ad
Deshabhimani

തലതാഴ്ത്തി കിടക്കാൻ പറഞ്ഞത് അനുസരിച്ചില്ല; ലക്നൗവിൽ അഞ്ചു വയസ്സുകാരനെ മർദിച്ച് സഹപാഠി

Lucknow.jpg
വെബ് ഡെസ്ക്

Published on Jul 17, 2026, 02:07 PM | 1 min read

ലക്നൗ: ലക്നൗവിലെ എഎൽഎസ് അക്കാദമിയിൽ അഞ്ചു വയസ്സുകാരനായ നഴ്സറി വിദ്യാർത്ഥിയെ സഹപാഠിയായ ക്ലാസ് മോണിറ്റർ മർദിച്ചു. ക്ലാസ് മുറിയിൽ വെച്ച് എട്ടു മിനിറ്റോളം നീണ്ടുനിന്ന മർദനത്തിൽ കുട്ടിയുടെ മുഖത്ത് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പുറംലോകം അറിയുന്നത്.


ഏകദേശം 18 വിദ്യാർത്ഥികളുള്ള ക്ലാസ് മുറിയിൽ അധ്യാപിക പുറത്തേക്ക് പോയ സമയത്താണ് സംഭവം. കുട്ടികളോട് തലതാഴ്ത്തി കിടക്കാൻ നിർദ്ദേശിച്ച ശേഷം ക്ലാസ് മോണിറ്ററെ ചുമതലപ്പെടുത്തിയാണ് അധ്യാപിക പോയത്. അധ്യാപിക പുറത്തിറങ്ങിയ ഉടൻ തന്നെ ക്ലാസ് മോണിറ്റർ കുട്ടികളെ മർദിക്കാൻ തുടങ്ങി. തല ഉയർത്തിയ മറ്റ് കുട്ടികളെയും മോണിറ്റർ മർദിക്കുന്നുണ്ടായിരുന്നു.


ഒടുവിൽ അഞ്ചു വയസ്സുകാരനായ വിദ്യാർത്ഥിയെ ലക്ഷ്യമിട്ട് അടുത്തുചെന്ന മോണിറ്റർ കുട്ടിയെ തുടർച്ചയായി തല്ലുകയായിരുന്നു. കുട്ടി കരയുന്നത് കണ്ടിട്ടും മർദനം തുടർന്നു. കുട്ടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മോണിറ്റർ വഴി തടയുകയും വീണ്ടും മർദിക്കുകയും ചെയ്തു. മുറി പുറത്തുനിന്ന് പൂട്ടിയ ശേഷം കുട്ടിയെ വലിച്ചിഴച്ച് സീറ്റിലിരുത്തി ആക്രമണം തുടരുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.





പത്തു മിനിറ്റിന് ശേഷം അധ്യാപിക തിരിച്ചെത്തിയപ്പോഴാണ് ആക്രമണം അവസാനിച്ചത്. സ്കൂൾ വിട്ടു വീട്ടിലെത്തിയ കുട്ടിയുടെ മുഖത്തെ വീക്കവും മുറിവുകളും കണ്ട മാതാപിതാക്കൾ ഉടൻ തന്നെ സ്കൂളിലെത്തി അധികൃതരോട് പരാതിപ്പെടുകയായിരുന്നു.


സ്കൂൾ അധികൃതർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് ക്രൂരതയുടെ വ്യാപ്തി വ്യക്തമായത്. ഇതിനെത്തുടർന്ന്, മർദിച്ച കുട്ടിയെ സ്കൂളിൽ നിന്ന് പുറത്താക്കി. അധ്യാപികയുടെ അസാന്നിധ്യത്തിൽ ഇത്രയും സമയം നീണ്ട ആക്രമണം നടന്നിട്ടും അത് തടയാൻ കഴിഞ്ഞില്ല എന്നതിൽ വലിയ വിമർശനം ഉയരുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home