പലസ്തീൻ കടന്നാക്രമണം
ഇസ്രായേൽ നടത്തുന്നത് 'വംശീയ ഉന്മൂലനം'; ഐക്യരാഷ്ട്രസഭ

പ്രതീകാത്മക ചിത്രം
ബെർലിൻ : ഇസ്രയേൽ നടത്തുന്ന അനധികൃത കുടിയേറ്റ ശ്രമങ്ങളെ തുടർന്ന് കഴിഞ്ഞ ഒരു വർഷത്തിനിടെ വെസ്റ്റ് ബാങ്കിൽ നിന്ന് 36000ത്തിലധികം പലസ്തീനികൾ നിർബന്ധിതമായി കുടിയിറക്കപ്പെട്ടതായി റിപോർട്ട്. ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക മനുഷ്യാവകാശ ഏജൻസിയാണ് ഈ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ടത്.
2025 ഒക്ടോബർ 31 വരെയുള്ള 12 മാസത്തെ വിവരങ്ങൾ ഉൾപ്പെടുത്തിയാണ് റിപോർട്ട് തയ്യാറാക്കിയത്. കിഴക്കൻ ജറുസലേം ഉൾപ്പെടെയുള്ള വെസ്റ്റ് ബാങ്കിന്റെ വലിയൊരു ഭാഗം ഇസ്രയേൽ തങ്ങളുടെ രാജ്യത്തോട് കൂട്ടിച്ചേർക്കുന്ന നടപടികൾ വേഗത്തിലാക്കിയതായും ഐക്യരാഷ്ട്രസഭ വ്യക്തമാക്കി.
ഐക്യരാഷ്ട്രസഭയുടെ പ്രാദേശിക ഓഫിസുകൾ, സർക്കാർ സ്രോതസുകൾ, സന്നദ്ധ സംഘടനകൾ എന്നിവർ നടത്തിയ നിരീക്ഷണങ്ങളെയും വിവരശേഖരണത്തെയും അടിസ്ഥാനമാക്കിയാണ് ഈ റിപോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
ജനീവയിലെ ഇസ്രായേൽ മിഷൻ ഈ റിപോർട്ടിന് മറുപടി നൽകാനുള്ള തയ്യാറെടുപ്പിലാണ്. അതേസമയം ഇസ്രായേലിന്റെ നടപടികളെ വിമർശിക്കുന്ന മുൻ റിപോർട്ടുകളെ തള്ളിക്കളഞ്ഞ മിഷൻ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഏജൻസിക്ക് വിശ്വാസ്യത നഷ്ടപ്പെട്ടതായി കഴിഞ്ഞ മാസവും ആരോപിച്ചിരുന്നു.
ഇസ്രയേലിനൊപ്പം നിലനിൽക്കുന്ന ഒരു സ്വതന്ത്ര പലസ്തീൻ രാഷ്ട്രം എന്ന ആശയത്തിന്റെ പ്രധാന ഉത്ഭവകേന്ദ്രമാണ് 27 ലക്ഷം പലസ്തീനികൾ താമസിക്കുന്ന വെസ്റ്റ് ബാങ്ക്. ഇസ്രയേൽ അവിടെ കുടിയേറ്റ കേന്ദ്രങ്ങൾ വ്യാപിപ്പിക്കുകയും പലസ്തീൻ ഭൂമിയെ കീറിമുറിക്കുകയും ചെയ്തു. നിലവിൽ അഞ്ച് ലക്ഷത്തിലധികം ഇസ്രയേലി കുടിയേറ്റക്കാരാണ് വെസ്റ്റ് ബാങ്കിൽ താമസിക്കുന്നത്. ഈ കുടിയേറ്റങ്ങൾ നിയമവിരുദ്ധമാണെന്ന വാദത്തെ ഇസ്രയേൽ അംഗീകരിക്കുന്നില്ല. മാത്രമല്ല ഇസ്രയേൽ വിശ്വാസപരവും ചരിത്രപരവുമായ ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന പ്രദേശമാണ് വെസ്റ്റ് ബാങ്ക്.
2023 ഒക്ടോബറിൽ ഗാസ യുദ്ധം ആരംഭിച്ചതിന് ശേഷം വെസ്റ്റ് ബാങ്കിലെ പലസ്തീനികൾക്കെതിരായ ഇസ്രയേലിന്റെ കുടിയേറ്റ അതിക്രമങ്ങൾ വർധിച്ചു. ഈ അക്രമങ്ങളെല്ലാം ഏകോപനത്തോടെയും തന്ത്രപരമായുമാണ് നടക്കുന്നത്. പലപ്പോഴും ഇസ്രയേൽ അധികൃതർ ഇതിന് ഒത്താശ ചെയ്യുന്നുണ്ട്. ചില സന്ദർഭങ്ങളിൽ നേരിട്ട് പങ്കെടുത്തുവെന്നും റിപോർട്ട് കുറ്റപ്പെടുത്തുന്നു.
ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും കൂട്ടായ കുടിയിറക്കലുകൾ പരിശോധിക്കുമ്പോൾ ഇസ്രയേൽ നടത്തുന്നത് ആസൂത്രിതമായ വംശീയ ഉന്മൂലനമാണെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.









0 comments