ad
Deshabhimani

സുരക്ഷാ തടങ്കലിൽ നിന്ന് മോചനം; ഫ്ലോട്ടില പ്രവർത്തകരെ നാടുകടത്താൻ ഇസ്രയേൽ

Flotilla Workers

സെയ്ഫ് അബു കെഷെക്, തിയാഗോ എവില | Photo Credit: Facebook/ Global Sumud Flotilla

വെബ് ഡെസ്ക്

Published on May 09, 2026, 07:29 PM | 1 min read

ടെൽ അവീവ് : ഗാസയിലേക്ക് അവശ്യസാധനങ്ങളുമായി പോയ ഫ്ലോട്ടില സംഘത്തിൽ നിന്ന് ഇസ്രയേൽ സൈന്യം അറസ്റ്റ് ചെയ്ത രണ്ട് സജീവ പ്രവർത്തകരെ നാടുകടത്തും. ശനിയാഴ്ച സുരക്ഷാ തടങ്കലിൽ നിന്ന് മോചിതരായതിന് പിന്നാലെയാണ് ഇവരെ നാടുകടത്താനുള്ള നടപടികൾ ആരംഭിച്ചതെന്ന് ഇവരുടെ അഭിഭാഷകർ അറിയിച്ചു. വരും ദിവസങ്ങളിൽ തന്നെ ഇവരെ സ്വന്തം രാജ്യങ്ങളിലേക്ക് അയക്കുമെന്നാണ് റിപ്പോർട്ട്.


സ്പെയിൻ സ്വദേശിയായ സെയ്ഫ് അബു കെഷെക്, ബ്രസീൽ സ്വദേശിയായ തിയാഗോ എവില എന്നിവരെയാണ് ഇസ്രയേൽ അധികൃതർ നാടുകടത്തുന്നത്. ഏപ്രിൽ 29നാണ് ഇവരെ കസ്റ്റഡിയിലെടുത്ത് ഇസ്രയേലിലേക്ക് എത്തിച്ചത്.


കഴിഞ്ഞ മാസമാണ് ഗാസയിലെ ജനങ്ങൾക്ക് സഹായമെത്തിക്കാനുള്ള ശ്രമത്തിനിടെ ഇവരെ ഇസ്രയേൽ സൈന്യം തടയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത്. രാജ്യാന്തര തലത്തിൽ വലിയ പ്രതിഷേധങ്ങൾ ഉയർന്നിട്ടും ഇവരെ സുരക്ഷാ കാരണങ്ങൾ പറഞ്ഞ് തടങ്കലിൽ വെച്ചിരിക്കുകയായിരുന്നു. സാമൂഹ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെ നാടുകടത്താനുള്ള ഇസ്രയേൽ നീക്കത്തിനെതിരെ മനുഷ്യാവകാശ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.


ഗാസയിലെ ഉപരോധം ലംഘിച്ച് അവിടെ സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഏപ്രിൽ 12ന് സ്പെയിനിൽ നിന്ന് പുറപ്പെട്ട രണ്ടാമത്തെ ഫ്ലോട്ടില സംഘത്തിന്റെ ഭാഗമായിരുന്നു ഇവർ. അബു കെഷെക് ഒരു ഭീകര സംഘടനയുമായി ബന്ധം പുലർത്തുന്നുവെന്നും എവില നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്നുമാണ് ഇസ്രയേൽ വിദേശകാര്യ മന്ത്രാലയത്തിന്റെ ആരോപണം. എന്നാൽ ഇരുവരും ഈ ആരോപണങ്ങൾ നിഷേധിച്ചു.


അബു കേഷെക്കിന്റെയും എവിലയുടെയും തടങ്കൽ നിയമവിരുദ്ധമാണെന്ന് സ്പെയിൻ - ബ്രസീൽ സർക്കാരുകൾ പ്രസ്താവിച്ചുവെങ്കിലും ഇസ്രയേലിലെ അഷ്‌കെലോൺ മജിസ്‌ട്രേറ്റ് കോടതി മെയ് 10 വരെ ഇവരെ റിമാൻഡ് ചെയ്തിരുന്നു.


അബു കെഷെക്കിനെയും എവിലയെയും ശനിയാഴ്ച തടങ്കലിൽ നിന്ന് മോചിപ്പിക്കുമെന്നും നാടുകടത്തുന്നത് വരെ ഇമിഗ്രേഷൻ അധികൃതരുടെ കസ്റ്റഡിയിലേക്ക് കൈമാറുമെന്നും അവരെ അറിയിച്ചിട്ടുണ്ടെന്ന് നിയമപരമായ പ്രതിരോധത്തിന് സഹായം നൽകുകയും തടങ്കൽ നിയമവിരുദ്ധമാണെന്ന് പറയുകയും ചെയ്ത മനുഷ്യാവകാശ സംഘടനയായ 'അദാല' വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home