചുകളിൽ വൈദ്യുതി ലഭ്യതയും ഇല്ലാതായി. ഇൗ സാഹചര്യം മുൻകൂട്ടിക്കണ്ട് മുന്നൊരുക്കം നടത്തുന്നതിൽ പരാജയപ്പെട്ടതോടെയാണ് സംസ്ഥാനത്തെ സർക്കാർ ഇരുട്ടിലേക്ക് തളളിവിട്ടത്.











0 comments