ad
Deshabhimani

പശ്ചിമേഷ്യയിൽ സമാധാന പ്രതീക്ഷ; ഇസ്രയേൽ - ലെബനൻ പ്രാഥമിക കരാറിൽ ഒപ്പുവച്ചു

Israel - Lebanon

മാർക്കോ റൂബിയോയുടെ സാന്നിധ്യത്തിൽ, യുഎസിലെ ഇസ്രയേൽ അംബാസഡർ യെഹിയേൽ ലൈറ്റർ, യുഎസിലെ ലെബനൻ അംബാസഡർ നാദ ഹമദ എന്നിവർ കരാറിൽ ഒപ്പുവെക്കുന്നു. (Image Courtesy : REUTERS/Ken Cedeno)

വെബ് ഡെസ്ക്

Published on Jun 27, 2026, 03:33 PM | 2 min read

വാഷിംഗ്ടൺ : ദിവസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ താൽക്കാലിക സമാധാനത്തിന് വഴിയൊരുക്കി ഇസ്രയേലും ലെബനനും കരാറിലൊപ്പുവെച്ചു. ഹിസ്ബുള്ളയുമായുള്ള പോരാട്ടം അവസാനിപ്പിക്കുന്നത് ലക്ഷ്യമിട്ട് വാഷിംഗ്ടണിൽ നടന്ന ഉന്നതതല ചർച്ചകൾക്കൊടുവിലാണ് ഇരുരാജ്യങ്ങളും വെള്ളിയാഴ്ച കരാർ അംഗീകരിച്ചത്. സമാധാന ശ്രമങ്ങളുടെ പ്രാരംഭ ഘട്ടം മാത്രമാണിതെന്ന് ഇരുപക്ഷവും പ്രതികരിച്ചു.


വാഷിംഗ്ടണിലെ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിൽ വെച്ചു നടന്ന ചർച്ചകൾക്ക് പിന്നാലെ ലെബനീസ് അംബാസഡർ നാദ മൊവാദും ഇസ്രയേൽ അംബാസഡർ യെഹിയേൽ ലൈറ്ററും അമേരിക്കയുമായി ചേർന്ന് ത്രികക്ഷി രേഖയിൽ ഒപ്പുവെച്ചു.


ഹിസ്ബുള്ള ആയുധം വെച്ചു കീഴടങ്ങിയില്ലെങ്കിൽ ഇസ്രയേൽ സൈന്യത്തിന് തെക്കൻ ലെബനനിൽ അധിനിവേശം തുടരാൻ ഈ കരാർ അനുമതി നൽകുന്നുണ്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വ്യക്തമാക്കി. യുദ്ധസമയത്ത് ഇസ്രയേൽ സൈന്യം പിടിച്ചെടുത്ത പ്രദേശങ്ങളിൽ നിന്ന് അവർ പിന്മാറുന്ന രണ്ട് 'പൈലറ്റ് സോണുകളിൽ' തുടങ്ങി പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ലെബനൻ സൈന്യത്തിന് ഈ കരാർ അനുവാദം നൽകും.


ലെബനന്റെ പരമാധികാരം പുനഃസ്ഥാപിക്കുന്നതിനുള്ള പാതയിലെ ആദ്യ പടി എന്നാണ് ലെബനീസ് പ്രതിനിധി മൊവാദ് കരാറിനെ വിശേഷിപ്പിച്ചത്. എന്നാൽ ഈ കരാറിലൂടെ ലെബനൻ ജനതക്ക് തങ്ങളുടെ ഭൂമിയിലേക്ക് മടങ്ങിവരാനും മറ്റൊരു പങ്കാളിയുമില്ലാതെ പരമാധികാരം സ്ഥാപിക്കാനും സാധിക്കണമെന്ന് ലെബനൻ പ്രസിഡന്റ് ജോസഫ് ഔൺ പറഞ്ഞു.


അമേരിക്കയുടെ നേതൃത്വത്തിൽ ത്രികക്ഷി മിലിട്ടറി കോർഡിനേഷൻ ഗ്രൂപ്പ് രൂപീകരിച്ച് കരാർ നടപ്പാക്കും. അടിയന്തര മാനുഷിക സഹായമായി 10 കോടി ഡോളറും ലെബനീസ് സൈന്യത്തിന്റെ ശേഷി വർധിപ്പിക്കുന്നതിനായി 3 കോടിയിലധികം ഡോളറും അമേരിക്ക നൽകുമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു.


അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെ ആക്രമിച്ചതിന് പിന്നാലെ മാർച്ച് രണ്ടിനാണ് ഹിസ്ബുള്ള ഇസ്രയേലിന് നേരെ ആക്രമണം തുടങ്ങിയതും സംഘർഷം കടുക്കുകയും ചെയ്തത്. തുടർന്നുണ്ടായ യുദ്ധത്തിൽ ലെബനനിൽ നാലായിരത്തിലധികം പേർ കൊല്ലപ്പെടുകയും പത്തുലക്ഷത്തിലധികം പേർ ഭവനരഹിതരാകുകയും ചെയ്തു. ഇസ്രയേൽ ഭാഗത്ത് 32 സൈനികരും നാല് സാധാരണക്കാരും കൊല്ലപ്പെട്ടു. അയ്യായിരത്തോളം ഹിസ്ബുള്ള പോരാളികൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.


കരാർ ഒപ്പുവെച്ചതിന് ശേഷവും മേഖലയിൽ അക്രമങ്ങൾ തുടരുകയാണ്. ഇസ്രയേൽ സൈന്യം തെക്കൻ ലെബനൻ നഗരമായ മൻസൂരിയിൽ നിന്ന് ഒഴിഞ്ഞുപോകാൻ താമസക്കാരോട് ആവശ്യപ്പെട്ട് ലഘുലേഖകൾ വിതരണം ചെയ്തു. എന്നാൽ ഇത് സുരക്ഷാ മേഖലയെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ മാത്രമാണെന്നാണ് ഇസ്രയേൽ വക്താവ് പറയുന്നത്.


അതേസമയം യുഎസ് പിന്തുണയോടെയുള്ള ഈ കരാർ നടപ്പാക്കാൻ ലെബനൻ അധികാരികൾക്ക് കഴിയില്ല. അതിനാൽ ഔദ്യോഗിക കാര്യങ്ങൾ നടപ്പിലാക്കാൻ അധികാരികളെ അനുവദിക്കാതെ തങ്ങൾ ആയുധങ്ങൾ കൂടുതൽ ശക്തമായി കൈവശം വെക്കുമെന്ന് ഹിസ്ബുള്ള ജനപ്രതിനിധി ഹസ്സൻ ഫദ്ലല്ല മുന്നറിയിപ്പ് നൽകി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home