ഇറാന്റെ ഏഴ് മുതിർന്ന ഉദ്യോഗസ്ഥരെ വധിച്ചെന്ന് ഇസ്രയേൽ; തിരിച്ചടിക്കുമെന്ന് റവല്യൂഷണറി ഗാർഡ്

തെഹ്റാൻ: ഇസ്രയേലും യുഎസും സംയുക്തമായി നടത്തുന്ന ആക്രമണത്തിൽ ഇറാന്റെ മുതിർന്ന ഏഴ് ഉദ്യോഗസ്ഥരെ വധിച്ചെന്ന് ഇസ്രയേൽ സൈന്യം. അലി ഷംഖാനി, മുഹമ്മദ് പാക്പൂർ, സാലിഹ് അസാദി, മുഹമ്മദ് ഷിറാസി, അസീസ് നസീർസാദെ, ഹൊസൈൻ ജബൽ അമെലിയൻ, റെസ മൊസാഫരിനിയ എന്നിവർ കൊല്ലപ്പെട്ടെന്ന് ഇസ്രായേൽ പ്രതിരോധ സേന എക്സിൽ കുറിച്ചു. പടിഞ്ഞാറൻ, മധ്യ ഇറാനിലായി മുപ്പതിലധികം ആക്രമണം നടത്തിയതായും ഇസ്രായേൽ സൈന്യം അറിയിച്ചു.
സംയുക്ത ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയി കൊല്ലപ്പെട്ടെന്ന് ഇറാൻ മാധ്യമങ്ങൾ ഞായറാഴ്ച രാവിലെ സ്ഥിരീകരിച്ചിരുന്നു. ശനിയാഴ്ച പുലർച്ചെയാണ് കൊല്ലപ്പെട്ടതെന്ന് ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഖമനേയിയുടെ കൊലപാതകത്തെ തുടർന്ന് സർക്കാർ 40 ദിവസത്തെ പൊതു ദുഃഖാചരണം പ്രഖ്യാപിച്ചതായും ഫാർസ് റിപ്പോർട്ട് ചെയ്തു. ഏഴ് ദിവസത്തെ പൊതു അവധിയും പ്രഖ്യാപിച്ചു. എന്നാൽ അദ്ദേഹത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിശദാംശങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല.
ഖമനേയിയുടെ മരണത്തിന് പിന്നാലെ തിരിച്ചടിക്ക് ഒരുങ്ങുന്നതായി അർധസൈനിക വിഭാഗമായ റവല്യൂഷണറി ഗാർഡ് അറിയിച്ചു. ഇറാന്റെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ പോരാട്ടത്തിന് തങ്ങൾ തയാറെടുക്കുന്നുവെന്നാണ് റവല്യൂഷണറി ഗാർഡ് അറിയിച്ചത്.










0 comments