പ്രായമായവരും രോഗികളുമായ തടവുകാരെ മോചിപ്പിക്കാൻ നയം രൂപീകരിക്കണം: സുപ്രീംകോടതി

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: പ്രായമേറിയവരും മാരകരോഗം ബാധിച്ചവരുമായ തടവുകാരുടെ നേരത്തെയുള്ള മോചനത്തിനായി പ്രത്യേക നയം രൂപീകരിക്കണമെന്ന് സുപ്രീംകോടതി എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണപ്രദേശങ്ങളോടും നിർദ്ദേശിച്ചു. മൂന്ന് മാസത്തിനുള്ളിൽ ഇതിനാവശ്യമായ സമഗ്രമായ നയം രൂപീകരിച്ച് വിജ്ഞാപനം ചെയ്യണമെന്നാണ് ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.
തടവുകാരുടെ മോചനത്തിനായി സമയബന്ധിതവും മാനുഷികവുമായ ഒരു സംവിധാനം അത്യന്താപേക്ഷിതമാണെന്ന് കോടതി നിരീക്ഷിച്ചു. നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതിയുടെ സുപ്രധാന ഉത്തരവ്. രാജ്യത്തെ ജയിലുകളിലെ തിരക്ക് കുറയ്ക്കാനും, മതിയായ ചികിത്സാ സൗകര്യങ്ങളില്ലാത്ത ജയിലുകളിൽ കഴിയുന്ന വയോധികരുടെയും രോഗികളുടെയും സാഹചര്യം പരിഹരിക്കാനും ഈ നടപടി സഹായിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റികളുമായി ഏകോപിപ്പിച്ച് വേണം ഓരോ സംസ്ഥാനവും നയം രൂപീകരിക്കാൻ. മോചനത്തിനായുള്ള അർഹത മാനദണ്ഡങ്ങളും നടപടിക്രമങ്ങളും ഇതിൽ വ്യക്തമാക്കണം. മാരകരോഗം ബാധിച്ചവരെയും ശാരീരികമായി അവശത അനുഭവിക്കുന്നവരെയും തിരിച്ചറിയാൻ സ്വതന്ത്ര മെഡിക്കൽ ബോർഡുകളെ നിയമിക്കണം.
തടവുകാരുടെ മോചന അപേക്ഷകൾ വേഗത്തിലും സുതാര്യമായും കൈകാര്യം ചെയ്യുന്നതിനായി കേന്ദ്രസർക്കാരിന്റെ സഹായത്തോടെ ഇ-പ്രിസൺസ് പോർട്ടൽ പ്രവർത്തനസജ്ജമാക്കണം. മോചനവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ നീതിപൂർവവും കാലതാമസമില്ലാത്തതുമായിരിക്കണം.
തീരുമാനങ്ങൾക്കെതിരെ ജുഡീഷ്യൽ അവലോകനത്തിനുള്ള അവസരവും ഉണ്ടായിരിക്കണം. തടവുകാരുടെ ആരോഗ്യവിവരങ്ങളുടെ സ്വകാര്യത കാത്തുസൂക്ഷിച്ചുകൊണ്ട് തന്നെ, അപേക്ഷകളുടെ നിലവിലെ അവസ്ഥ ട്രാക്ക് ചെയ്യാനും റിപ്പോർട്ടുകൾ തയ്യാറാക്കാനും ഈ ഇ-പോർട്ടൽ സഹായിക്കും. ആറു മാസത്തിനുള്ളിൽ നടപ്പാക്കിയ കാര്യങ്ങൾ സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാനും സംസ്ഥാനങ്ങളോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കേസ് 2027 ജനുവരി 19-ന് വീണ്ടും പരിഗണിക്കും











0 comments