കരാർ ലംഘിച്ച് ഇസ്രയേൽ, പലസ്തീൻകാരെ മോചിപ്പിച്ചില്ല

ടെൽ അവീവ്: ഗാസയിലെ വംശഹത്യയ്‌ക്ക് താൽക്കാലിക വിരമമിട്ട വെടിനിർത്തൽ കരാർ അട്ടിമറിച്ച് പലസ്തീൻ തടവുകാരെ മോചിപ്പിക്കാൻ വിസമ്മതിച്ച് ഇസ്രയേൽ.
ഹമാസ് ശനിയാഴ്ച ആറ് ബന്ദികളെക്കൂടി കൈമാറി. ഇതിനുപകരമായി 620 പലസ്തീൻകാരെ ജയിലിൽനിന്ന് മോചിപ്പിക്കുമെന്ന നിലപാടിൽനിന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു അവസാന നിമിഷം പിന്മാറിയത്.
‘അടുത്ത ഘട്ടം ബന്ദികളെ കൈമാറുമെന്ന ഉറപ്പ് ലഭിക്കുംവരെ തടവുകാരെ മോചിപ്പിക്കുന്നത് നിർത്തിവച്ചിരിക്കുന്നു’ എന്നാണ് നെതന്യാഹുവിന്റെ ഓഫീസിൽനിന്നുള്ള അറിയിപ്പ്.
ഹമാസ് ആറ് ബന്ദികളെ റെഡ് ക്രോസ് വഴി ഇസ്രയേലിൽ എത്തിച്ചു. പകരം മോചിപ്പിക്കപ്പെടേണ്ട പലസ്തീൻ തടവുകാരുമായി ജയിൽ വളപ്പിന് പുറത്തെത്തിയ വാഹനങ്ങൾ നാടകീയമായി തിരികെപ്പോവുകയായിരുന്നു. തുടർന്നാണ് നെതന്യാഹുവിന്റെ അറിയിപ്പ് വന്നത്.
ജനക്കൂട്ടത്തെ സാക്ഷിയാക്കിയാണ് മുഖാവരണം അണിഞ്ഞ ഹമാസുകാർ ബന്ദികളെ റെഡ് ക്രോസിന് കൈമാറിയത്. പകരം തടവുകാരെ വിട്ടയക്കാതെ ഇസ്രയേൽ വെടിനിർത്തൽ കരാർ ന്ഗനമായി ലംഘിച്ചിരിക്കുകയാണെന്ന് ഹമാസ് പ്രതികരിച്ചു.
ആദ്യഘട്ട വെടിനിർത്തൽ അവസാനിക്കാൻ ഒരാഴ്ച മാത്രം ബാക്കിനിൽക്കെ, പ്രകോപന നടപടികൾ തുടർന്ന് ഗാസയെ സംഘർഷഭരിതമായി നിലനിർത്താനാണ് ഇസ്രയേലിന്റെ ശ്രമമെന്നും ആരോപണമുണ്ട്. അതിനിടെ, ബന്ദിയായിരിക്കെ കൊല്ലപ്പെട്ട ശിരി ബബസിന്റെ യഥാർഥ മൃതദേഹവും ഹമാസ് കൈമാറിയതായാണ് റിപ്പോർട്ടുകൾ.









0 comments