വീണ്ടും വെടിനിർത്തൽ പ്രതീക്ഷ
ബന്ദികളെ വിട്ടയക്കാമെന്ന് ഹമാസ്, മൊറാഗ് ഇടനാഴി ഒഴിയാമെന്ന് ഇസ്രയേൽ

ഗാസ: വെടിനിര്‍ത്തൽ ചര്‍ച്ചകളുടെ ഭാഗമായി 10 ബന്ദികളെ വിട്ടയക്കാമെന്ന് ഹമാസ് അറിയിച്ചു. തങ്ങളുടെ സൈനിക നിയന്ത്രണത്തിലുള്ള മൊറാഗ് ഇടനാഴിയിൽ നിന്ന് ഭാഗികമായി പിൻവാങ്ങുന്നതിന്റെ രൂപരേഖ ചർച്ച ചെയ്യുന്നത് ഇസ്രായേലും അംഗീകരിച്ചു.
ഖത്തറിന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകൾക്കിടെ ബുധനാഴ്ച രാത്രിയാണ് ഹമാസ് സന്നദ്ധത പുറത്തു വിട്ടത്. റഫയ്ക്കും തെക്കൻ ഗാസയിലെ ഏറ്റവും വലിയ നഗരമായ ഖാൻ യൂനിസിനും ഇടയിലുള്ള മൊറാഗ് ഇടനാഴിയിൽ നിന്ന് ഭാഗികമായി പിൻവാങ്ങുന്നതിന്റെ രൂപരേഖയാണ് ഇസ്രായേലുമായുള്ള ചർച്ചകളിലുള്ളത്.
60 ദിവസത്തെ വെടിനിര്‍ത്തൽ ഉടമ്പടി ഈ ആഴ്ച തന്നെ ഉണ്ടാകുമെന്ന് നേരത്തെ അമേരിക്ക സൂചന നല്‍കിയിരുന്നു. ചൊവ്വാഴ്ച വൈറ്റ് ഹൗസിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ട്രംപ് കൂടിക്കാഴ്ച നടത്തി. സാധ്യമായ ഒരു കരാറിനെക്കുറിച്ചുള്ള ചർച്ചയിലാണ് എന്നു മാത്രമായിരുന്നു ഇതിന് പിന്നാലെയുള്ള പ്രതികരണം. മുമ്പത്തെ രണ്ട് വെടിനിർത്തൽ ചർച്ചകളും ഒടുവിൽ ഹ്രസ്വകാല വെടിനിർത്തലുകളിൽ മാത്രമേ കലാശിച്ചുള്ളൂ.
മൊറാഗ് ഇടനാഴി
റഫയ്ക്കും ഖാൻ യൂനിസിനും ഇടയിലുള്ള 12 കിലോമീറ്റർ റൂട്ടായ മൊറാഗ് ഇടനാഴി മൂന്ന് മാസം മുമ്പാണ് ഇസ്രായേൽ സൈന്യം പിടിച്ചെടുത്തത്. ഇത് തർക്കത്തിന്റെ കേന്ദ്രബിന്ദുവായി മാറി. ഇപ്പോൾ "രണ്ടാം ഫിലാഡൽഫി ഇടനാഴി" എന്നറിയപ്പെടുന്ന പ്രദേശമാണ്. ഗാസ മുനമ്പിനെ വിഭജിച്ച് ഹമാസിനെതിരെ സമ്മർദ്ദം ചെലുത്താനുള്ള ഇസ്രായേലിന്റെ തന്ത്രത്തിന് അത്യാവശ്യമെന്നാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഈ പ്രദേശത്തെ വിശേഷിപ്പിച്ചത്.
മടങ്ങിവരുന്ന സിവിലിയന്മാരെ സ്‌ക്രീൻ ചെയ്യുന്നതിനും ഒരു ബഫർ സോൺ നിലനിർത്തുന്നതിനുമായി ഇടനാഴിയുടെ സൈനിക നിയന്ത്രണം നിലനിർത്തുമെന്നാണ് ഇസ്രായേൽ സർക്കാർ ആവർത്തിച്ചത്.

