ad
Deshabhimani

ഗാസ സഹായ ബോട്ടുകൾ പിടിച്ചെടുത്ത് ഇസ്രയേല്‍ ; ലോകമാകെ രോഷം

israel deport global sumud flotilla
വെബ് ഡെസ്ക്

Published on Oct 04, 2025, 03:55 AM | 1 min read


ബാഴ്‌സലോണ

ഗാസയിലേക്ക് മരുന്നും അവശ്യവസ്‌തുക്കളായി പോയ ഗ്ലോബൽ സുമുദ്‌ ഫ്ലോട്ടില ഗാസ ഐക്യദാർഢ്യ ബോട്ടുകൾ തടഞ്ഞ ഇസ്രയേൽ നടപടിക്കെതിരെ യൂറോപ്പിൽ വൻ പ്രതിഷേധം. സ്‌പാനിഷ്‌ തലസ്ഥാനമായ ബാഴ്‌സലോണയിലും ഇറ്റലി തലസ്ഥാനമായ റോമിലും ഗതാഗതം തടസ്സപ്പെട്ടു. ബാഴ്‌സലോണയിൽ പ്രതിഷേധക്കാർ ഇസ്രയേൽ വിരുദ്ധ മുദ്രാവാക്യംവിളിച്ചാണ്‌ തെരുവിലിറങ്ങിയത്‌. കോഫി ശൃംഖലയായ സ്റ്റാർബക്സ്, ഹാംബർഗർ ഫ്രാഞ്ചൈസി ബർഗർ കിങ്‌, സൂപ്പർമാർക്കറ്റ് ശൃംഖലയായ കാരിഫോർ തുടങ്ങിയവയ്ക്കെതിരെയും പ്രതിഷേധമുയര്‍ന്നു. ഇ‍ൗ സ്ഥാപനങ്ങളുടെ ചുവരുകളിലും ജനാലകളിലും പ്രതിഷേധക്കാർ ഇസ്രയേൽ വിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതി.


ഇറ്റലിയിലും വലിയ പ്രതിഷേധമുണ്ടായി. മിലാനിലെ സ്റ്റാറ്റേൽ, റോമിലെ ലാ സപിയൻസ എന്നിവയുൾപ്പെടെയുള്ള സർവകലാശാലകകളിൽ വിദ്യാർഥികൾ പ്രതിഷേധിച്ചു. ബൊളോണയിലെ സർവകലാശാല പ്രവേശനകവാടത്തിൽ ടയറുകൾ കൂട്ടിയിട്ട്‌ തീവച്ച്‌ വഴി തടഞ്ഞു. ടൂറിൻ നഗരത്തിലെ റിങ്‌ റോഡ്‌ തടസപ്പെടുത്തി. റോമിൽ ഡോക്ടർമാർ, നഴ്‌സുമാർ, ഫാർമസിസ്റ്റുകൾ തുടങ്ങിയവർ ഇസ്രയേൽ നടപടിയിൽ പ്രതിഷേധിച്ച്‌ ഫ്ലാഷ് മോബ്‌ സംഘടിപ്പിച്ചു. ഗാസയിൽ കൊല്ലപ്പെട്ട 1,677 ആരോഗ്യ പ്രവർത്തകരുടെ പേരുകൾ വായിച്ച്‌ പ്രതിഷേധമറിയിച്ചു. ഇറ്റാലിയൻ യൂണിയനുകൾ പൊതു പണിമുടക്കിനും ആഹ്വാനം ചെയ്തിട്ടുണ്ട്.


യൂറോപ്പിലെ ഡബ്ലിൻ, പാരീസ്, ബെർലിൻ, ജനീവ എന്നിവിടങ്ങളിലും ആയിരക്കണക്കിന് പ്രതിഷേധക്കാർ തെരുവിലിറങ്ങി. ബ്യൂണസ് അയേഴ്‌സ്, മെക്സിക്കോ സിറ്റി, കറാച്ചി എന്നിവിടങ്ങളിലും റാലികൾ നടന്നു. ഇസ്താംബൂളിൽ, ഇസ്രയേൽ എംബസിക്ക് പുറത്ത് പ്രതിഷേധക്കാർ ഇസ്രയേൽ വിരുദ്ധ പ്ലകാർഡുകൾ ഉയർത്തി.


കഴിഞ്ഞദിവസമാണ്‌ ഗാസയിലേക്ക് പോയ ഗ്ലോബൽ സുമുദ്‌ ഫ്ലോട്ടില ഗാസ ഐക്യദാർഢ്യ ബോട്ടുകൾ ഇസ്രയേൽ പിടിച്ചെടുത്തത്‌. സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗ്, നെൽസൺ മണ്ടേലയുടെ കൊച്ചുമകൻ മാണ്ട് ലാ മണ്ടേല, ബ്രസീലിയൻ കാലാവസ്ഥാ പ്രവർത്തകൻ തിയാഗോ ആവില, പലസ്‌തീനിയൻ–-ഫ്രഞ്ച് രാഷ്‌ട്രീയപ്രവർത്തക റിമാ ഹാസൻ ഉൾപ്പെടെ 443 മനുഷ്യാവകാശ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. ഗാസ തീരത്തുനിന്ന്‌ 70 നോട്ടിക്കൽ മൈൽ അകലെ അന്താരാഷ്‌ട്ര കപ്പൽച്ചാലിൽവച്ചാണ്‌ ബോട്ടുകൾ പിടിച്ചെടുത്തത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home