ബെംഗളൂരു നഗരസഭാ തെരഞ്ഞെടുപ്പ് വീണ്ടും നീട്ടി; ഡിസംബർ വരെ സമയപരിധി

ന്യൂഡൽഹി: ബെംഗളൂരുവിലെ അഞ്ച് സിറ്റി കോർപ്പറേഷനുകളിലെ തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള സമയപരിധി സുപ്രീം കോടതി ഡിസംബർ വരെ നീട്ടിനൽകി. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയും കർണാടക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും സമർപ്പിച്ച പ്രത്യേക അപേക്ഷകൾ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ തീരുമാനം.
ആവർത്തിച്ചുള്ള നീട്ടിവെക്കലുകളിൽ നേരത്തെ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ കോടതി, 2026 ഓഗസ്റ്റ് 31-നകം തെരഞ്ഞെടുപ്പ് പൂർത്തിയാക്കണമെന്ന് കർശനമായ നിർദേശം നൽകിയിരുന്നു. എന്നാൽ, പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ പ്രക്രിയ ചൂണ്ടിക്കാട്ടിയാണ് അതോറിറ്റി വീണ്ടും കോടതിയെ സമീപിച്ചത്.അഞ്ച് സിറ്റി കോർപ്പറേഷനുകളിലായി വ്യാപിച്ചുകിടക്കുന്ന 369 വാർഡുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ്.
ബെംഗളൂരുവിലെ വോട്ടർപട്ടിക പുതുക്കൽ പ്രക്രിയ നേരിടുന്ന കടുത്ത മാനവവിഭവശേഷി ദൗർലഭ്യവും ഭരണപരമായ വെല്ലുവിളികളുമാണ് കാലാവധി നീട്ടാനായി പരിഗണിച്ചത്. സംസ്ഥാനത്തെ ആകെ വോട്ടർമാരുടെ ആറിലൊന്നോളം വരുന്ന 1.03 കോടി വോട്ടർമാരാണ് ബെംഗളൂരുവിൽ മാത്രമുള്ളത്. ഏകദേശം 40 ലക്ഷത്തോളം വീടുകളിലായി വ്യാപിച്ചുകിടക്കുന്നു.
നഗരസഭകളിലെയും ജിബിഎയിലെയും ഭൂരിഭാഗം ജീവനക്കാരെയും എസ്ഐആറിനായി നിയോഗിച്ചതിനാൽ ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുക അസാധ്യമാണെന്ന് അതോറിറ്റി കോടതിയെ ബോധിപ്പിച്ചു. പുതുക്കിയ അന്തിമ വോട്ടർപട്ടിക ഒക്ടോബർ 7-നാണ് പ്രസിദ്ധീകരിക്കുക.











0 comments