സംസ്ഥാനത്ത് മുട്ടയ്ക്ക് പൊള്ളുന്ന വില; താറാവുമുട്ടയ്ക്ക് 15, കോഴിമുട്ടയ്ക്ക് 10

തിരുവനന്തപുരം: സാധാരണക്കാരന്റെ കുടുംബ ബജറ്റ് തെറ്റിച്ചുകൊണ്ട് സംസ്ഥാനത്ത് മുട്ടവില കുതിച്ചുയരുന്നു. ഒരു മാസത്തിനിടെ താറാവുമുട്ടയ്ക്ക് 2 രൂപയാണ് വർധിച്ചത്. 6 മാസം മുൻപ് വരെ 11 രൂപയുണ്ടായിരുന്ന താറാവുമുട്ടയ്ക്ക് ഇപ്പോൾ 15 രൂപയാണ് വിപണിയിലെ വില. താറാവുമുട്ടയ്ക്ക് മാത്രമല്ല, കോഴിമുട്ടയുടെ വിലയും റെക്കോർഡിലാണ്. നാടൻ കോഴിമുട്ടയുടെ വില 7 രൂപയിൽ നിന്നും 10 രൂപയായി ഉയർന്നു. തമിഴ്‌നാട്ടിൽ നിന്നും മറ്റും എത്തുന്ന സാധാരണ മുട്ടയ്ക്ക് പോലും ഇപ്പോൾ 9 രൂപയാണ് വില.
വില കൂടിയതിനൊപ്പം മുട്ടയുടെ തൂക്കം വൻതോതിൽ കുറഞ്ഞത് ഉപഭോക്താക്കളെ ഇരട്ടി ദുരിതത്തിലാക്കുകയാണ്. പാടശേഖരങ്ങളിൽ നിന്ന് യഥേഷ്ടം തീറ്റ ലഭിച്ചിരുന്നപ്പോൾ ഒരു താറാവുമുട്ടയ്ക്ക് 68 മുതൽ 70 ഗ്രാം വരെ തൂക്കമുണ്ടായിരുന്നു. എന്നാൽ തീറ്റക്ഷാമം രൂക്ഷമായതോടെ മുട്ടയുടെ തൂക്കം 48 മുതൽ 50 ഗ്രാം വരെയായി ചുരുങ്ങി.
മൂന്ന് തരം കോഴിമുട്ടയാണ് പ്രധാനമായും വിപണിയിലുള്ളത്. ബുള്ളറ്റ്, നോർമൽ, ഓവർസൈസ്. ഇതിൽ നോർമലാണ് പ്രധാനമായും കേരളത്തിൽ വിൽക്കുന്നത്. ഇതുതന്നെയാണ് കയറ്റുമതി ചെയ്യുന്നതും. ആദ്യത്തെ ആഴ്‌ചകളിൽ ഇടുന്ന വലുപ്പംകുറഞ്ഞ ‘ബുള്ളറ്റ്’ മുട്ടയാണ് വഴിയരികിൽ ചെറിയവിലയ്‌ക്ക് കിട്ടുന്നത്. ഇതിന് 25 മുതൽ 35 ഗ്രാമാണ് തൂക്കമുണ്ടാകുക. നോർമൽ കോഴി മുട്ടയ്‌ക്ക് 40 മുതൽ 55 ഗ്രാം ഉണ്ടാകും. ഓവർസൈസ് മുട്ട പെട്ടെന്ന് പൊട്ടാൻ സാധ്യത ഉള്ളതിനാലാണ് വ്യാപരികൾ അധികം വിൽപ്പന നടത്താത്തത്.
മുട്ടവില കൂടിയതോടെ ഹോട്ടലുകളിൽ ഓംലറ്റ് ഉൾപ്പെടെയുള്ള മുട്ട വിഭവങ്ങൾക്ക് വില കുത്തനെ കൂട്ടിയിരിക്കുകയാണ്. കോഴി-താറാവ് വളർത്തൽ മേഖല കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഉൽപ്പാദനച്ചെലവ് താങ്ങാൻ കഴിയാതെ വന്നതോടെ പലരും ഈ മേഖലയിൽ നിന്നും പിൻവാങ്ങുകയാണ്. ഇതാണ് വിപണിയിൽ മുട്ടയുടെ ലഭ്യത കുറയാൻ പ്രധാന കാരണം.











0 comments