ഡൽഹിയിൽ മൂന്ന് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ശേഷം കൊലപ്പെടുത്തി ഓടയിൽ തള്ളി; പ്രതി അറസ്റ്റിൽ

Photo:NDTV
ന്യൂഡൽഹി : തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ കപഷേരയിൽ മൂന്ന് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ശേഷം കൊലപ്പെടുത്തി ഓടയിൽ തള്ളിയ കേസിൽ പ്രതി അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബല്ലിയ സ്വദേശിയായ ചന്ദൻ കുമാറിനെയാണ് പൊലീസ് പിടികൂടിയത്. പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ ഇയാൾ പൊലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഇയാളിൽ നിന്ന് നാടൻ തോക്കും വെടിയുണ്ടകളും കണ്ടെടുത്തു.
ജൂലൈ 10നാണ് കുട്ടിയെ കാണാതായത്. തുടർന്ന് കപഷേര പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ജൂലൈ 14നും 15നും ഇടയിലാണ് കുട്ടിയുടെ മൃതദേഹം കപഷേരയിലെ ഓടയിൽ നിന്ന് കണ്ടെത്തിയത്. തുടർന്ന് നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് കുട്ടിയുടേത് കൊലപാതകമാണെന്ന് തെളിഞ്ഞത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൊലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്തുകയും കുട്ടിയുടെ കുടുംബം താമസിച്ചിരുന്ന അതേ കെട്ടിടത്തിൽ തന്നെയാണ് പ്രതിയും താമസിച്ചിരുന്നതെന്ന് കണ്ടെത്തുകയും ചെയ്തു. ഇയാളുടെ നീക്കങ്ങളിൽ സംശയം തോന്നിയ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ക്രൂരമായ കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്.
തയ്യൽക്കാരനായ പ്രതി വിവാഹിതനും അഞ്ച് വയസ്സുള്ള ഒരു കുട്ടിയുടെ പിതാവുമാണ്. ഇയാളുടെ ഭാര്യയും കുട്ടിയും ജന്മനാടായ ബല്ലിയയിലാണ് താമസം. സംഭവ ദിവസം കുട്ടിയെ തട്ടിക്കൊണ്ടുപോയി വിജനമായ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കുട്ടി ബഹളം വെച്ചതോടെ പ്രതി കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയും തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹം ഓടയിൽ തള്ളുകയുമായിരുന്നു. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.











0 comments