മൊറാഗിലെ ഇസ്രായേൽ സേനയുടെ സാന്നിധ്യം ജീവകാരുണ്യ സഹായ സംഘടനകൾക്കുള്ള പ്രവേശനം പരിമിതപ്പെടുത്തുന്നതാണ്. ഇത് അന്താരാഷ്ട്ര എൻജിഒകൾ വഴിയുള്ള സഹായം തടയാൻ ഇസ്രയേലിന് പ്രയോജനപ്പെടുന്നു എന്നും വിമർശനമുണ്ടായി.
ഹമാസ് പറയുന്നത്
ഗാസയിലേക്ക് സഹായം തടസ്സമില്ലാതെ എത്തുക, ഇസ്രയേല്‍ സൈന്യം പ്രദേശത്ത് നിന്ന് പിന്മാറുക, ദീര്‍ഘകാല സമാധാനത്തിനുള്ള 'യഥാര്‍ത്ഥ ഉറപ്പുകള്‍' തുടങ്ങിയവയാണ് നിലവിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് പ്രധാനമായും തടസ്സമായി നില്‍ക്കുന്നതെന്നാണ് ഹമാസ് വ്യക്തമാക്കി.
'അധിനിവേശ ശക്തിയുടെ പിടിവാശി കാരണം ഈ വിഷയങ്ങളിലെ ചര്‍ച്ചകൾ ബുദ്ധിമുട്ടേറിയതാണെങ്കിലും, ഞങ്ങളുടെ ജനങ്ങളുടെ കഷ്ടപ്പാടുകള്‍ക്ക് അറുതി വരുത്തുന്നതിനും അവരുടെ സ്വാതന്ത്ര്യം, സുരക്ഷ, മാന്യമായ ജീവിതം എന്നീ അഭിലാഷങ്ങള്‍ ഉറപ്പാക്കുന്നതിനും, തടസ്സങ്ങള്‍ മറികടക്കാന്‍ ഞങ്ങൾ മധ്യസ്ഥരുമായി ഗൗരവമായും തുറന്ന മനസ്സോടെയും ചര്‍ച്ചകൾ നടത്തുന്നത് തുടരുകയാണ്' എന്നാണ് ഹമാസ് പ്രതികരിച്ചത്.

നിരീക്ഷണങ്ങൾ
എങ്കിലും, നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളിൽ യഥാർത്ഥ വഴിത്തിരിവ് ഉണ്ടായിട്ടില്ലെന്നാണ് ഫലസ്തീൻ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ മുഹമ്മദ് അൽ-ഹിന്ദി ഖത്തറിന്റെ അൽ-അറബി ടിവിയോട് പറഞ്ഞത്. യുഎസ് പിന്തുണയുള്ള 60 ദിവസത്തെ വെടിനിർത്തൽ നിർദ്ദേശത്തെക്കുറിച്ചുള്ള പരോക്ഷ ചർച്ചകൾക്കായി ഞായറാഴ്ച മുതൽ ചർച്ചാ സംഘങ്ങൾ ദോഹയിലാണ്. 10 ജീവനോടെയുള്ള ബന്ദികളെ മോചിപ്പിക്കുന്നതും മറ്റ് കാര്യങ്ങളും കരാറിൽ ഉൾപ്പെടും. ഗാസയിൽ ഇപ്പോഴും 50 ഓളം ബന്ദികൾ ഉണ്ടെന്നും 20 ഓളം പേർ ജീവിച്ചിരിപ്പുണ്ടെന്നും ഇസ്രായേൽ കണക്കാക്കുന്നു.
2023 ഒക്ടോബർ 7 ന് ഹമാസിന്റെ നേതൃത്വത്തിൽ നടന്ന ആക്രമണത്തിൽ ഏകദേശം 1,200 പേർ കൊല്ലപ്പെടുകയും 250 പേരെ ബന്ദികളാക്കുകയും ചെയ്തതിരുന്നു. ഇസ്രായേൽ ആക്രമണത്തിൽ ഗാസയിലെ അധികാരികളുടെ കണക്കനുസരിച്ച് കുറഞ്ഞത് 57,680 പേർ കൊല്ലപ്പെട്ടിട്ടുണ്ട്.
"ഹമാസിന്റെ അടിസ്ഥാന ആവശ്യം അതിജീവിക്കുക, അതായത് ഇസ്രായേൽ യുദ്ധം പൂർണ്ണമായും അവസാനിപ്പിക്കുകയും സ്ഥിരമായ ഒരു വെടിനിർത്തലിന് സമ്മതിക്കുകയും വേണം. എന്നിരുന്നാലും, ഇസ്രായേലിന് രണ്ട് ലക്ഷ്യങ്ങളുണ്ട്, ആദ്യം എല്ലാ ബന്ദികളെയും രക്ഷിക്കുക; രണ്ടാമതായി, ഹമാസിനെ പൂർണ്ണമായും ഇല്ലാതാക്കുക, അതായത് സ്ഥിരമായ ഒരു വെടിനിർത്തൽ പ്രതീക്ഷിക്കാമോ," എന്നാണ് നിങ്‌സിയ സർവകലാശാലയിലെ ചൈന-അറബ് സ്റ്റേറ്റ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസർ നിയു സിൻചുൻ ഇത് സംബന്ധിച്ച് പ്രതികരിച്ചത്.









0 comments