ഇന്ത്യയുടെ റെയിൽവേ ചരിത്രത്തിൽ പുതിയൊരു അധ്യായം; ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസ് ആരംഭിച്ചു

Photo: X/@narendramodi
ന്യൂഡൽഹി: രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ഹരിയാനയിലെ ജിന്ദിൽ നിന്നും സോനിപത്തിലേക്ക് സർവീസ് ആരംഭിച്ചു. ഹൈഡ്രജൻ ട്രെയിൻ ഹരിയാനയിലെ ജിന്ദിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു.
പൂർണമായും തദ്ദേശീയ സാങ്കേതികവിദ്യയിൽ നിർമ്മിച്ച ഈ ഗ്രീൻ ട്രെയിൻ, പരിസ്ഥിതിക്ക് കോട്ടം വരുത്താതെയാണ് ട്രാക്കിലൂടെ കുതിക്കുന്നത്. 'മേക്ക് ഇൻ ഇന്ത്യ' പദ്ധതിയുടെ ഭാഗമായി തദ്ദേശീയമായാണ് ഇതിന്റെ രൂപകൽപ്പനയും നിർമ്മാണവും പൂർത്തിയാക്കിയിരിക്കുന്നത്. വരും വർഷങ്ങളിൽ ഷിംല-കൽക്ക പോലെയുള്ള റെയിൽവേ പാതകളിലേക്കും ഈ ഗ്രീൻ ട്രെയിനുകൾ വ്യാപിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.
സാധാരണ ഡീസൽ എഞ്ചിനുകളിൽ നിന്നും ഇലക്ട്രിക് ട്രെയിനുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഹൈഡ്രജൻ ട്രെയിനുകൾ. മുകളിൽക്കൂടി പോകുന്ന ഇലക്ട്രിക് ലൈനുകളിൽ നിന്നല്ല ഇവ ഊർജ്ജം കണ്ടെത്തുന്നത്. പകരം, ട്രെയിനിനുള്ളിൽ തന്നെ സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കുകയാണ് ചെയ്യുന്നത്.
ഹൈഡ്രജൻ വേഗത്തിൽ തീപിടിക്കുന്ന വാതകമായതിനാൽ അതീവ സുരക്ഷാ സംവിധാനങ്ങളാണ് ട്രെയിനിൽ ഒരുക്കിയിരിക്കുന്നത്. ചെറിയ രീതിയിലുള്ള ഹൈഡ്രജൻ ചോർച്ചയോ, അമിതമായ ചൂടോ, പുകയോ ഉണ്ടായാൽ മുന്നറിയിപ്പ് നൽകുന്ന മൾട്ടി-ലെയർ സെൻസറുകൾ ട്രെയിനിനുള്ളിലുണ്ട്.
എന്തെങ്കിലും അസ്വാഭാവികത കണ്ടെത്തിയാൽ നിമിഷങ്ങൾക്കകം ഹൈഡ്രജൻ സപ്ലൈ തനിയെ നിർത്തലാക്കുന്ന ഓട്ടോമേറ്റഡ് സംവിധാനവും ട്രെയിനിലുണ്ട്. ഹൈഡ്രജൻ വാതകം എവിടെയെങ്കിലും കെട്ടിക്കിടക്കാതെ വായുസഞ്ചാരം ഉറപ്പാക്കാനുള്ള വിപുലമായ വെന്റിലേഷൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
2 ഹൈഡ്രജൻ ഡ്രൈവിംഗ് പവർ കാറുകളും 8 പാസഞ്ചർ കോച്ചുകളും ഉൾപ്പെടെ 10 കോച്ചുകളാണ് ട്രയിനിലുള്ളത്. ഒരേസമയം 2,600 യാത്രക്കാരെ വഹിക്കാൻ ട്രെയിനിന് ശേഷിയുണ്ട്. പരമാവധി 75 കി.മീ വേഗതയിലാണ് സർവീസ് നടത്തുക. ഇന്ത്യയിലെ ഏറ്റവും വലിയ റെയിൽവേ ഹൈഡ്രജൻ സ്റ്റോറേജ്-റീഫ്യുവലിംഗ് കേന്ദ്രം ഹരിയാനയിലെ ജിന്ദിൽ സജ്ജമാക്കിയിട്ടുണ്ട്.











0 comments